പതിനാല് മണിക്കൂർ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ ലോക്സഭ വഖഫ് ബിൽ പാസാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബില്ല് പാസാക്കിയത്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുമ്പോൾ എന്താണ് വഖഫെന്നും, വഖഫിന്റെ ചരിത്രവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരുന്ന വസ്തുക്കളെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് മുസ്ലീം മതവിശ്വാസ പ്രകാരം ഒരു വസ്തു വഖഫ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ, ഷെൽട്ടർ ഹോമുകൾ, എന്നിവയുടെ നടത്തിപ്പിന് വേണ്ടിയാണ് സാധാരണയായി ഭൂമി വഖഫ് ചെയ്യാറുള്ളത്. ഗുണഭോക്താക്കൾ മാറി കഴിഞ്ഞാലും ഒരു ഭൂമി വഖഫായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നീടത് മാറ്റാൻ സാധിക്കില്ല. ദൈവത്തിന് സമർപ്പിക്കപ്പെട്ടതെന്നും ദൈവത്തിന്റെ കൈവശത്തിലായിരിക്കുമെന്ന് ചുരുക്കം.
ഇസ്ലാമിക ഭരണാധികാരികളും മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്കായി പതിവായി സ്വത്തുക്കൾ ദാനം നൽകിയിരുന്ന കൊളോണിയൽ കാലഘട്ടത്തിൽ നിന്നാവാം ഇങ്ങനൊരു നിയമം ഉരുത്തിരിഞ്ഞു വന്നതെന്ന് ഊഹങ്ങളുണ്ട്. ഇന്ത്യയിലെ വഖഫിന്റെ ചരിത്രം 12ാം നൂറ്റാണ്ടിലേക്ക് അഥവാ ഡൽഹി സുൽത്താനേറ്റിന്റെ കാലത്തേക്ക് തിരികെ വിളിക്കുന്നു. ഘോറിയിലെ മുഹമ്മദ് എന്നറിയപ്പെടുന്ന സുൽത്താൻ മുഇസുദ്ദീൻ സാം ഘോർ മുൾട്ടാനിലെ ജുമാ മസ്ജിദിന് രണ്ട് ഗ്രാമങ്ങൾ സമർപ്പിക്കുകയും അതിന്റെ ഭരണം ശൈഖുൽ ഇസ്ലാമിന് കൈമാറുകയും ചെയ്തിരുന്നു. ഡൽഹി സുൽത്താനേറ്റും ഇന്ത്യയിലെ ഇസ്ലാമിക രാജവംശങ്ങളും ഇന്ത്യയിൽ തഴച്ചു വളർന്നതോടെ കാലക്രമേണ വഖഫ് സ്വത്തുക്കളുടെ എണ്ണവും വർദ്ധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് ലണ്ടനിലെ പ്രിവി കൗൺസിലിൽ വഖഫ് തർക്കവുമായി ബന്ധപ്പെട്ട കേസ് ചെന്നതായും തുടർന്ന് ഇന്ത്യയിലെ വഖഫ് നിയമത്തെ നാല് ബ്രിട്ടീഷ് ജഡ്ജിമാർ അസാധുവായി പ്രഖ്യാപിച്ചതായും ചരിത്രം പറയുന്നു. 1913ലെ വഖഫ് മൂല്യനിർണ്ണയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ നീക്കത്തെ ഇന്ത്യ തടഞ്ഞു. ഒരു ഭൂമി വഖഫായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നീടത് മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞുവല്ലോ. ഇത്തരത്തിൽ ഇപ്പോഴും വഖഫ് സ്വത്തായി രണ്ട് സ്ഥലങ്ങളാണ് ബെംഗളൂരുവിലെ ഈദ്ഗാഹ് ഗ്രൗണ്ടും സൂറത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ കെട്ടിടവും. ബെംഗളൂരു ഈദ്ഗാഹ് ഗ്രൗണ്ട് 1850കൾ മുതൽ വഖഫ് സ്വത്തായാണ് പരിഗണിക്കുന്നത്, മുഗൾ കാലഘട്ടത്തിൽ ഹജ്ജ് സന്ദർശനങ്ങൾക്കിടയിൽ താത്കാലിക അഭയത്തിനായി ഉപയോഗിച്ചുവെന്ന പേരിൽ സൂറത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടവും ഇപ്പോഴും വഖഫ് സ്വത്തായാണ് പരിഗണിക്കുന്നത്.
1954ലാണ് കേന്ദ്ര സർക്കാർ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിയമം നിലവിൽ കൊണ്ടു വരുന്നത് ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്രതലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചു. . ഈ നിയമം റദ്ദാക്കി 1995-ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013ൽ മറ്റൊരു ഭേദഗതി കൂടി നിലവിൽ വന്നു. ഈ ഭേദഗതി പ്രകാരമാണ് വഖഫിന്റെ ഇപ്പോഴത്തെ പ്രവർത്തനം.
ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേകമായി വഖഫ് ബോർഡുകളുണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, രേഖകൾ സൂക്ഷിക്കൽ, ഉപയോഗം നിരീക്ഷിക്കൽ ജീവകാരുണ്യമാണ് വിനിയോഗത്തിന്റെ അടിസ്ഥാനമെന്ന് ഉറപ്പാക്കൽ എന്നിവയാണ് വഖഫ് ബോർഡിന്റെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോർഡ് ആണ്. വഖഫ് ബോർഡുകളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗൺസിൽ. വഖഫ് സ്വത്തുക്കൾ ഇസ്ലാമിക തത്വത്തിന് അനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വഖഫ് ബോർഡുകളുടെ ഏകോപനം, നയരൂപീകരണം, തർക്കപരിഹാരം തുടങ്ങിയവ ആണ് വഖഫ് കൗൺസിലിന്റെ ചുമതല. കോടതികളുടെ ജോലിഭാരം കുറയ്ക്കാനായി നിയമിച്ചിട്ടുള്ള ബദൽ തർക്കപരിഹാര സംവിധാനമാണ് വഖഫ് ട്രൈബ്യൂണൽ. ഓരോ സംസ്ഥാനത്തിനും ഓരോ ട്രൈബ്യൂണലുണ്ടാവും. വഖഫ് ഫണ്ട് ഉപയോഗിച്ചായിരിക്കും ഇവയുടെ പ്രവർത്തനം.
ഇന്ത്യയിലുടനീളം 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്വത്തുവകകൾ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലാണ്. ഇവയുടെ മൂല്യം ഏകദേശം 1.2 ലക്ഷം കോടി രൂപ വരുമെന്ന് രേഖകൾ വ്യക്തമാക്കുന്നു.
content: The Waqf Amendment Bill has been passed in the Lok Sabha, highlighting the concept of waqf and its historical significance in India.