ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ജ്ഞാനശേഖരൻ എന്ന പ്രതി, പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതായും 40 മിനിറ്റോളം പെൺകുട്ടിയെ തടവിലാക്കി ഭീഷണിപ്പെടുത്തിയതായും എഫ്ഐആർ റിപ്പോർട്ട്. അറസ്റ്റിലായ പ്രതിക്കെതിരെ ഏഴ് കേസുകൾ നിലവിൽ ഉള്ളതായി പോലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഡിഎംകെ നേതാക്കൾക്കൊപ്പം നിൽക്കുന്ന പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും ആരോപണമുയർന്നിരുന്നു. Anna University rape case
ഡിസംബർ 23ന് രാത്രി പള്ളിയിൽ നിന്നും സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതരായ രണ്ട് പേർ ക്യാമ്പസിനുള്ളിൽ വെച്ച് തടയുകയായിരുന്നു. ശേഷം സുഹൃത്തിനെ മർദിക്കുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. രാജാ അണ്ണാമലൈ പുരം ഓൾ വിമൻ പോലീസ് സ്റ്റേഷൻ (എഡബ്ല്യുപിഎസ്) സമർപ്പിച്ച എഫ്ഐആർ പ്രകാരം, പെൺകുട്ടിയുടേയും സുഹൃത്തിന്റേയും വീഡിയോ പ്രതികൾ ഫോണിൽ പകർത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ മാതാപിതാക്കൾക്കും കോളേജിലെ ഡീനിനും വീഡിയോ അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.
ഇഇഇ ഡിപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന്റെയും ഹൈവേ ലാബിന്റെയും ഇടയിലുള്ള റോഡിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം മൂന്ന് ഓപ്ഷനുകൾ പെൺകുട്ടിക്ക് നൽകുകയായിരുന്നു. ഒന്നുകിൽ ദൃശ്യങ്ങൾ ഡീനിന് ചോർത്തി നൽകുക വഴി കോളേജിൽ നിന്ന് പുറത്താകുക, അല്ലെങ്കിൽ പ്രതികളുമായി പെൺകുട്ടി സമയം ചിലവഴിക്കണം. ബലാത്സംഗം നടക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നുവെന്നും കോൾ ചെയ്ത ആളുമായി പെൺകുട്ടി സമയം ചിലവഴിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഫോൺ ചെയ്ത അജ്ഞാതനായ ആളോട് പെൺകുട്ടിയെ വിരട്ടിയ ശേഷം വെറുതെ വിടുമെന്നാണ് പ്രതി പറഞ്ഞതെന്ന് അതിജീവിത രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പ്രതി പെൺകുട്ടിയെ 7.45 മുതൽ 8.20 വരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കോളേജ് ഐഡി കാർഡിന്റെ ഫോട്ടോയെടുക്കുകയും ഫോണിൽ നിന്ന് പിതാവിന്റെ നമ്പർ എടുക്കുകയും ചെയ്തു. ജ്ഞാനശേഖരനെതിരെ ഐപിസി 457 (ഭവനഭേദനം)380 (മോഷണം) എന്നിവ പ്രകാരം ഏഴ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
ജ്ഞാനശേഖരന് ഡിഎംകെ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തിന് ശേഷം അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന് പോലീസും സർവകലാശാല സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്ത അവലോകനം നടത്തുമെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. Anna University rape case
Content summary: Held captive for 40 minutes and recorded on video; survivor files a complaint in the Anna University rape case
anna University rape case sexual assault crime