June 26, 2026 |
Share on

റഷ്യയെ ലക്ഷ്യമാക്കി ആണവായുധ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് ട്രംപ്‌

റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് മെദ്‌വദേവ് നിലവിൽ

മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ ഭീഷണികൾക്ക് മറുപടിയായി, റഷ്യയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ രണ്ട് ആണവ അന്തർവാഹിനികൾ സ്ഥാപിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഒഫീഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം അറിയിക്കുന്നത്. റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് മെദ്‌വദേവ്. റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയും അടുത്തിടെ നൽകിയ അന്ത്യശാസനവും യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ് ആണെന്ന് മെദ്‌വദേവ് നേരത്തെ പറഞ്ഞിരുന്നു.

മെദ്‌വദേവിന്റെ പ്രകോപനപരമായപ്രസ്താവനകൾ മൂലം ഉചിതമായ പ്രദേശങ്ങളിൽ രണ്ട് ആണവ അന്തർവാഹിനികൾ സ്ഥാപിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെ പറഞ്ഞു. വാക്കുകൾ വളരെ പ്രധാനമാണ്. അവ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് അന്തർവാഹിനി വിന്യസിപ്പിക്കാൻ ഉത്തരവിട്ടതെന്ന് മാധ്യമപ്രവർത്തകർ പിന്നീട് ചോദിച്ചപ്പോൾ റഷ്യയുടെ ഒരു മുൻ പ്രസിഡന്റ് ഒരു ഭീഷണി മുഴക്കിയതായും അതുമൂലം ഞങ്ങൾ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ പോവുകയാണെന്നും ട്രംപ് ഉത്തരം നൽകി. റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയെ തുടർന്നാണ് മെദ്‌വദേവുംമായുള്ള സംഘർഷം ആരംഭിക്കുന്നത്.

ട്രംപ് യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയ അതേ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ, മെദ്‌വദേവിനെയും റഷ്യയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടും എഴുതിയിരുന്നു. താൻ ഇപ്പോഴും പ്രസിഡന്റാണെന്ന് കരുതുന്ന, പരാജയപ്പെട്ട മുൻ റഷ്യൻ പ്രസിഡന്റ് മെദ്‌വദേവിനോട് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ പറയൂ.

റഷ്യയുടെ പ്രവർത്തനങ്ങൾ വെറുപ്പുളവാക്കുന്നതാണെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും എന്നാൽ അത് പുടിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയുടെ വ്യാപാര പങ്കാളികളായ ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ ഭീഷണി ലോകവ്യാപകമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വെടിനിർത്തൽ ശ്രമങ്ങൾ പരാജയപ്പെട്ടതിലുള്ള നിരാശയെത്തുടർന്ന് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ പുടിന് നൽകിയ 50 ദിവസത്തെ സമയപരിധി ട്രംപ് 10 – 12 ദിവസമായി കുറയ്ക്കുകയും ചെയ്തു. റഷ്യ ഈ നിർദേശം പാലിച്ചില്ലെങ്കിൽ ഉപരോധങ്ങളും സാമ്പത്തിക പിഴകളും ചുമത്താൻ താൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു.

content summary: Trump deploys nuclear submarines in response to a threatening tweet from former Russian president

Leave a Reply

Your email address will not be published. Required fields are marked *

×