സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഒരു പോസ്റ്റര്‍ വിവാദമായിരിക്കുന്നു. പ്രതിഷേധവുമായി ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളും രംഗത്തുണ്ട്. വിഷാദ രോഗം അതിജീവിക്കാനുള്ള പത്ത് വഴികളെ കുറിച്ചാണ് പോസ്റ്റര്‍ പറയുന്നത്. എന്നാല്‍ വിഷാദ രോഗത്തിന് പരിഹാരം കാണുന്നതില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും ടോക്ക് തെറാപ്പിക്കുമുള്ള പങ്കിനെ ആരോഗ്യ മന്ത്രാലയം ഇതില്‍ അവഗണിക്കുന്നതായാണ് ആരോപണം. ചിന്തിക്കാനുള്ള കഴിവിനേയും വിവരങ്ങള്‍ മനസിലാക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവിനേയും വിഷാദ രോഗം അല്ലെങ്കില്‍ ഡിപ്രഷന്‍ കാരണമാകുന്നു.
തലച്ചോറിലെ കെമിക്കല്‍ ഇംബാലന്‍സും ചില പ്രത്യേക ന്യൂറോട്രാന്‍സ്മിറ്ററുകളും ഡിപ്രഷന് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്ക് പ്രകാരം ഇന്ത്യയില്‍ 56 മില്യണ്‍ (5.6 കോടി) പേര്‍ വിഷാദ രോഗികളാണ്. ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് ഡയഗണോസിസ് ചെയ്യാനും കൗണ്‍സിലിംഗ് നടത്താനും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നില്ല. പകരം അതിനെ ഒരു പെരുമാറ്റ പ്രശ്‌നമായാണ് കാണുന്നത് – ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റി ഓണററി ജനറല്‍ സെക്രട്ടറി ഡോ.വിനയ് കുമാര്‍ പറയുന്നു. പ്രമേഹമുള്ള ഒരാളോട് മരുന്ന കഴിക്കണ്ട, നടന്നാല്‍ മതി എന്ന് പറയുന്നത് പോലെയാണിതെന്ന് വിനയ് കുമാര്‍ അഭിപ്രായപ്പെട്ടു. വളരെയധികം ദോഷമുണ്ടാക്കുന്ന ഈ പോസ്റ്റര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന് കത്തയയ്ക്കാനൊരുങ്ങുകയാണ് വിനയ് കുമാറും സഹപ്രവര്‍ത്തകരും. ഡിപ്രഷനെ അതിജീവിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന വഴികള്‍ ഇവയാണ് – യാത്ര, പോസിറ്റീവ് തിങ്കിംഗ്, യോഗ, വൃത്തിയായി ജീവിക്കുക, എട്ട് മണിക്കൂര്‍ ഉറങ്ങുക, പഴവര്‍ഗങ്ങള്‍ കഴിക്കുക, നടക്കുക, വൈറ്റമിന്‍സ് കഴിക്കുക, സമയനിഷ്ഠയും ചിട്ടയും ഉറപ്പുവരുത്തുക, ക്രിയേറ്റീവ് ആവുക എന്നിവയാണ്.
#Depression is a state of low mood that affects a person's thought, behaviour, feeling & sense of well-being. One must take up activities that keep him or her boosted in order to cope with depression. #SwasthaBharat #MentalHealth #LetsTalk pic.twitter.com/UJR3X7GwL2
— Ministry of Health (@MoHFW_INDIA) June 26, 2018
വിഷാദ രോഗിയായ ഒരാളെ സംബന്ധിച്ച് രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കുമെന്ന് വിശാഖപട്ടണത്തെ കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ.എന്‍എന്‍ രാജു പറയുന്നു. മെഡിക്കല്‍ അറ്റെന്‍ഷനാണ് ഇതിനാവശ്യം തലച്ചോറിലെ കെമിക്കല്‍ ഇംബാലന്‍സുകള്‍ മരുന്നുകളിലൂടെ പരിഹരിക്കാനാകും – ഡോ.രാജു പറഞ്ഞു. ഡിപ്രഷന്റെ കാരണങ്ങളെക്കുറിച്ച് മനസിലാക്കാത്തതാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തില്‍ പോസ്റ്റര്‍ ഇറക്കാന്‍ കാരണം. ഡിപ്രഷനുള്ള ഒരാളോട് പോസിറ്റീവായി ചിന്തിക്കണം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. പല മാനസിക രോഗങ്ങള്‍ക്കും ഒരുപക്ഷേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായകമായേക്കും. എന്നാല്‍ ഡിപ്രഷനെ നേരിടാന്‍ ഇത് സഹായിക്കില്ല – കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്കയച്ച കത്തില്‍ ഡോ. ഹരീഷ് ഷെട്ടി ചൂണ്ടിക്കാട്ടി.