February 19, 2025 |

ഗ്രീക്ക് കവിയുടെ ആശയം, ഒളിമ്പിക്സ് പിറവിയുടെ കഥ

ഗ്രീക്കിന്റെ ഒളിമ്പിക്സ് എങ്ങനെയാണ് ലോകത്തിന്റേതായി മാറിയത്

കായികപ്രേമികൾ ഏറെ ഉത്സാഹത്തോടെ ഉറ്റുനോക്കുന്ന ഒളിമ്പിക്സിന് ആദ്യ വേദിയായത് ഗ്രീസിലെ ഏഥൻസ് ആയിരുന്നു. 1896 ഏപ്രിൽ 6-ന് നടന്ന ആ മത്സരമാണ്, ഇന്ന് കാണുന്ന തരത്തിലുള്ള ഒളിമ്പിക്സിന് വഴി പാകിയത്. ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്ന് ഫ്രഞ്ച് ബാരൻ പിയറി ഡി കൂബർട്ടിനെ വിളിക്കുമ്പോഴും ആ ആശയത്തിന്റെ കാലപ്പഴക്കം 1830-കളിലെ ഗ്രീസ് വരെ നീണ്ടു കിടക്കുന്നതായിരുന്നു. പാരീസിൽ 2024 ഒളിമ്പികസ് ഗെയിംസ് തിരി തെളിയുന്ന ദിവസം, ഈ ചരിത്രം ഒന്ന് തിരഞ്ഞ് നോക്കാം.history of Olympics

കവിയുടെ ആശയം

1821 മുതൽ 1829 വരെ നീണ്ടുനിന്ന വിപ്ലവത്തിൻ്റെ ആഘാതം പേറിയാണ് ആധുനിക ഗ്രീസിന്റെ ഉദയം. ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുള്ള നാനൂറ് വർഷം ഉൾപ്പെടെ നൂറ്റാണ്ടുകളായി വിദേശ ശക്തികളുടെ ഭരണത്തിന് ശേഷമായിരുന്നു ഈ പുതിയ മാറ്റം. ഒരു കാലത്ത്  നാഗരികതയുടെ ഉന്നതിയായി കണക്കാക്കപ്പെട്ട ഭൂമി, സാമ്പത്തികമായും,സാംസ്കാരികമായും യൂറോപ്പിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നു. അക്കാലത്തെ ഗ്രീക്ക് ബുദ്ധിജീവികൾക്ക്, സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ ഒരു പുതിയ രാഷ്ട്രത്തിൻ്റെ ജനനം ആഘോഷിക്കാനുള്ള തുടക്കം മാത്രമായിരുന്നില്ല. ദേശീയതയുടെ പുനരുജ്ജീവനത്തിന് കൂടിയുള്ള സമയമായിരുന്നു. ഈ ഭൂതകാലത്തു നിന്ന് മാറി രാജ്യത്തിന്റെ അഭിമാനം ഉയർത്തണമെന്ന് കരുതിയവരിൽ കവി പനാഗിയോട്ടിസ് സൗത്സോസും (1806-1868) ഉൾപ്പെട്ടിരുന്നു.

1830-കളുടെ തുടക്കത്തിൽ, ഗ്രീസിൻ്റെ അവസ്ഥയെക്കുറിച്ച് തൻ്റെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് പനാഗിയോട്ടിസ്  നിരവധി കവിതകൾ എഴുതി. 1833-ൽ എഴുതിയ “മരിച്ചവരുടെ സംഭാഷണങ്ങൾ” എന്ന പ്രശസ്തമായ ഒരു കവിത,  ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ മറ്റൊരു ലോകത്ത് നിന്ന് ആധുനിക ഗ്രീസിനെ നോക്കുന്നതായി സങ്കൽപ്പിക്കുന്നു. “എവിടെയാണ് നിങ്ങളുടെ തിയേറ്ററുകളും മാർബിൾ പ്രതിമകളും? / നിങ്ങളുടെ ഒളിമ്പിക് ഗെയിംസ് എവിടെയാണ്?” കവിതയിൽ പ്ലേറ്റോ പറയുന്നു. രണ്ട് വർഷത്തിന് ശേഷം, ഗ്രീക്ക് സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടതിൻ്റെ വാർഷികമായ മാർച്ച് 25 ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ച് അദ്ദേഹം ഗ്രീക്ക് ആഭ്യന്തര മന്ത്രിക്ക് ഒരു കത്ത് എഴുതി. വിവിധ ആഘോഷങ്ങളുള്ള ദേശീയ അവധിയായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിൽ പുരാതന ഒളിമ്പിക്സിന്റെ പുതിയ പതിപ്പും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1856 വരെ ആരും ആശയത്തെ പിന്തുണച്ചില്ല.

സപ്പാസിന്റെ സമ്പാദ്യം

1850-കളോടെ, ഗ്രീക്ക് സ്വാതന്ത്ര്യസമരത്തിലെ വിമുക്തഭടനായ ഇവാഞ്ചലോസ് സപ്പാസ് കിഴക്കൻ യൂറോപ്പിലെ ഏറ്റവും ധനികരിൽ ഒരാളായി. ഒളിമ്പിക്‌സ് പുനരുജ്ജീവിപ്പിക്കാനുള്ള പനാഗിയോട്ടിസ്സിൻ്റെ ആശയത്തോട് അദ്ദേഹം അനുഭവം പ്രകടിപ്പിച്ചു. 1856-ൽ, സപ്പാസ് ഫണ്ട് നൽകാൻ സന്നദ്ധനാണെന്നും, ഗെയിംസ് നടത്തണമെന്നും ഗ്രീക്ക് സർക്കാരിനോട് നിർദ്ദേശിച്ചു. മൂന്ന് വർഷങ്ങൾക്ക്  ശേഷം, സപ്പാസ് ഫണ്ട് നൽകിയ ഒളിമ്പിക്‌സ് 1859-ൽ ഏഥൻസിലെ ഒരു നഗരത്തിൽ നടന്നു. ഓട്ടം, ഡിസ്കസ്, ജാവലിൻ എറിയൽ, ഗുസ്തി, ചാട്ടം, പോൾ ക്ലൈംബിംഗ് എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങൾ ഇതിൽ സംഘടിപ്പിച്ചിരുന്നു. ഇവയെല്ലാം പുരാതന ഗ്രീസിൽ നടന്നവയായിരുന്നു. ഓരോ ഇനത്തിലും വിജയികളായവർക്ക് ക്യാഷ് പ്രൈസും നൽകി. സപ്പാസ് തൻ്റെ പണം ഭാവി ഒളിമ്പിക് ഗെയിംസിന് വേണ്ടി കൂടി മാറ്റിവച്ചു. അദ്ദേഹത്തിൻ്റെ സംഭാവനയിൽ 1870, 1875, 1888 വർഷങ്ങളിൽ ഗെയിംസ് വീണ്ടും നടന്നു. അവസാനത്തേത് നടന്നത് പുതിയതായി നിർമ്മിച്ച പാനഥെനൈക് സ്റ്റേഡിയത്തിലായിരുന്നു, അതിനും പണം നൽകിയത് സപ്പാസ് ആയിരുന്നു.

വില്യം പെന്നി ബ്രൂക്‌സും ഇംഗ്ലീഷ് ഒളിമ്പിക്സും

പുരാതന ഒളിമ്പിക്‌സിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നത് ഗ്രീസിൽ മാത്രമായിരുന്നില്ല. വെൻലോക്ക് എന്ന ഇംഗ്ലണ്ടിലെ ചെറിയ ഗ്രാമത്തിൽ ഡോക്ടറായിരുന്ന ഡബ്ല്യു പി ബ്രൂക്ക്സ് പുരാതന ഗ്രീസിൻ്റെ കടുത്ത ആരാധകനായിരുന്നു. 1859-ൽ ഏഥൻസിൽ സപ്പാസിൻ്റെ വരാനിരിക്കുന്ന ഒളിമ്പിക്സിനെ കുറിച്ച് വായിച്ചതിനുശേഷം, ബ്രൂക്ക്സ് സ്വന്തം നിലക്ക് “വാർഷിക വെൻലോക്ക് ഒളിമ്പിക് ഗെയിംസ്” എന്ന പേരിൽ മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട്, 1866-ൽ, ബ്രൂക്ക്സ് ലണ്ടനിൽ ആദ്യത്തെ “ദേശീയ ഒളിമ്പിക് ഗെയിംസ്” സംഘടിപ്പിച്ചു, ഇത് ബ്രിട്ടനിലെമ്പാടുമുള്ള കായികതാരങ്ങളെയും കാഴ്ചക്കാരെയും ഇങ്ങോട്ട്ആകർഷിച്ചു.

ബ്രൂക്സിൻ്റെ മത്സരം ചിലരെ അസ്വസ്ഥരാക്കി. ബ്രിട്ടീഷ് പ്രഭുവർഗ്ഗം സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർക്ക് വേണ്ടി നടത്തുന്ന മത്സരത്തെ ശക്തമായി എതിർത്തു. ബ്രിട്ടീഷ് പ്രഭുക്കന്മാർ നടത്തുന്ന അമച്വർ അത്‌ലറ്റിക് ക്ലബ്, സമൂഹത്തിലെ ഉയർന്ന ശ്രേണിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അമച്വറിസത്തിൽ (കുറച്ച് ആളുകളെ മാത്രം മത്സരിക്കാൻ അനുവദിക്കുന്ന) ഈ ഫോക്കസ് ഗ്രീസിലേക്കും വ്യാപിച്ചു. തൽഫലമായി, ആദ്യകാല ഒളിമ്പിക്‌സിൻ്റെ ഗുണനിലവാരവും അതിനോടുള്ള ആളുകളുടെ താൽപ്പര്യവും ഇടിഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക് മത്സരം

1880-ൽ, ഒളിമ്പിക്സിൽ താൽപ്പര്യം പുനരുജ്ജീവിപ്പിക്കാൻ, ബ്രൂക്സ് ഒരു പുതിയ ആശയം നിർദ്ദേശിച്ചു: എല്ലാവർക്കുമായി ഒരു അന്താരാഷ്ട്ര ഒളിമ്പിക് മത്സരം. അതുവരെ ബ്രിട്ടനിലും ഗ്രീസിലും നടന്ന ഒളിമ്പിക്സിൽ സ്വന്തം രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഏഥൻസിലെ സ്റ്റേഡിയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ ഒരുമിച്ച് മത്സരിപ്പിക്കണമെന്ന ചരിത്രപരമായ ആശയം ബ്രൂക്സ് തൻ്റെ കത്തിൽ പ്രകടിപ്പിച്ചു.

1890-ൽ ബ്രൂക്‌സിനെ കാണുകയും വെൻലോക്ക് ഗെയിമുകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത ശേഷമാണ് 1892-ൽ പിയറി ഡി കൂബർട്ടിൻ ഈ ആശയം തന്റേതാണെന്ന് പറയുന്നത്. 1894-ൽ അദ്ദേഹം പാരീസിൽ “ഒളിമ്പിക് ഗെയിംസിൻ്റെ പുനരുജ്ജീവനത്തിനുള്ള കോൺഗ്രസ്” സംഘടിപ്പിച്ചു. യുറോപ്പിലുടനീളമുള്ള പ്രതിനിധികളുടെ പങ്കാളിത്തമുണ്ടായിരുന്ന ഈ സമ്മേളനം നിരവധി ദിവസങ്ങൾ നീണ്ടുനിന്നു, 1896 ൽ ഏഥൻസിൽ ആദ്യത്തെ അന്താരാഷ്ട്ര ഒളിമ്പിക് ഗെയിംസ് നടത്താനുള്ള നിർദ്ദേശം മുന്നോട്ട് വച്ചാണ് സമ്മേളനത്തിനെത്തിയവർ പിരിഞ്ഞത്.

പുതുതായി രൂപം കൊണ്ട അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ഏഥൻസ് ഒളിമ്പിക്‌സ് വൻ വിജയമായിരുന്നു. പനാഥെനൈക് സ്റ്റേഡിയത്തിൽ നടന്ന മത്സരം വളരെ വിപുലമായി സംഘടിപ്പിച്ച ആദ്യത്തെ അന്താരാഷ്ട്ര കായിക മത്സരം കൂടിയായിരുന്നു. ഗ്രീസ്, ജർമ്മനി, ഫ്രാൻസ്, ഗ്രേറ്റ് ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ ടീമുകൾക്കൊപ്പം 14 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളാണ് അന്ന് മത്സരത്തിനെത്തിയത്.

Content summary; How the modern Olympics came to be  history of Olympics

×