ഇറാന്റെ പക്കല്‍ എന്നെങ്കിലും ഒരു ആണവായുധം എത്തിപ്പെട്ടാല്‍ അത് ഭാവിയിലെ ആക്രമണങ്ങള്‍ക്കെതിരെയുള്ള വലിയൊരു പ്രതിരോധമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇസ്രയേലും ഇറാാനെതിരെ യുദ്ധം ആരംഭിച്ചത്. എന്നാല്‍, ആണവായുധത്തേക്കാള്‍ വലിയൊരു പ്രതിരോധ കവചം ഇറാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണെന്ന് നിലവിലെ യുദ്ധസാഹചര്യങ്ങള്‍ തെളിയിക്കുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ ആധിപത്യം ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കിന് മേല്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചത് ഇന്ധനവില വര്‍ദ്ധനവിനും മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായി. ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധപദ്ധതികളെപ്പോലും മാറ്റിമറിച്ചു. അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ നേതൃനിരയ്ക്കും വലിയ കപ്പലുകള്‍ക്കും മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, കടലിടുക്കിന് മേലുള്ള അവരുടെ നിയന്ത്രണത്തെ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. ഭാവിയില്‍ ഏതൊരു സംഘര്‍ഷമുണ്ടായാലും കടലിടുക്ക് അടയ്ക്കുക എന്നതായിരിക്കും ഇറാന്റെ ആദ്യ തന്ത്രമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ‘നിങ്ങള്‍ക്ക് ഭൂമിശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ല’ എന്നാണ് ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഡാനി സിട്രിനോവിച്ച് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
കടലിടുക്ക് സ്വതന്ത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ജലപാത അടച്ചിട്ടിരിക്കുകയാണെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കുന്നത്. കടലിടുക്കില്‍ മൈനുകള്‍ വിതറുന്നതിനേക്കാള്‍ കൃത്യതയുള്ള ആക്രമണ ഡ്രോണുകളും ഹ്രസ്വദൂര മിസൈലുകളുമാണ് ഇപ്പോള്‍ ഇറാന്റെ പ്രധാന ആയുധം. യുദ്ധം ആഴ്ചകള്‍ പിന്നിട്ടിട്ടും ഇറാന്റെ പക്കല്‍ ഏകദേശം 40 ശതമാനം ഡ്രോണുകളും 60 ശതമാനത്തോളം മിസൈല്‍ ലോഞ്ചറുകളും ബാക്കിയുണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് കണക്കാക്കുന്നത്. കപ്പല്‍ ഗതാഗതത്തെ ബന്ദിയാക്കാന്‍ ഇത് ധാരാളമാണ്.
റഷ്യന്‍ മുന്‍ പ്രസിഡന്റ് ഡിമിട്രി മെദ്വദേവ് ഇറാന്റെ ഈ കരുത്തിനെ വിശേഷിപ്പിച്ചത് ‘ഇറാന്റെ ആണവായുധം ഹോര്‍മുസ് കടലിടുക്കാണ്’ എന്നാണ്. ഈ സാഹചര്യത്തില്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ അമേരിക്ക സ്വന്തം നിലയില്‍ ഒരു നാവിക ഉപരോധം പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ചരക്ക് കപ്പലുകളെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തിരിച്ചുവിടാന്‍ അമേരിക്കന്‍ നാവികസേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതിനെ പരിഹാസത്തോടെയാണ് ഇറാന്‍ നേരിടുന്നത്. ‘ഹോര്‍മുസ് കടലിടുക്ക് ഒരു സോഷ്യല്‍ മീഡിയ അല്ല, ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ തിരിച്ച് ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല’ എന്നാണ് ഇറാനിയന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ ഇതിനോട് പ്രതികരിച്ചത്.
അമേരിക്കന്‍ ഉപരോധം ഇറാന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക ഉല്‍പാദനത്തിന്റെ 90 ശതമാനവും സമുദ്രവ്യാപാരത്തെ ആശ്രയിച്ചായതിനാല്‍, പ്രതിദിനം ഏകദേശം 340 ദശലക്ഷം ഡോളറിന്റെ നഷ്ടം അവര്‍ക്കുണ്ടാകുന്നുണ്ട്. ഉപരോധം ഒരു യുദ്ധപ്രഖ്യാപനമായി കാണുന്ന ഇറാന്‍ ഇതിനെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും, നിലവിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇരുപക്ഷവും കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടില്ല.
1980-കളില്‍ ഇറാഖുമായുള്ള യുദ്ധകാലത്തും ഇറാന്‍ കടലിടുക്ക് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ മിസൈല്‍-ഡ്രോണ്‍ സാങ്കേതികവിദ്യ ഇറാനെ കൂടുതല്‍ ശക്തരാക്കിയിരിക്കുന്നു. കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയപ്പോള്‍ കടലിടുക്ക് തടയാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അന്ന് പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി സ്വീകരിച്ച മിതവാദി നിലപാടാണ് അതിന് കാരണമായതെന്ന് പറയപ്പെടുന്നു. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഖൊമേനി കൊല്ലപ്പെട്ടതോടെ, അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം കേവലം അണുവായുധ കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും അത് ‘ഭരണകൂട മാറ്റം’ ലക്ഷ്യമിട്ടുള്ളതാണെന്നും ഇറാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ കടലിടുക്കിന് മേലുള്ള കടുത്ത നിയന്ത്രണത്തിലൂടെ ശത്രുക്കളെ പ്രതിരോധിക്കാനാണ് ഇറാന്റെ ഇപ്പോഴത്തെ ശ്രമം.
Content Summary: Iran’s Real Power: Strategic Geography and Control Over the Strait of Hormuz
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.