പൂനെ ലൈംഗികാതിക്രമ കേസിലെ പ്രതി ദത്താത്രയ രാംദാസ് ഗഡെ അറസ്റ്റിൽ. ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ തിരച്ചിലിന് ഒടുവിൽ പൂനെ ജില്ലയിലെ ഷിരൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കുറ്റകൃത്യം നടന്ന് ഏകദേശം 72 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
പുലർച്ചെ 5:45 ഓടെ സ്വർഗേറ്റ് ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു യുവതി. മറ്റൊരു ബസിലെ കണ്ടക്ടറെന്ന വ്യാജേന ആയിരുന്നു പ്രതി ദത്താത്രയ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഗഡെ യുവതിയെ കബളിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ കയറ്റി വാതിൽ പൂട്ടി ആക്രമിക്കുമ്പോൾ സമീപത്ത് ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വച്ചായിരുന്നു പെൺകുട്ടിയ്ക്ക് നേരെയുള്ള അതിക്രമം. സിസിടിവി ദൃശ്യങ്ങളിൽ നിന്നായിരുന്നു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെ മാത്രം നടന്ന കൊടും ക്രൂരത വലിയ വിവാദമായതോടെ പൊലീസ് പ്രതിക്കായി വലവിരിച്ചു. വിവിധ ഭാഗങ്ങളിലായി 13 ഓളം സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിയത്. ഒടുവിൽ ഡ്രോണടക്കം ഉപയോഗിച്ച് ഷിരൂരിലെ കരിമ്പ് പാടങ്ങളിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലാണ് പ്രതി പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയുടെ ഫോട്ടോ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ദത്താത്രേയയെ കണ്ടെത്തുന്നവർക്കോ ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്കും ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പ്രതിയ്ക്കായി കരിമ്പിൻ തോട്ടത്തിലേക്ക് വ്യാപിപ്പിച്ച തിരച്ചിലിൽ ഡ്രോണിന് പുറമേ പൊലീസ് നായയെയും ഉപയോഗിച്ചിരുന്നു. കൃത്യം നിർവ്വഹിച്ച ശേഷം വസ്ത്രവും ചെരുപ്പും ഉപേക്ഷിച്ച ശേഷമാണ് ദത്താത്രയ സ്വന്തം നഗരത്തിലേക്ക് തിരിച്ചത്. 13 പ്രത്യേക അന്വേഷണസംഘത്തെ ആണ് ദത്താത്രയെ കണ്ടെത്താൻ നിയമിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിൽ ക്രൈം ബ്രാഞ്ചിൽ നിന്നുള്ള എട്ട് പേരും ഉൾപ്പെട്ടിരുന്നു.
പൂനെയിലും അലിയാനഗർ ജില്ലയിലുമായി 36കാരനായ ദത്താത്രയ രാംദാസ് ഗഡെയ്ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മോഷണം, കവർച്ച, തട്ടിപ്പ് എന്നിവയാണ് ദത്താത്രയക്ക് എതിരെയുള്ള കേസുകൾ. 2019 മുതൽ ജാമ്യത്തിലിക്കെയാണ് പ്രതി ഈ കുറ്റകൃത്യം നിർവ്വഹിച്ചിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2024ൽ ദത്താത്രയയ്ക്ക് എതിരെ ഒരു മോഷണകുറ്റവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദത്താത്രയയുടെ സഹോദരനെ ചോദ്യം ചെയ്തിരുന്നു, സ്വർഗേറ്റ് ബസ് സ്റ്റോപ്പിലെയും സമീപ പ്രദേശങ്ങളിലെയും സിസിടി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
content summary: Pune police have arrested Dattatraya, a man accused of sexually abusing a woman inside a bus at Swargate.