April 28, 2025 |
Share on

ഒഡിഷ സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മത്സ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തും

കുട്ടികളുടെ ആഹാരത്തില്‍ പോഷകാംശം വര്‍ദ്ധിപ്പിക്കണമെന്ന ഒഡീഷ ഭക്ഷ്യ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മത്സ്യ വിഭവങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചന നവീന്‍ പട്‌നായിക് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മത്സ്യ വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒഡീഷ സര്‍ക്കാര്‍ നീക്കം. കേരളത്തിലും നടപ്പിലാക്കാവുന്ന ഒരു പദ്ധതിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ ആഹാരത്തില്‍ പോഷകാംശം വര്‍ദ്ധിപ്പിക്കണമെന്ന ഒഡീഷ ഭക്ഷ്യ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മത്സ്യ വിഭവങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചന നവീന്‍ പട്‌നായിക് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്. സ്‌കൂളുകളിലും അംഗനവാടികളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പോഷകാംശം വര്‍ദ്ധിപ്പിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

സൂക്ഷ്മ, സ്ഥൂല ധാരാളമായി അടങ്ങിയ മത്സ്യ വിഭവങ്ങളാണ് ഇതിന് ഉത്തമമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഇത് വളരെ ഗുണകരമാവുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് 5.10 ലക്ഷം കുട്ടികള്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നത്. ചോറ്, പരിപ്പ്, മുട്ട, സോയാബീന്‍ കറി, ഡാല്‍മ എന്നിവയാണ് നിലവിലുള്ള വിഭവങ്ങള്‍.

ഇതുകൂടാതെ മത്സ്യ വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അ്ത് നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ടെലിഗ്രാഫിനോട് പറഞ്ഞു. ഒറ്റയടിക്ക് എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും പരീക്ഷണാര്‍ത്ഥം കുറച്ച് സ്‌കൂളുകളില്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അംഗനവാടി തലത്തില്‍ ബിസ്‌കറ്റ് വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

അംഗനവാടികളിലെ കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക പോഷക സമ്പുഷ്ട ഭക്ഷണം വിതരണം ചെയ്യുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സോയാബീന്‍ കൂടാതെ റാഗി, ചോളം എന്നിവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കൗമാരക്കാര്‍ക്കും ഹീമോഗ്ലോബിന്‍ ടെസ്റ്റുകള്‍ നടത്തും. പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷമാണെന്ന് കണ്ടെത്തിയ കാണ്ഡമാല്‍, കളഹന്ദി, ഗജപതി ജില്ലകളിലായിരിക്കും പരീക്ഷണാര്‍ത്ഥം പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×