ബാംഗ്ലൂര്‍ സ്വദേശിനി സ്വയംപ്രഭയുടെ ശരീരത്തില്‍ ക്യാന്‍സര്‍ ജീന്‍ കണ്ടെത്തിയിട്ട് 8 വര്‍ഷം. അടുത്ത തലമുറയ്ക്ക് ജന്മം നല്‍കുമ്പോള്‍ ഈ കോശങ്ങള്‍ കുട്ടികളുടെ ശരീരത്തിലെത്താന്‍ പാടില്ലെന്ന് അന്നുറപ്പിച്ചതാണ്. ജൂലൈ 20-ന് സൗത്ത് മുംബൈ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ വിജയിച്ചത്, സ്വയംപ്രഭയുടെ ആ നിശ്ചയദാര്‍ഢ്യം ആണ്. അമ്മയില്‍ നിന്നും ഓങ്കോജീന്‍ മക്കളില്‍ എത്തിയിട്ടില്ല! ഇന്ത്യയില്‍ തന്നെ ചരിത്രം സൃഷ്ടിച്ച പിറവി.
‘അമ്മ ക്യാന്‍സര്‍ രോഗിയായിരുന്നു. അമ്മയുടെ സഹോദരിമാര്‍ മരിച്ചത് ക്യാന്‍സര്‍ രോഗം വന്നായിരുന്നു. എന്റെ ഉള്ളിലും ഈ രോഗത്തിന്റെ സാന്നിധ്യം ഉള്ളതായി മനസ്സിലായിരുന്നു. BRCA1 എന്ന സ്ഥാനാര്‍ബുദത്തിന്റെ സാന്നിധ്യം ആണത്. ഇനി ഒരു തലമുറയിലേക്ക് ഇത് കൈമാറാന്‍ പാടില്ലെന്ന തീരുമാനം അങ്ങനെയാണ് എടുത്തത്. ‘
അഞ്ചുവര്‍ഷങ്ങള്‍ മുന്‍പാണ് നടി എയ്ഞ്ചലീന ജോളിയില്‍ BRCA1, BRCA2 ജീനുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സ്തനങ്ങളും അണ്ഡാശയങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. സ്ത്രീകളില്‍ സ്തന-അണ്ഡാശയ ക്യാന്‍സറുകള്‍ക്കും പുരുഷന്മാരില്‍ പാന്‍ക്രിയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാന്‌സറുകള്‍ക്കും കാരണമാകുന്ന ജീനുകളാണ് BRCA1, BRCA2. 37കാരിയായ സ്വയംപ്രഭയുടെ വിഷയത്തില്‍ IVF സ്‌പെഷ്യലിസ്‌റ് ഫിറൂസ പരീഖ് (Firuza Parikh)ഉം സംഘവുമാണ് വിജയത്തിന് പിന്നില്‍. BRCA1 സാന്നിധ്യം കടക്കാത്ത ഭ്രൂണങ്ങള്‍ മാത്രം പരിശോധനകള്‍ക്ക് ശേഷം വേര്‍തിരിച്ചു. 6 ഭ്രൂണങ്ങള്‍ ഇത്തരത്തില്‍ വേര്‍തിരിക്കാനായത്. ലോകത്തിലാകെ 150 കേസുകളാണ് ഇത്തരത്തില്‍ നടന്നത്. ഇന്ത്യയില്‍ ആദ്യമായും.
ബാംഗ്ലൂരില്‍ ഐടി പ്രൊഫഷണല്‍ ആയ ദേബാശിഷ് പാണിഗ്രഹി(Debashis Panigrahi) ആണ് സ്വയംപ്രഭയുടെ ഭര്‍ത്താവ്. 2010ലായിരുന്നു വിവാഹം. ഇവരുടെ വിവാഹശേഷം കുറച്ചുമാസങ്ങള്‍ കഴിഞ്ഞാണ് സ്വയംപ്രഭയുടെ അമ്മയ്ക്ക് അണ്ഡാശയ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അമ്മ,അമ്മയുടെ സഹോദരങ്ങള്‍,ചില ബന്ധുക്കള്‍ എന്നിവര്‍ക്ക് ക്യാന്‍സര്‍ കണ്ടെത്തിയതിനാല്‍ ഡോക്ടറുടെ ഉപദേശപ്രകാരം ആയിരുന്നു സ്വയംപ്രഭ ജനറ്റിക് ടെസ്റ്റ് ചെയ്തത്. BRCA1 ജീനിന്റെ സാന്നിധ്യം മാത്രമാണ് ശരീരത്തില്‍ എന്നതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാകാന്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശം നല്‍കി.
ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി പിറക്കുന്ന കുഞ്ഞിന്റെ ആരോഗ്യം ഉറപ്പുവരുത്തണം എന്നതായിരുന്നു അവരുടെ സ്വപ്നം. അങ്ങനെയാണ് ഇത്തരം നിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് സ്വയംപ്രഭ എത്തിച്ചേര്‍ന്നത്. 2016ല്‍ Dr.പരീഖിനെ കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹം നല്‍കിയ ആദ്യത്തെ ഉപദേശം,ശസ്ത്രക്രിയ ചെയ്യരുത് എന്നതായിരുന്നു.
ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ISAR) മുന്‍ പ്രസിഡന്റ് ഡോ. മനീഷ് ബാങ്കെര്‍(Manish Banker) ആയിരുന്നു ഡോ. പരീഖിന്റെ ഉപദേഷ്ടാവ്. ഒരു ഭ്രൂണത്തിന് 15,000-20,000 രൂപ ചെലവ് വരുന്നതായിരുന്നു 5 വര്‍ഷം മുന്‍പ് ഈ ചികിത്സ. IVF ട്രീറ്റ്മെന്റുകള്‍ക്ക് വിധേയരാകുന്നവരില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ധിക്കുന്നതാണ് ഗുണം.
താലസ്സീമിയ(thalassemia) രോഗികളായ ദമ്പതികള്‍ക്ക് ജനിതക തകരാറില്ലാത്ത കുട്ടികള്‍ ഉണ്ടായതും ഡോ. പരീഖിന്റെ ചികിത്സയിലൂടെ ആയിരുന്നു. ജനിതക തകരാര്‍ എന്ന വലിയ പ്രശ്‌നവുമായി 8 മില്യണ്‍ കുട്ടികളാണ് ഓരോ വര്‍ഷവും ലോകത്ത് പിറവിയെടുക്കുന്നത്. ഏതെങ്കിലും ഒരു ജീനിന്റെ തകരാര്‍ മാത്രമായിരിക്കാം ഇതിന് കാരണം.