January 18, 2025 |
Share on

‘എല്ലാവര്‍ക്കും തുല്യ നീതി, ഒരേ അവകാശം’; ഉറപ്പ് നല്‍കി മുഹമ്മദ് യൂനസ്

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം

ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ സംരക്ഷണം ഉറപ്പ് നല്‍കി ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ്. ചൊവ്വാഴ്ച്ച ദക്ഷേശ്വരി ക്ഷേത്രവും സമുദായ നേതാക്കളെയും സന്ദര്‍ശിച്ച ശേഷമായിരുന്നു യൂനസ്, നീതിയും തുല്യ അവകാശവും എല്ലാ മതവിഭാഗങ്ങള്‍ക്കും ഉറപ്പ് നല്‍കിയത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള പ്രക്ഷോഭം, ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമണമായി വഴി മാറിയിരുന്നു. ഇതവസാനിപ്പിക്കാനുള്ള ഇടപെടലാണ് യൂനസ് ഉള്‍പ്പെടെ നടത്തുന്നത്.

‘അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണ്. നമ്മള്‍ എല്ലാവരും ഒരേ അവകാശമുള്ള ഒരു ജനതയാണ്. നമുക്കിടയില്‍ ഭിന്നത ഉണ്ടാക്കരുത്. ദയവായി ഞങ്ങളെ സഹായിക്കൂ. ക്ഷമ കാണിക്കുക, ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതും ചെയ്യാത്തതുമായ കാര്യത്തില്‍ പിന്നീട് വിധിക്കുക. ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഞങ്ങളെ വിമര്‍ശിക്കുക’ ന്യൂനപക്ഷ വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഹമ്മദ് യൂനസിന്റെ വാക്കുകള്‍. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ അവരുടെ സുരക്ഷിത്വത്തെ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട് ജീവിക്കേണ്ടതില്ലാത്തൊരു സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി തങ്ങള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും യൂനസ് പറഞ്ഞു.

പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിന് പിന്നാലെ ഏകദേശം 50 ജില്ലകളിലായി 205 ലേറെ ആക്രമണങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരേ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓഗസ്റ്റ് 8 ന് മുഹമ്മദ് യൂനസ് അധികാരമേല്‍ക്കുന്നതിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് കൈമാറിയ സന്ദേശത്തിലും രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് മത ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പുതിയ ഭരണ സംവിധാനത്തില്‍ നിന്നും ഇത്തരമൊരു സുരക്ഷ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ന്യൂഡല്‍ഹി വ്യക്തമാക്കിയിരുന്നു.

ജനാധിപത്യ വ്യവസ്ഥയില്‍, ആളുകളെ മുസ്ലിങ്ങളായോ ഹിന്ദുക്കളായോ ബുദ്ധമതക്കാരായോ കാണരുതെന്നും മറിച്ച് മനുഷ്യരായി കാണണമെന്നും എല്ലാവരുടെയും അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും യൂനസ് ആഹ്വാനം ചെയ്യുന്നു. എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം സ്ഥാപനപരമായ ക്രമീകരണങ്ങളുടെ അപചയത്തിലാണെന്നും, അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാണിച്ച യൂനസ്, സ്ഥാപനപരമായ സംവിധാനങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ടെന്ന കാര്യവും വ്യക്തമാക്കി. മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പുനസ്ഥാപിക്കേണ്ടതുണ്ടെന്നും അതാകണം നമ്മുടെ പ്രഥമലക്ഷ്യമെന്നും കൂടി ചൊവ്വാഴ്ച്ച യൂനസ് ആഹ്വാനം ചെയ്തിരുന്നു.

‘ഞങ്ങള്‍ മനുഷ്യരാണെന്നും ബംഗ്ലാദേശിലെ പൗരന്മാരാണെന്നും ഇത് എന്റെ ഭരണഘടനാപരമായ അവകാശമാണ്, നിങ്ങള്‍ അത് ഉറപ്പാക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു, മറ്റൊന്നുമല്ല… നമ്മള്‍ എല്ലാവരും തുല്യരാണെന്ന് പറയാന്‍ ഞാന്‍ ഇവിടെയുണ്ട്, ഇവിടെ ഒരു വ്യത്യാസവും സൃഷ്ടിക്കില്ല’ ഹിന്ദു സമുദായത്തെ അഭിസംബോധന ചെയ്ത് യൂനസ് പറഞ്ഞ കാര്യങ്ങളാണിത്.

ന്യൂനപക്ഷ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഒരു ഹോട്ട്‌ലൈന്‍ നമ്പര്‍ ഇടക്കാല സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, പഗോഡകള്‍ തുടങ്ങി ന്യൂനപക്ഷ ആരാധാനലയങ്ങള്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാവുകയോ, അതിനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് അറിയുകയോ ചെയ്താല്‍ ഈ നമ്പരില്‍ വിളിച്ച് അധികൃതര്‍ക്ക് വിവരം നല്‍കാം.

Post Thumbnail
ചൈനക്ക് നേരെ നീങ്ങുന്നത് അതിശക്തമായ കൊടുങ്കാറ്റ്വായിക്കുക

മുഹമ്മദ് യൂനസിന്റെ ഉറപ്പില്‍ വിശ്വസിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ ഹിന്ദു സമുദായം. എല്ലാവര്‍ക്കും ഒരേ നീതിയും അവകാശവും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സമാധാനപരമായ ജീവിതം തുടരാന്‍ തങ്ങളെ അദ്ദേഹം സഹായിക്കുമെന്നുമാണ് ഹിന്ദു നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.  Hindu minority facing attack in bangladesh interim government head muhammad yunus assured equal rights and justice 

Hindu minority facing attack in bangladesh interim government head muhammad yunus assured equal rights and justice

×