February 19, 2025 |
Share on

എച്ച്എംപിവി: രാജ്യത്തേക്കുള്ള യാത്ര സുരക്ഷിതമെന്ന് ചൈന; മുന്നറിയിപ്പുമായി ഇന്ത്യ

ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവികമായ ആരോഗ്യപ്രശ്‌നമെന്ന് ചൈന

കോവിഡ് വ്യാപനമുണ്ടായി അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയില്‍ മറ്റൊരു വൈറസ് വ്യാപനം കൂടി ഉണ്ടായിരിക്കുന്നത് ലോകത്തിന് മുഴുവന്‍ ആശങ്കയായിരിക്കുകയാണ്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനത്തിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നിരവധി പേരാണ് ചൈനയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ രോഗം ഗൗരവകരമല്ലെന്നും ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവികമായ  ആരോഗ്യപ്രശ്‌നമായാണ് എച്ച്എംപിവി സംബന്ധിച്ച് ചൈന നല്‍കുന്ന വിശദീകരണം.HMPV: china says safe travel to country; india warns 

രോഗവ്യാപനത്തെ തുടര്‍ന്ന് 2024 ഡിസംബര്‍ മുതല്‍ ചൈനയില്‍ ആരോഗ്യാടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നുമാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ വടക്കന്‍ മേഖലയിലാണ് രോഗം കൂടുതലായി വ്യാപിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍ഫ്‌ളുവന്‍സ എ, മൈക്രോപ്ലാസ്മ, ന്യുമോണിയ, കോവിഡ് 19, ഇപ്പോള്‍ എച്ച്എംപിവി എന്നിവ മൂലമുണ്ടാകുന്ന ശ്വാസസംബന്ധമായ അണുബാധകള്‍ ചൈനയില്‍ വര്‍ധിച്ചു. ഈ അജ്ഞാതമായ ന്യുമോണിയ വ്യാപനം നിരീക്ഷിക്കുന്നതിനായി ചൈനയുടെ രോഗനിയന്ത്രണ അതോറിറ്റി അടുത്തിടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ ശൈത്യകാലത്തും വസന്തകാലത്തും പൊതുവായി ഉണ്ടാകുന്ന ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഇത്തവണ കുറച്ച് കൂടുതലായി എന്നാണ് ചൈന രോഗവ്യാപനത്തെ കുറിച്ച് വിശദീകരിച്ചത്.

രോഗവ്യാപനം വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ ചൈനയിലേക്കുള്ള യാത്രകള്‍ പുനഃപരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപിന്നാലെ ചൈന വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. രാജ്യത്തെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യകാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നും ചൈനയിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതേസമയം, ചൈനയിലെ ആശുപത്രികളിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും പൊതുജനങ്ങളുടെ ഉത്കണ്ഠ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ മാസ്‌ക് ധരിച്ച് ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ വീഡിയോയും സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

2001 ലാണ് ന്യൂമോവിരിഡേ വിഭാഗത്തില്‍പ്പെട്ട എച്ച്എംപിവി വൈറസുകളെ ആദ്യമായി തിരിച്ചറിഞ്ഞത്. ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇവയ്ക്കുള്ളത്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും എച്ച്എംപിവി ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

എച്ച്എംപിവി വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 3 മുതല്‍ 6 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. നേരിയ തണുപ്പ് പോലുള്ള സാഹചര്യത്തിലാണ് രോഗം കൂടുതലായി വ്യാപിക്കുന്നതെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്നു.

നിലവില്‍ എച്ച്എംപിവി ഉയര്‍ത്തുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധമാണ് വേണ്ടതെന്നും വൈറസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) അറിയിച്ചു. എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ ചികിത്സയൊന്നുമില്ലെന്നും, അതിനാല്‍ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണ്. എച്ച്എംപിവി വൈറസിനെ ചെറുക്കാന്‍ വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമായതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും എന്‍സിഡിസി വ്യക്തമാക്കുന്നു. ചുമയോ ജലദോഷമോ ഉള്ളവരില്‍ നിന്ന് അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുകയും ചെയ്യുക. കൂടാതെ പനിയോ ജലദോഷമോ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുകയുമാണ് പ്രധാനമെന്നും എന്‍സിഡിസി ഡയറക്ടര്‍ ഡോ. അതുല്‍ ഗോയല്‍ വ്യക്തമാക്കി.HMPV: china says safe travel to country; india warns 

Content Summary: HMPV: china says safe travel to country; india warns

×