വർഗീയ ഭീഷണിയുടെയും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണങ്ങളുടെയും വർധനയെത്തുടർന്ന് സ്വയ രക്ഷ തേടി നാട്ടുവിട്ടോടുകയാണ് പൂനെ ജില്ലയിലെ മുൾഷി താലൂക്കിലെ പോഡ്, പിരൻഗട്ട് ഗ്രാമങ്ങളിലെ മുസ്ലിം സമൂഹം. രണ്ട് പതിറ്റാണ്ടിലേറെയായി ഇതേ ഗ്രാമത്തിൽ കഴിയുന്ന നിരവധി മുസ്ലിം കുടുംബങ്ങളാണ് ഹിന്ദുത്വ വർഗീയവാദികളുടെ വിദ്വേഷ പ്രചാരണത്തിന് പിന്നാലെ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നതെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. സ്വദേശികളല്ലാത്ത മുസ്ലീങ്ങൾ എന്ന മുദ്രകുത്തിയാണ് ഇവരെ നാടുകടത്തുന്നത്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ), അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം, രണ്ട് ഗ്രാമങ്ങളിലുമായി നടത്തിയ അന്വേഷണാത്മക സന്ദർശനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
സാമൂഹിക വേർതിരിവ്, സാമ്പത്തിക ബഹിഷ്കരണം, ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശങ്ങൾക്കെതിരായ ആക്രമണങ്ങൾ, നിർബന്ധിത കുടിയിറക്കങ്ങൾ തുടങ്ങിയവയുടെ അനവധി കേസുകളാണ് സംഘം കണ്ടെത്തിയത്. മെയ് 2 ന് പോഡിലെ ക്ഷേത്രത്തിലെ അന്നപൂർണ്ണ ദേവി വിഗ്രഹം അവഹേളിക്കപ്പെട്ടതായ ആരോപണമാണ് വിദ്വേഷ പ്രചാരങ്ങളുടെ തുടക്കം. പിന്നാലെ ബിജെപിയും മറ്റ് വലതുപക്ഷ ഗ്രൂപ്പുകളും നടത്തിയ മാർച്ചിൽ സ്വദേശികളല്ലാത്ത മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന ആവശ്യമുയർന്നു. തെരുവുവീഥികളിൽ മുസ്ലീങ്ങൾക്ക് നേരെ പരസ്യമായ ഭീഷണികളും, വിദ്വേഷ പോസ്റ്ററുകളും നിറഞ്ഞു. ഈ വിവരത്തെ തുടർന്നാണ് പിയുസിഎല്ലും എപിസിആറും അന്വേഷണങ്ങൾ നടത്തിയത്. പ്രദേശം വർഗീയ സംഘർഷത്തിന് കോപ്പുകൂട്ടുകയാണെന്ന് പി.യു.സി.എൽ പറയുന്നു. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്ലിന് സംഘം ഒരു മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. പോസ്റ്ററുകൾ നീക്കം ചെയ്‌തെങ്കിലും, സ്ഥലത്തെ സ്ഥിതി രൂക്ഷമാണ്. ഗ്രാമത്തിലെ മുസ്ലീം ഉടമസ്ഥതയിലുള്ള കടകളും, ബിസിനസ്സ് ധനകാര്യ സ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
”40 വർഷമായി ഞാനും എന്റെ കുടുംബവും ഇവിടെ താമസിക്കുന്നവരാണ്. എന്നിട്ടും അവർ ഞങ്ങളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തുന്നു. എന്റെ പിതാവിന്റെ ഗ്രാമം ഉത്തർപ്രദേശ് ആയതുകൊണ്ടാണ് ഇങ്ങനെ. ഞങ്ങളുടെ ബേക്കറി ഇനി തുറക്കരുതെന്നും, തുറന്നാൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്,പോലീസിൽ ആവർത്തിച്ച് പരാതി നൽകിയിട്ടും ബിസിനസുകൾ വീണ്ടും തുറക്കാൻ ഞങ്ങൾക്ക് ഒരു സംരക്ഷണവും ലഭിച്ചില്ല” പോഡിലെ റോഷൻ ബേക്കറിയുടെ ഉടമ പൂനെയിൽ പിയുസിഎൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു. റോഷൻ ബേക്കറിക്ക് പുറമെ, ന്യൂ സംഗം, ന്യൂ ഭാരത് എന്നീ രണ്ട് സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. നാനൂറിലധികം തൊഴിലാളികളുടെ വരുമാന മാർഗമാണ് ഇതോടെ ഇല്ലാതായത്.
”ബേക്കറി മുസ്ലീങ്ങൾക്കും അമുസ്ലിംകൾക്കും ഒരുപോലെയാണ് തൊഴിൽ നൽകിയത്, വീടുവീടാന്തരം ഞങ്ങളുടെ റൊട്ടി വിറ്റ അഞ്ച് ഹിന്ദു കച്ചവടക്കാർ ഇപ്പോൾ തൊഴിൽ രഹിതരാണ്, ഇത് മതത്തെക്കുറിച്ച് മാത്രമല്ല, നമ്മുടെ അതിജീവന മാർഗ്ഗങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ചുമാണ്” 32 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഭാരത് ബേക്കറിയുടെ ഉടമ പറയുന്നു. നിരവധി ഹിന്ദുത്വ അംഗങ്ങൾ മുസ്ലീം ബിസിനസുകാരെ അവരുടെ കടകൾ പാട്ടത്തിന് നൽകി നാടുവിടാൻ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. 2014 ൽ ഐടി പ്രൊഫഷണലായ മൊഹ്‌സിൻ ഷെയ്ഖിന്റെ കൊലപാതകത്തിൽ വിചാരണ നേരിടുകയും പിന്നീട് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഹിന്ദു രാഷ്ട്ര സേന അംഗം ധനഞ്ജയ് ദേശായിയാണ് സംഘർഷത്തിന് ആഹ്വാനം ചെയ്യുന്നത് എന്നാണ് വിവരം. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
“ഞാൻ വർഷങ്ങളായി ഇവിടെ താമസിക്കുന്നു, വിവാഹിതനാണ്, ജൂൺ ആദ്യമാണ് എന്റെ കടയ്ക്ക് തീപിടിച്ച് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നത്. കട നശിച്ചതിനുശേഷം എനിക്ക് എന്റെ കുടുംബത്തെ കംഷെട്ടിലേക്ക് മാറ്റേണ്ടിവന്നു. പരാതി നൽകി, നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും, യാതൊരു ഫലവും ഉണ്ടായില്ല”, മറ്റു പലരെയും പോലെ സ്ഥിതിഗതികൾ ഉടൻ ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് സ്ക്രാപ്പ് കട ഉടമയായ യുവാവും. മതപരമായ ഇടങ്ങളെയും ലക്ഷ്യം വച്ചാണ് വിദ്വേഷ പ്രചാരണം വ്യാപകമായി നടക്കുന്നത്.
”ജീവനെ ഭയന്ന് പലരും പള്ളികളിൽ പോകുന്നത് പോലും ഒഴിവാക്കി, അന്തരീക്ഷം ഇപ്പോഴും സംഘർഷ ഭരിതമാണ്” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രാദേശിക മുസ്ലീം നിവാസി പറഞ്ഞു. ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത പലരും ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലാണ് അഭയം തേടിയത്. അവരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. സാമ്പത്തിക ബഹിഷ്‌കരണങ്ങളെ “ഭരണഘടനാ വിരുദ്ധം” എന്ന് പിയുസിഎൽ അപലപിച്ചു. ഒരു വ്യക്തിക്ക് എവിടെയും തൊഴിൽ ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുവെന്ന് സംഘടന ഊന്നിപ്പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ പൗരാവകാശ സംഘടനകൾ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് വിവരം.
content summary: Hindutva groups boycott muslim families out of Pune villages
This post was last modified on July 8, 2025 10:23 am
Leave a Comment