നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവായ മണിയെ കുറിച്ച് ജേണലിസ്റ്റും ഡിജിറ്റല്‍ മീഡിയ സ്ട്രാറ്റജിസ്റ്റുമായ വരുണ്‍ രമേശ് സോഷ്യല്‍ മീഡിയ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കാടിന്റെ ഭീതിയും രാത്രിയും നിശബ്ദതയും സമ്മാനിച്ച നിമിഷങ്ങളെ വരുണ്‍ രമേശ് ഓര്‍ത്തെടുക്കുകയാണ്. ആനകള്‍ ഇറങ്ങുന്ന സ്ഥലത്ത് റിപ്പോര്‍ട്ടിങിനായി എത്തിയ മാധ്യമസംഘത്തെ സഹായിക്കാന്‍ മനസ് കാണിച്ച വീറുള്ള യുവാവായിരുന്നു മണി. ” നിങ്ങള് പേടിക്കാണ്ട് ഉറങ്ങിക്കോ. ബാക്കി ഞങ്ങള് നോക്കിക്കോളാം.” മണി മാധ്യമസംഘത്തോട് പറഞ്ഞു.elephant attack
മൂന്ന് ദിവസം ഒരു പോറല് പോലും ഏല്‍പ്പിക്കാതെ നിലമ്പൂര്‍ കാടിന്റെ ഉള്ളകം കാട്ടിത്തന്നവനാണ് മണിയന്‍ എന്ന് വരുണ്‍ കുറിച്ചു.” വന്യമൃഗങ്ങളേറെയുള്ള നിലമ്പൂര്‍ കാട്ടില്‍ കയ്യില്‍ ഒരു വെട്ടുകത്തിയുമായി അവന്‍ ഇപ്പോഴും മായാതെ ഞങ്ങള്‍ക്ക് മുന്നില്‍ കാവലിരിക്കുന്നുണ്ട് ”
അവസാനവരികളില്‍ വരുണിന് മണിയോടുള്ള സ്‌നേഹവും കടപ്പാടും വേദനയും നിറഞ്ഞുനില്‍ക്കുകയാണ്. ആറുപേരുടെ ജീവന് കാവലിരുന്ന മണിയെ കാട്ടാന ചവിട്ടിക്കൊന്ന വാര്‍ത്തയുടെ നടുക്കം ഇപ്പോഴും മാറുന്നില്ലെന്നും വരുണ്‍ ഫെയ്‌സ്ബുക്ക് കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആനകൾ രാത്രിയിൽ ചിലപ്പോൾ വെള്ളം കുടിക്കാൻ ഇവിടെ ഇറങ്ങും, പറഞ്ഞത് മണിയാണ്.
നിലമ്പൂരിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസി യുവാവാണ് മണി. ഞങ്ങൾ ഇന്ത്യാവിഷൻ ക്യാമറാ സംഘത്തിന് ഒപ്പം ഒരു ഡോക്യുമെന്ററി നിർമ്മാണത്തിനായിരുന്നു കാട് കയറിയത്. മണിയായിരുന്നു ഞങ്ങളുടെ വഴികാട്ടി. ചോലനായ്ക്കരുടെ അളകളിൽ ഉറങ്ങാം എന്നായിരുന്നു മണി പറഞ്ഞത്. പക്ഷേ ആ പ്രതീക്ഷ പാളി. അവരുടെ അളയിലേക്ക് എത്തിയ ഞങ്ങളെ സ്വീകരിച്ചത് ഇരുപതോളം നായ്ക്കളായിരുന്നു. അത് ഞങ്ങളെ നോക്കി പരിചയമില്ലാത്ത നിങ്ങളെ അളകളിലേക്ക് കയറ്റില്ലെന്ന ഭാവത്തിൽ നിറുത്താതെ കുരയ്ച്ചുകൊണ്ടിരുന്നു.
മലയറിവന്നതിന്റെ ക്ഷീണത്തിൽ കാലുകൾ കോച്ചിപ്പിടിക്കുന്നുണ്ട്. സമയം വൈകുന്നേരം അഞ്ചര കഴിഞ്ഞിരുന്നു. കാട്ടിൽ നല്ല ഇരുട്ട് വീണിട്ടുണ്ട്. ഇനി ഒരു മടങ്ങിപ്പോക്ക് സാധ്യമല്ലാത്തതിനാൽ വഴികാട്ടിയായ മണിയൻ പറഞ്ഞു, വേറേ ഒരു അളയുണ്ട്, പോയി നോക്കാം.
ഞാനും ക്യാമറാമാൻ ഷമീർ മച്ചിങ്ങലും ഷബ്നത്തയും ആ അളയിലേക്ക് വെറുതേ ഒന്ന് പോയി നോക്കി. നീളം കൂടിയ ഏതോ ഒരു പാമ്പ് തന്റെ തൊലി ഉരിഞ്ഞിട്ടിരിക്കുന്നു. ഒപ്പം അളയ്ക്കുള്ളിൽ നിന്ന് എന്തൊക്കെയോ രൂക്ഷമായ ഗന്ധവും. പിന്നെ അവിടെയും നിന്നില്ല.
ഇതും പറ്റിയില്ലെങ്കിൽ പിന്നെ ഒരു വഴിയേയുള്ളൂ. പുഴവക്കത്ത് ഉരുളൻ കല്ലിന് മുകളിൽ ഉറങ്ങാം. ഞങ്ങള് തീ കൂട്ടി കാവലിരിക്കാം. നിങ്ങള് ഉറങ്ങിക്കോളൂ. മണി പറഞ്ഞ ധൈര്യത്തിൽ പുഴവക്കത്ത് ബാഗുകളും ക്യാമറയും താഴെ ഇറക്കിവച്ച് കൂറ്റൻ പാറക്കല്ലിനെ ചാരി ഞങ്ങൾ കിടന്നു.
മണിയൻ എവിടെനിന്നൊക്കെയോ വെട്ടി കൊണ്ടുവന്ന ഉണങ്ങിയ മരങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. ഇവിടെ ആനകൾ ഇറങ്ങുന്ന സ്ഥലമാണ് തീ കണ്ടാൽ മാറിപ്പോയ്ക്കോളും. നിങ്ങള് പേടിക്കാണ്ട് ഉറങ്ങിക്കോ. ബാക്കി ഞങ്ങള് നോക്കിക്കോളാം.
മണിയന്റെ ഉറപ്പിൽ ഞങ്ങൾ ആ ഉരുളൻ കല്ലിന് മുകളിൽ ബാഗുകൾവച്ച് കിടന്നു. കുത്തിയൊലിച്ച് പോകുന്ന അരുവി ഒരു ഭാഗത്ത്. അതിന് ചുറ്റും കൊടും കാട്. മുകളിൽ തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങൾ. പക്ഷേ അതിന്റെ ഭംഗിയൊന്നും മനസ്സിനെ കുളിർപ്പിച്ചില്ല. ദൂരെ നിന്ന് ആന അളരുന്ന ശബ്ദം കേൾക്കാം.
വീശിയടിക്കുന്ന കാറ്റിൽ തീ കെട്ടുപോവാതെ മണിയൻ ആ രാത്രി മുഴുവൻ ഞങ്ങൾ ആറുപേരുടെ ജീവന് കാവലിരുന്നു. ആ മണിയനെ ഇന്നലെ ആന ചവിട്ടിക്കൊന്ന വാർത്ത കേട്ടാണ് ഇന്നുണർന്നത്. ആ നടുക്കം ഇപ്പോഴും മാറുന്നില്ല. ഇന്നും കൂടെയുണ്ടായിരുന്ന ആറ് പേരുടെ ജീവൻ രക്ഷിച്ചാണ് മണിയൻ ജീവനൊടുക്കിയത്.
മൂന്ന് ദിവസം ഞങ്ങളെ ഒരു പോറല് പോലും ഏൽക്കാതെ നിലമ്പൂർ കാട്ടിന്റെ ഉള്ളകം കാട്ടിത്തന്നവനാണ് മണിയൻ. ആനയും കരടിയും കാട്ടുപോത്തും പാമ്പുകളും ഉള്ള നിലമ്പൂർ കാട്.
കൈയ്യിൽ ഒരു വെട്ടുകത്തിയുമായി അവൻ ഇപ്പോഴും മായാതെ ഞങ്ങൾക്ക് മുന്നിൽ കാവലിരിക്കുന്നുണ്ട്.!!!
content summary; Hear Breaking Tribute: Journalist’s Emotional Post About Mani, Killed in Elephant Attack, Goes Viral.
elephant attack