ജനാധിപത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ വെറുപ്പിന് യാതൊരു സ്ഥാനവുമില്ല. നമ്മുടെ റിപ്പബ്ലിക്കിന്റെ ഏറ്റവും ഉയര്‍ന്ന ഭാവം ജനങ്ങളാണ്. ജനങ്ങള്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണ്. ബഹുസ്വരതയുടെ വഴിയിലും വെറുപ്പിന് യാതൊരു സ്ഥാനവുമില്ല. എന്നിട്ടും ആധുനിക ഇന്ത്യയില്‍ വെറുപ്പ് വ്യാപിക്കുന്നു. അപരനെ വെറുക്കാന്‍ നിരന്തരം പഠിപ്പിക്കുന്ന രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണിത്. ജനസംഖ്യയുടെ വെറും 14 ശതമാനം മാത്രമുള്ള മുസ്ലിമിനെ ശത്രുവായി കാണാന്‍ പഠിപ്പിക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. അതിനാല്‍ തെരുവിലും വീട്ടിലും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. വസ്ത്രത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍ ഭാഷയുടെ പേരില്‍, പള്ളിയില്‍ പോകുന്നതിന്റെ പേരില്‍, പ്രാര്‍ത്ഥിക്കുന്നതിന്റെ പേരില്‍… വെറുപ്പ് വ്യാപിച്ചു കഴിഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടനകളും വലതുപക്ഷ മാധ്യമങ്ങളും ഉത്പാദിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും നിത്യേന കാണുകയും വായിക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരു സമൂഹമായി വര്‍ദ്ധിച്ചുവരികയാണ്. Hindu Self നെ രാഷ്ട്രീയമായി ഉത്തേജിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുസ്ലിമിനെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോവുകയും ശിക്ഷിക്കപ്പെടുന്ന കുറച്ചുപേരുണ്ടെങ്കില്‍ അവര്‍ക്ക് ജാമ്യം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ അവരെ വീര നായകന്മാര്‍ ആക്കുകയും, ജനസഞ്ചയം അത് ആഘോഷിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയുടെ കാര്യത്തില്‍ കണ്ടതുപോലെ ഏതോ വലിയ കാര്യം സാധിച്ച മട്ടിലാണ് ക്രിമിനലിസം ആഘോഷിക്കപ്പെടുന്നത്. പാര്‍ലമെന്റിന് തൊട്ടടുത്തുള്ള ജന്തര്‍ മന്ദറില്‍ വെച്ച് ഒരു യോഗത്തില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനായിരുന്നു പിങ്കി ചൗധരിക്കെതിരെ കേസ്. വെറുപ്പ് പ്രചരിപ്പിച്ച ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആഴ്ചകളോളം അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്നതിനു ശേഷം പിങ്കി ചൗധരി കീഴടങ്ങി. ഒളിവില്‍ നിന്ന് പുറത്തുവന്ന അദ്ദേഹത്തിന് വലിയ വരവേല്‍പ്പാണ് ജനം നല്‍കിയത്. പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രതിയെ അവിടെ കാത്തുനിന്ന അദ്ദേഹത്തിന്റെ അനുയായികള്‍ തോളില്‍ ഉയര്‍ത്തി എടുത്തുകൊണ്ടാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ആ ആള്‍ക്കൂട്ടം നൂറിലധികം പേരുണ്ടായിരുന്നു. നിയന്ത്രണാതീതമായിരുന്നു കാര്യങ്ങള്‍. പോലീസ് സ്റ്റേഷന്‍, ജയ് ശ്രീറാം വിളികള്‍ കൊണ്ട് മുഖരിതമായി. പിങ്കി ഭയ്യാ തും സംഘര്‍ഷ് കരോ ഹം തുമാരെ സാത് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് അരമണിക്കൂറോളം ആള്‍ക്കൂട്ടം അവിടെ തടിച്ചുകൂടി നിന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടാണ് ഈ സംഭവം ലോകം അറിഞ്ഞത് തന്നെ.

കഴിഞ്ഞദിവസം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നോര്‍ത്ത് ക്യാമ്പസില്‍ 44 കാരനായ ചമന്‍ കുമാറിനെ പശു ഇറച്ചി വിറ്റതിന്റെ പേരില്‍ ആള്‍ക്കൂട്ടം ആക്രമിക്കുകയുണ്ടായി. ഒരു വിദ്യാര്‍ത്ഥി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. മുസ്ലിമാണ് പശു ഇറച്ചി വിറ്റത് എന്ന പ്രചാരണമാണ് ആദ്യം ഉണ്ടായത്. തുടര്‍ന്ന് ആള്‍ക്കൂട്ടം കട തല്ലിപ്പൊളിക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് ചമന്‍ കുമാറിനെ അവസാനം ആശുപത്രിയില്‍ എത്തിച്ചത്. ഉത്തര ഡല്‍ഹിയിലെ ബുറാറി പ്രദേശത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഇവിടെയും ആള്‍ക്കൂട്ടം ശ്രീരാമന്റെ പേരിലാണ് മുദ്രാവാക്യം മുഴക്കിയത്.
2015 ല്‍ ധാത്രിയില്‍ നടന്ന കുപ്രസിദ്ധമായ കേസ് നമുക്കറിയാം. ഗോഹത്യ നടത്തി എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൊല ചെയ്ത മുഹമ്മദ് അഖ്‌ലാഖിനെ മറക്കാനാകുമോ? ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട, 18 പ്രതികളില്‍ ഒരാളായ രവീന്‍ സിസോദിയ തടവറയില്‍ മരിച്ചപ്പോള്‍ കേന്ദ്രമന്ത്രി കാണാനെത്തി. മാത്രമല്ല മന്ത്രിയുടെ സാന്നിധ്യത്തില്‍ അയാളുടെ മൃതശരീരം ദേശീയ പതാകയില്‍ പൊതിഞ്ഞു. കൊലപാതക കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയുടെ ഭൗതിക ശരീരത്തില്‍ ദേശീയ പതാക പുതപ്പിക്കുന്നത് 2002ലെ ഫ്‌ലാഗ് കോഡിന്റെ ലംഘനമാണ്. ഒരു സഹ പൗരനെ, അന്യമത വിശ്വാസി ആയതിന്റെ പേരില്‍ അയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വലിച്ചിഴച്ച് റോഡില്‍ കൊണ്ടുവന്നശേഷം കൂട്ടത്തോടെ ആക്രമിച്ചു തല്ലിക്കൊന്നു എന്ന് ആരോപിക്കപ്പെടുന്ന പ്രതിക്കാണ് ഈ ബഹുമതി, സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയും അനുയായികളും ചേര്‍ന്ന് നല്‍കിയതെന്ന് ഓര്‍ക്കണം. 2019 ജൂണില്‍ ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. തബ്രെസ് അന്‍സാരി എന്ന മുസ്ലീം യുവാവിനെയാണ് അന്ന് ആള്‍ക്കൂട്ടം ഇരയാക്കിയത്, ‘ജയ് ശ്രീറാം’ ഉള്‍പ്പെടെയുള്ള ഹിന്ദു മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടായിരുന്നു കൊല.

അപരനോടുള്ള ശത്രുത രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ വ്യാപകമാണ്. തലയടിച്ചു പൊട്ടിക്കുക, കൂട്ടത്തോടെ ആക്രമിക്കുക, ജാതി നോക്കി തിരഞ്ഞുപിടിച്ച് ബലാത്സംഗം ചെയ്യുക തുടങ്ങിയ നീചമായ കാര്യങ്ങള്‍ നിശബ്ദമായി നടപ്പിലാക്കപ്പെടുന്നുണ്ട്. മുസ്ലീമുകള്‍ക്കെതിരെ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതില്‍ നീതികേടോ മനുഷ്യത്വ വിരുദ്ധതയോ കാണാതിരുന്ന ആളാണ് സവര്‍ക്കര്‍. പല സന്ദര്‍ഭങ്ങളിലും അത്തരം ആഹ്വാനങ്ങള്‍ പ്രസംഗത്തില്‍ അദ്ദേഹം നടത്തിയിട്ടുമുണ്ട്. കാലം ഏറെ കഴിഞ്ഞിട്ടും അതിന്റെ ഒക്കെ അനുരണനങ്ങള്‍ മനുഷ്യത്വഹീനമായ കൃത്യത്തിലൂടെ നടപ്പിലാക്കപ്പെടുന്നു.
ജാര്‍ഖണ്ഡിലെ പാലാമൂവില്‍ കൗമാരക്കാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പൂര്‍ണമായും മുക്കി. ഇസ്ലാമോഫോബിയ ഉള്‍ഗ്രാമങ്ങളില്‍ പോലും വേരുപിടിച്ചു എന്ന് വേണം കരുതാന്‍.
‘അക്രമത്തിലൂടെ നിങ്ങള്‍ക്ക് വെറുക്കുന്നവനെ കൊല്ലാം, പക്ഷേ നിങ്ങള്‍ വെറുപ്പിനെ കൊല്ലുന്നില്ല. വാസ്തവത്തില്‍, അക്രമം വെറുപ്പ് വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അക്രമത്തിന് പകരം അക്രമം അക്രമത്തെ വര്‍ദ്ധിപ്പിക്കുന്നു, നക്ഷത്രങ്ങളില്ലാത്ത ഒരു രാത്രിയിലേക്ക് കൂടുതല്‍ ഇരുട്ട് ചേര്‍ക്കുന്നു. ഇരുട്ടിന് ഇരുട്ടിനെ പുറത്താക്കാന്‍ കഴിയില്ല: വെളിച്ചത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ. വെറുപ്പിന് വെറുപ്പിനെ പുറത്താക്കാന്‍ കഴിയില്ല: സ്‌നേഹത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ.’ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞ ഈ കാര്യമാണ് വെറുപ്പിന്റെ രാഷ്ട്രീയം നിലനില്‍ക്കുന്ന ഇന്ത്യയില്‍ സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്.
ഹിന്ദുത്വ ഇന്ത്യയില്‍ ആക്രമണങ്ങള്‍ ക്രമമായി തീരുന്നത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് വേദനാജനകമായ ഒരു കാര്യമാണ്. ഒരു പുരോഗമന സമൂഹമെന്ന നിലയില്‍ നാം ആര്‍ജ്ജിച്ചെടുത്ത മൂല്യങ്ങള്‍ ഒക്കെയും അപരനെ വെറുക്കാന്‍ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം നശിപ്പിക്കുകയാണ്. കോവിഡിന്റെ ലോക്ക് ഡൗണ്‍ കാലത്ത് പോലും ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. പട്ടിണി മാറ്റാന്‍ ജോലി തേടി പുറപ്പെട്ട പാനിപ്പത്തിലെ ബാര്‍ബര്‍ പണി ചെയ്യുന്ന ഒരു മുസ്ലിം മത വിശ്വാസിയെ, ഒരു ഗ്ലാസ് വെള്ളം ചോദിക്കുന്നതിനു വേണ്ടി ഒരിടത്ത് നിന്നപ്പോള്‍ ഹിന്ദു ആള്‍ക്കൂട്ടം അയാളെ ആക്രമിച്ചു. അയാളുടെ കൈ, മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റി. ഇതും ഒരു സാധാരണ ആക്രമണം ആയിരുന്നില്ല. ഇരകളുടെ മതം പരിശോധിച്ചാല്‍ നമുക്ക് ഇതിന്റെ കാരണം വ്യക്തമാകും. മഹാമാരിയുടെ കാലത്ത് പോലും ഇസ്ലാമോഫോബിയ നടമാടിയതിന്റെ ഉദാഹരണമാണ് ഈ സംഭവം.

മംഗളുരുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മലയാളിയായ പുല്‍പ്പള്ളി സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന സംഭവം ഈയിടെയാണ് നടന്നത്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചത്. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയായിരുന്നു സംഭവം. കുടുപ്പു സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് മനസ്സിലായപ്പോള്‍ അഷ്‌റഫിന്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും 15 പേരെ അറസ്റ്റ് ചെയ്ത തൊഴിച്ചാല്‍ കേസ് മുന്നോട്ടു നീങ്ങിയിട്ടില്ല.. വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തുടര്‍ച്ചയായ മര്‍ദ്ദനമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതായും കണ്ടെത്തി. പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനം രക്ഷിച്ച ഒരു വനിതാ പട്ടാള ഓഫീസറെ അവഹേളിച്ച മന്ത്രി സൈ്വര്യവിഹാരം ചെയ്യുന്ന നാട്ടിലാണ് ഇതും സംഭവിക്കുന്നത് എന്ന് ഓര്‍ക്കണം.
അപര വിദ്വേഷത്തിന്റെ പേരില്‍ അനുദിനം ആക്രമിക്കപ്പെടുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. സ്റ്റേറ്റ് ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുന്നതാണ് അക്രമികള്‍ക്ക് വളംവെച്ചു കൊടുക്കുന്നത്. ഉത്തര്‍പ്രദേശിലെ ആവലയ്ക്കടുത്ത് കാര്‍ ഡ്രൈവറായ അഫ്ത്താബ് ആലമിനെ നിര്‍ബന്ധപൂര്‍വ്വം മദ്യം കുടിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ഉണ്ടായി. മൂന്ന് യാത്രക്കാര്‍ ആലമിനെ ആക്രമിച്ച് ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ തന്റെ മകനെ ഫോണില്‍ വിളിക്കുകയും അവരുടെ സംഭാഷണം ഫോണില്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് അയാളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞത്. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ബാദല്‍പൂര്‍ പ്രദേശത്ത്, ആലമിനെ കാറിനകത്ത് പരിക്കേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു എന്നാണ് പോലീസ് അവകാശപ്പെട്ടത്. ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ ചികിത്സയിലിരിക്കെ ആലം മരിച്ചു. അക്രമികളുടെ ഫോണ്‍ സംഭാഷണം ആലമിന്റെ മകന്‍ പോലീസിന് കേള്‍പ്പിച്ചു കൊടുത്തെങ്കിലും അത് എഫ്‌ഐആറില്‍ രേഖപ്പെടുത്താന്‍ പോലീസ് കൂട്ടാക്കിയില്ല. നിരപരാധികള്‍ക്ക് നേരെയുള്ള ഇത്തരം മാരകമായ ആക്രമണങ്ങളുടെ ചരിത്രം ഏറെയുണ്ട്. മാധ്യമങ്ങള്‍ മാത്രമല്ല പോലീസും കാവിവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമാണ് ഇത്തരം കേസുകളില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്.

ഹരിയാനയിലെ കര്‍ണാലില്‍ ഒരു ഇമാമിനെ വാളേന്തിയ ഹിന്ദുത്വ പ്രചാരകര്‍ ആക്രമിച്ച സംഭവമുണ്ട്. ഫേസ്ബുക്കില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചതിനും മധ്യപ്രദേശില്‍ ഒരു മുസ്ലിമിനെ അറസ്റ്റ് ചെയ്തിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിം സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെ സംസാരിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവമുണ്ട്. ഹിന്ദു പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ ആയ സിയ ഉസ് സലാം എഴുതിയ ‘ബീയിങ് എ മുസ്ലിം ഇന്‍ ഹിന്ദു ഇന്ത്യ’ (Being Muslim in Hindu India: A Critical View ) എന്ന പുസ്തകത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം ആള്‍ക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും നാള്‍വഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം’ എന്ന പേരില്‍ മലയാളത്തില്‍ സി.ബി വേണുഗോപാല്‍ ഈ പുസ്തകം മൊഴിമാറ്റിയത് സമൂഹ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.
2018-ല്‍, ഗോസംരക്ഷണത്തിന്റെ പേരില്‍ രാംഗഡില്‍ അലിമുദ്ദീന്‍ അന്‍സാരിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട എട്ട് പേരെ ഇന്ത്യയുടെ ജൂനിയര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി മാലയിട്ട് ആദരിച്ചിരുന്നു. ക്രിമിനലുകളെ തങ്ങളുടെ രാഷ്ട്രീയ ഭാവിക്കുവേണ്ടി സംരക്ഷിക്കുന്ന, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാത്ത ഹിംസ ഉള്ളടങ്ങിയ ഇത്തരം ജനപ്രതിനിധികള്‍ ആണ് ഇനിയും ഈ നാടിനെ ഭരിക്കുന്നത് എങ്കില്‍ ന്യൂനപക്ഷങ്ങളള്‍ക്കും അവരെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്കും ഹിന്ദുത്വ ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവില്ല.

2024 സെപ്റ്റംബറില്‍, ഹരിയാനയില്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള 24 വയസ്സുള്ള സാബിര്‍ മാലിക്കിനെ കൊലപ്പെടുത്തിയ അഞ്ചുപേര്‍ ഗോരക്ഷാ സംഘത്തിലെ അംഗങ്ങളായിരുന്നു. പശുവിന്റെ പേരിലും പശു ഇറച്ചിയുടെ പേരിലും മാത്രമല്ല അപരനെ ശത്രുവായി മുദ്രകുത്താന്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും ഹിന്ദുത്വ ആള്‍ക്കൂട്ടം ചോര ചിന്താന്‍ മടിക്കാറില്ല.
ഗുജറാത്തില്‍ ഒരു മുസ്ലിമിന് ഭൂമി വാങ്ങാന്‍ കഴിയാത്തതുപോലെ, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 നു ശേഷം നോയിഡയിലെ ഉപഗ്രഹ നഗരത്തില്‍ നവരാത്രി സാവന്‍ കാലങ്ങളില്‍ മാംസവില്പനയും സാധ്യമല്ല. ഇങ്ങനെ ഓരോ ദിവസവും മറ്റു പൗരന്മാര്‍ക്ക് ഇന്ത്യയില്‍ സാധ്യമായ സംഗതികളൊക്കെ മുസ്ലിങ്ങള്‍ക്ക് സാധ്യമല്ലാതായി തീരുന്നു.
ഒരു മുസ്ലിം ആരാധനാലയം ഇടിച്ചുനിരത്താന്‍ ശ്രമിക്കുന്നത് മുതല്‍ പൊതു ഇടങ്ങളിലെ നിസ്‌കാരം തടസ്സപ്പെടുത്തുന്നത് വരെ അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി വിശുദ്ധ മുസ്ലിം ഇടം മലിനപ്പെടുത്തുന്നതുവരെ മുസ്ലിങ്ങളെ അദൃശ്യരാക്കുവാനും പീഡിപ്പിക്കുവാനും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുവാനുമായിരുന്നു എല്ലായ്‌പ്പോഴും ഉള്ള ശ്രമം. ഇതെല്ലാം തികച്ചും രാഷ്ട്രീയമാണ്. സെക്കുലര്‍ ഇന്ത്യയിലും ഭരണഘടനയിലും ത്രിവര്‍ണ്ണ പതാകയിലും വിശ്വാസമില്ലാത്തവരാണ് ഇത്തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത്. Hindutva forces try to eliminate Muslims with the chants of ‘Jai Shri Ram.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Hindutva forces try to eliminate Muslims with the chants of ‘Jai Shri Ram