2030 ആകുമ്പോഴേക്കും 98 മില്യൺ ഇന്ത്യക്കാർ പ്രമേഹരോഗികളാകാൻ ഇടയുണ്ട് എന്നാണ് പഠനങ്ങൾ കണ്ടെത്തുന്നത്. പ്രമേഹമുള്ളവരാണെങ്കിൽ ഭക്ഷണ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സമീകൃതാഹാരം എന്നൊക്കെ വിചാരിച്ച് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്തിയേക്കാം. ധാരാളം ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശ്രദ്ധിച്ച് ഭക്ഷണം കഴിച്ച് മാത്രമേ പ്രമേഹത്തെ പ്രതിരോധിക്കാനാകൂ. പ്രമേഹത്തെ കൃത്യമായി പ്രതിരോധിക്കാനുള്ള അഞ്ച് സൂപ്പർ ഭക്ഷണപദാർത്ഥങ്ങൾ ഇതാ.
കിഴങ്ങു വർഗത്തിൽ പെട്ട ഭക്ഷണങ്ങൾ പൊതുവെ പ്രമേഹ രോഗികൾക്ക് നിർദ്ദേശിക്കാറില്ലെങ്കിലും, പിങ്ക് നിറത്തിലുള്ള മധുരകിഴങ്ങുകൾ പ്രമേഹ രോഗികൾക്ക് അത്യുത്തമമാണ്. കിഴങ്ങു വർഗങ്ങളിൽ അന്നജം കൂടുതലുള്ളതിനാലാണ് പ്രമേഹ രോഗികളോട് ഉരുളക്കിഴങ്ങും മറ്റും അധികം കഴിക്കരുതെന്ന് നിർദ്ദേശിക്കാറുള്ളത്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കെൽപ്പുള്ള നല്ല അന്നജം എന്നറിയപ്പെടുത്ത പ്രത്യേകതരം അന്നജമാണ് മധുരക്കിഴങ്ങിലുള്ളത്. മാത്രവുമല്ല, ഇതിന്റെ ഗ്ലൈകമിക് ഇൻഡക്സ് 55 ൽ താഴെയുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതിനനുസരിച്ച് അന്നജത്തിന് നൽകുന്ന റാങ്കാണ് ഗ്ലൈകമിക് ഇൻഡക്സ്. മധുരക്കിഴങ്ങിൽ ഇത് താരതമ്യേനെ കുറവാണ്.
ധാരാളം ഫൈബർ അടങ്ങിയ, ഗ്ലൈകമിക് ഇൻഡക്സ് തീരെ കുറവായ ഒരു സൂപ്പർ ഭക്ഷണമാണ് സ്പിനാച്ച്. മാത്രമല്ല, കഴിച്ച് ദീർഘ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും, വിശപ്പകറ്റുകയും ചെയ്യുന്ന സ്പിനാച്ചിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സഹായിക്കാനുമാകുന്നു.
നിങ്ങളുടെ ജൂസുകളിലും ഷേക്കുകളിലും രുചിക്കും ആരോഗ്യത്തിനുമായി ഉൾപ്പെടുത്താവുന്ന ഒരു ആരോഗ്യദായകമായ ഭക്ഷണപദാര്ഥമാണ് ചിയ വിത്ത്. ധാരാളം ഫൈബറും സിങ്കും കാൽഷ്യവും മഗ്നീഷ്യവും അടങ്ങിയ ഈ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ വലിയൊരളവോളം സഹായകരമാണ്.
പാവയ്ക്ക
പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടാനിടയില്ലെങ്കിലും ഏറ്റവും ആരോഗ്യദായകമായ പച്ചക്കറിയാണ് പാവയ്ക്ക എന്ന വസ്തുത ആർക്കും കാണാതിരിക്കാനാകില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രവർത്തനത്തെ ത്വരിതപ്പെടുത്താനും പാവയ്ക്കയോളം പ്രയോജനം ചെയുന്ന മറ്റൊരു പച്ചക്കറിയില്ല.
പഞ്ചസാര നിയന്ത്രിക്കുന്നതിൽ സിട്രസ് ഫലങ്ങൾ പണ്ടേ പേരുകേട്ടതാണ്. ഓറഞ്ചുകളിൽ ധാരാളമായി ഫൈബർ കാണപ്പെടുന്നതുകൊണ്ടുതന്നെ കഴിച്ച് ഒരുപാട് നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നുകയും രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ തോത് സാവധാനമാകുകയും ചെയ്യും. ജ്യൂസ് ആയി കുടിക്കുന്നതിലും ഓറഞ്ച് മൊത്തമായി തന്നെ കഴിക്കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ നിർദ്ദേശിക്കുന്നത്.