UPDATES

വീണ്ടും കീഴടക്കാന്‍ വരുന്നു ‘ലോറന്‍സ് ഓഫ് അറേബ്യ’

ഈ നൂറ്റാണ്ടിന്റെ ചലചിത്രം

Avatar

അമർനാഥ്‌

                       

”’Nothing is written unless you decide to write it ‘
Peter O’Toole in Lawrence of Arabia’

അറേബ്യയെ ഒരിക്കല്‍ കീഴടക്കിയവന്‍ വീണ്ടും വരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരിക്കല്‍ കൂടി കീഴടക്കാന്‍ ‘ലോകസിനിമയിലെ ഏറ്റവും മികച്ച ക്ലാസിക്ക് ചലച്ചിത്രം എന്ന് വിശേഷിപ്പിക്കുന്ന ഡേവിഡ് ലീന്റെ മഹത്തായ ചലച്ചിത്രം ‘ലോറന്‍സ് ഓഫ് അറേബ്യ’ ആറ് പതിറ്റാണ്ടിന് ശേഷം തിയേറ്ററുകളില്‍ ഓഗസ്റ്റ് 11 ന് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നു.

ചരിത്രത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി വിലയിരുത്തുന്ന, 1962 ല്‍ പുറത്ത് വന്ന ‘ലോറന്‍സ് ഓഫ് അറേബ്യ’ തിയേറ്ററുകളില്‍ എത്തിക്കുന്നത് അമേരിക്കയിലെ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ഫാത്തോമം എന്റര്‍ടെയ്‌നേഴ്‌സ് ആണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കൊളംബിയ പിക്‌ച്ചേഴ്‌സിന്റെ ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി അവരുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ 62ാം വര്‍ഷത്തില്‍ ഓഗസ്റ്റ് 11 നും 12 നും അമേരിക്കയിലും യൂറോപ്പിലും രാജ്യാന്തര സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Lawrence of Arabia
കേണൽ ലോറൻസ്

ഒന്നാം ലോകമഹായുദ്ധസമയത്ത് ടര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ വിഘടിച്ച് നിന്നിരുന്ന അറബി ഗോത്ര വര്‍ഗക്കാരെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാരുടെ മുന്നണിയില്‍ ഉള്‍പ്പെടുത്തി അറേബ്യയിലെ ജര്‍മന്‍ സഖ്യ കക്ഷിയായ തുര്‍ക്കികളുടെ ശക്തികേന്ദ്രങ്ങളിലേക്ക് പടനയിച്ച ഒന്നാം ലോക മഹായുദ്ധത്തിലെ ഇതിഹാസനായകനായ, ബ്രീട്ടിഷുകാരനായ ടി.ഇ. ലോറന്‍സിന്റെ മരുഭൂമിയിലെ പോരാട്ടങ്ങളുടെ സാഹസിക ജീവിതകഥയാണ് ലോറന്‍സ് ഓഫ് അറേബ്യ.

നാല് മണിക്കൂര്‍ ദൈര്‍ഘ്യം, കത്തിജ്വലിക്കുന്ന കണ്ണെത്താത്ത മണലാരണ്യത്തിലൂടെ നീങ്ങുന്ന സൈനികരെ വഹിച്ച ഒട്ടകക്കൂട്ടങ്ങള്‍, മണല്‍ കാറ്റും മരുഭൂമിയിലെ മരീചികകളും. കൂറ്റന്‍ പര്‍വ്വത നിരകള്‍ക്കിടയിയിലൂടെ നീങ്ങുന്ന അറബ് സൈന്യത്തിന്റെ യാത്ര. ഇതൊക്കെ അസാധ്യമായി ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ ഛായഗ്രഹണം.

സ്ത്രീ കഥാപാത്രങ്ങളില്ല, അതിനാല്‍ പ്രണയ കഥയുമില്ല. ത്രസിപ്പിക്കുന്ന ആഖ്യാനം, ആദ്യമായി അറബ് മേഖലയിലെ സംസ്‌കാരവും, ചരിത്രവും ചലചിത്രത്തിലൂടെ മിഴി തുറന്ന വിഖ്യാതനായ ഛായാഗ്രഹകന്‍ സര്‍ ഫെഡ്രി യങ്ങ് കാമറയില്‍ ഒപ്പിയെടുത്ത മനോഹരമായ വര്‍ണ്ണ ചിത്രം, മരുഭൂമിയുടെ ആത്മാവിനെ ചരിത്രാഖ്യാനമായി ബന്ധിപ്പിച്ച്, തൊട്ടുണര്‍ത്തുന്ന മൗറീസ് ജാരെയുടെ സംഗീതം. ഇവയൊക്കെ ഒത്തു ചേര്‍ന്നപ്പോള്‍ ലോറന്‍സ് ഓഫ് അറേബ്യ എക്കാലത്തെയും മഹത്തായ ക്ലാസിക്കായി മാറി.

Lawrence of Arabia
ഡേവിഡ് ലീനും ഛായാഗ്രാഹകൻ ഫെഡ്രി യംഗും .

തോമസ് എഡ്വാര്‍ഡ് ലോറന്‍സ് ആര്‍ക്കിയോജിസ്റ്റ്, ചരിത്രകാരന്‍, നയതന്ത്രജ്ഞന്‍, സമര്‍ത്ഥനായ യുദ്ധതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു. ഇംഗ്ലണ്ടിലെ വെഡ് ലോക്കില്‍ ഒരു ഭൂപ്രഭുവായ സര്‍ തോമസ് ചാപ്പ്മാന്റെ അഞ്ച് മക്കളില്‍ ഒരാളായി 1888 ല്‍ ജനിച്ച ലോറന്‍സ് ഒക്സ്‌ഫോര്‍ഡില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ജയിച്ച് 1909 ല്‍ സിറിയ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ പര്യവേഷണം നടത്തി. അറബ് മേഖലയിലെ കോട്ടകളും, പ്രധാനപ്പെട്ട നഗരങ്ങളുടെ ഭൂമിശാസ്ത്രത്തിലും നല്ല അറിവ് നേടിയ ലോറന്‍സ് 1,100, മൈല്‍ അറബ് മേഖലകളില്‍ സഞ്ചരിക്കുകയും അറബി ഭാഷയിലും സംസ്‌കാരത്തിലും ആചാരങ്ങളിലും ജീവിതരീതികളിലും നല്ല അറിവ് നേടുകയും ചെയ്തു.

ലോകമഹായുദ്ധമാരംഭിച്ചപ്പോള്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന ലോറന്‍സ് കെയ്‌റോവില്‍ ഇംഗ്ലണ്ടിന്റെ വിദേശ ബ്യൂറോവില്‍ എത്തി. അറേബ്യന്‍ മേഖലയിലെ ഭൂമി ശാസ്ത്രം ആഴത്തില്‍ മനസിലാക്കിയ ലോറന്‍സിനെ പ്പോലെ ആരുമില്ലായിരുന്നു. അറബ് നേതാക്കളെ ഒന്നിപ്പിച്ച്, ജര്‍മനിയുടെ സഖ്യകക്ഷിയായ തുര്‍ക്കികളുടെ ഓട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ പട നയിക്കുക എന്ന ദൗത്യമായിരുന്നു ലോറന്‍സിന്റെത്. ഡമാസ്‌കസ് ഉള്‍പ്പടെ തുര്‍ക്കി ശക്തികേന്ദ്രങ്ങളെ അവരുടെ അധീനതയില്‍ നിന്ന് മോചിപ്പിക്കാന്‍ അറബ് ഗോത്രങ്ങളുമായി ചേര്‍ന്ന് കലാപം ആരംഭിക്കാന്‍ ഒരു നേതാവായ ഹുസൈന്റെ മകന്‍ ഫൈസലുമായി ലോറന്‍സ് യോജിച്ച് പടനയിച്ചു. അറബ് വേഷം ധരിച്ച് അവരുടെ രീതികളും ആചാരങ്ങളും സ്വീകരിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ സ്വതവേ സംശയാലുക്കളായ അറബ് ഗോത്രവര്‍ഗക്കാരുടെ വിശ്വാസം നേടാന്‍ ലോറന്‍സിന് കഴിഞ്ഞു. അവര്‍ അയാളെ യുദ്ധനേതാവായി അംഗീകരിച്ചു. പിന്നിട് നടന്ന യുദ്ധങ്ങളില്‍ തുര്‍ക്കികളെ തകര്‍ത്ത് അവരുടെ ശക്തികേന്ദ്രങ്ങള്‍ ലോറന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. മിക്കവാറും കീഴടക്കാന്‍ കഴിയില്ലെന്ന് കരുതപ്പെട്ട ഡമാസ്‌കസുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ചെങ്കടലിലെ ഒരു പട്ടണമായ അക്കാബ പിടിച്ചെടുത്തതാണ്, ലോറന്‍സിന്റെ അറേബ്യയിലെ ഏറ്റവും പ്രശസ്ത വിജയം.

Lawrence of Arabia
സംവിധായകൻ സർ ഡേവിഡ് ലീൻ പീറ്റർ ഒ ടൂളിനോടൊപ്പം ചിത്രീകരണ വേളയിൽ

അക്കാലത്തെ തന്റെ യുദ്ധാനുഭവങ്ങളും സാഹസിക ജീവിതവും രേഖപ്പെടുത്തി(191618) എഴുതിയ ‘Revolt In The Desert ‘ 1926 ല്‍ പ്രസിദ്ധീകരിച്ചതോടെയാണ് ടി.ഇ ലോറന്‍സ് എന്ന സാഹസികനെ ലോക മറിഞ്ഞത്. പിന്നിട് 1935 ല്‍ വിശദാശങ്ങളള്‍പ്പെടുത്തിയ പുതിയ പതിപ്പ് ‘Seven Pillars of Wisdom ‘ എന്ന പുസ്തകമായി പുറത്ത് വന്നു.

എല്ലാം അവസാനിപ്പിച്ച് യുദ്ധാനന്തര ജീവിതവുമായി ഇംഗ്ലണ്ടിലെ ഡോര്‍സെറ്റില്‍ കഴിയുകയായിരുന്ന ലോറന്‍സ് ഡോര്‍സെറ്റില്‍ താന്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ട് 1935 മെയ് 19 ന് കൊല്ലപ്പെട്ടു. വെറും 46 വയസ്സ് മാത്രമായിരുന്നു അപ്പോള്‍ അദേഹത്തിന്റെ പ്രായം. തോമസ് എഡ്വാര്‍ഡ് ലോറന്‍സ് അപ്പോഴേക്കും ലോറന്‍സ് ഓഫ് അറേബ്യ എന്ന പേരില്‍ ലോക ചരിത്രത്തില്‍ അനശ്വരനായി മാറി കഴിഞ്ഞിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ലോറന്‍സിന്റെ സുഹൃത്തും സമകാലീനനുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ദുഃഖത്തോടെ, ആദരവോടെ ചരമ കുറിപ്പിലെഴുതി;

‘One of the greatest beings alive in our time’.

ലോറന്‍സിന്റെ ഈ രണ്ട് പുസ്തകങ്ങളെയും അടിസ്ഥാനമാക്കിയാണ് റോബര്‍ട്ട് ബോള്‍ട്ടും മൈക്കേല്‍ വില്‍സണു ചിത്രത്തിന് തിരക്കഥയെഴുതിയത്. 1957 ല്‍ ഓസ്‌കറുകള്‍ വാരി കൂട്ടിയ യുദ്ധവിരുദ്ധചിത്രമായ ‘The Bridge on the River Khawi’ യുടെ വന്‍ വിജയത്തിന് ശേഷം ഡേവിഡ് ലീന്‍ രണ്ട് പ്രശസ്തരെ വിഷയമാക്കി അടുത്ത ചിത്രം പ്ലാന്‍ ചെയ്തു.
ഒന്ന് ഗാന്ധി രണ്ട് ടി.ഇ. ലോറന്‍സ്. ഒടുവില്‍ നിര്‍മാതാവായ സാം സ്പീഗലിന്റെ നിര്‍ദേശപ്രകാരം ചരിത്രപുരുഷനായ ടി.ഇ. ലോറന്‍സിനെ അവതരിപ്പിക്കാന്‍ ഡേവിഡ് ലീന്‍ തീരുമാനിച്ചു. സ്റ്റേജില്‍ ‘റോസ്സ്’ എന്ന പേരില്‍ വളരെക്കാലം ടി.ഇ ലോറന്‍സായി അഭിനയിച്ച അലക് ഗിന്നസ്സ് ചലച്ചിത്രത്തിലും ലോറന്‍സായി വേഷം ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും അലക് ഗിന്നസ്റ്റിന് പ്രായം കൂടുതലാണെന്ന കാരണത്താല്‍ ഡേവിഡ് ലീനും, സാം സ്പീഗലും നിരസിച്ചു.

Lawrence of Arabia
ഡേവിഡ് ലീനും സംഘവും ചിത്രീകരണ വേളയിൽ

മര്‍ലിന്‍ ബ്രാന്‍ഡോ, മോണ്ട്‌ഗോമറി ക്ലിഫ്റ്റ്, ആന്റണി പെര്‍ക്കിന്‍സ് എന്നീ പ്രശസ്ത നടന്മാരെ ലോറന്‍സിന്റെ വേഷത്തിന് പരിഗണിച്ചെങ്കിലും അവരെല്ലാം തഴഞ്ഞ് അപ്രശസ്തനായ സ്റ്റേജ് നടന്‍ അല്‍ബര്‍ട്ട് ഫിന്നിയെ തെരഞ്ഞെടുത്തു. സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം തിരക്കഥയിലെ സംഭാഷങ്ങള്‍ വരെ പഠിച്ച് അയാള്‍ തയ്യാറായപ്പോള്‍ സംവിധായകനായ ഡേവിഡ് ലീനും നിര്‍മാതാവായ സാം സ്പീഗലിനും ഫിനിയുടെ അഭിനയത്തില്‍ പൂര്‍ണ സംതൃപ്തിയായിരുന്നു. എന്നാല്‍ സാം സ്പീഗലിന്റെ കരാര്‍ വ്യവസ്ഥയില്‍ അതൃപ്തനായി ആല്‍ബര്‍ട്ട് ഫിന്നി തന്റെ വേഷം ഉപേക്ഷിച്ച് സ്ഥലം വിട്ടു.

ഒടുവില്‍ The Day They Robbed Bank of England എന്ന ചിത്രത്തില്‍ ചെറു വേഷം ചെയ്ത, ഒരു സ്റ്റേജ് നടന്‍ കൂടിയായ യോക്ക് ഷെയറുകാരനായ 26 കാരന്‍ പീറ്റര്‍ ഓ ടൂള്‍ എന്ന നടനെ ലോറന്‍സായി തെരഞ്ഞെടുത്തു. പിന്നിടുള്ളത് ചരിത്രമാണ്.

ജ്വലിക്കുന്ന നീലക്കണ്ണുകളും സുന്ദരമായ മുടിയും ഒഴുകുന്ന അറബ് വസ്ത്രങ്ങളും കൊണ്ട് ലോറന്‍സിന്റെ മാസ്മരിക ഭാവം പൂര്‍ണമായും പകര്‍ത്തിയ പീറ്റര്‍ ഓ ടൂള്‍, ഈയൊരു കഥാപാത്രത്തിലൂടെ പിന്നിട് ഈ സിനിമയിലൂടെ അനശ്വരനായി. പീറ്റര്‍ ഒ ടൂളിനെ മാത്രമല്ല ഈ ചിത്രം താരപദവിയിലേക്കുയര്‍ത്തിയത്. പടത്തില്‍ ആദ്യം ഒരു ചെറിയ വേഷം ചെയ്യാനെത്തിയ ഈജിപ്റ്റിലെ ചലചിത്ര നടന്‍ ഓമര്‍ ഷെറീഫ് പിന്നീട് മറ്റൊരു പ്രധാന വേഷമായ ഷെറഫലി, ഫൈസല്‍ രാജാവിന്റെ വിശ്വസ്തനായ സേനാധിപനായി മികച്ച അഭിനയം കാഴ്ച്ച വെച്ചു
ആഗോള താര പദവിയിലേക്ക് ഉയര്‍ന്നു.

Lawrence of Arabia
ഔദ അബുതായ് ( ആൻ്റണി ക്യൂൻ) ലോറൻസ് ( പീറ്റർ ഒ ടൂൾ) ഷെറീഫ് അലി ( ഓമർ ഷെറീഫ്)

ഫൈസല്‍ രാജാവായി അലക് ഗിന്നസ്സും, ജനറല്‍ അല്ലെന്‍ബിയായി ജാക്ക് ഹാക്കിന്‍സും, ഔദാ അബുദായ് എന്ന അറബ് ഗോത്രത്തലവനായി ആന്റണി ക്യൂനും അഭിനയിച്ചു. ഓമര്‍ ഷെറീഫ് അഭിനയിച്ചു ശ്രദ്ധേയമാക്കിയ ഷെറഫലി യുടെ വേഷം അന്നത്തെ ഇന്ത്യന്‍ ബോളിവുഡ് സൂപ്പര്‍ താരം ദിലീപ് കുമാറിന് നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിച്ചു.

എന്നാല്‍ ബോളിവുഡിലെ മറ്റൊരു നടന്‍ ഐ.സ്. ജോഹര്‍ ഒരു ശ്രദ്ധേയമായ ചെറു വേഷം ഇതില്‍ ചെയ്തു. പാക്കിസ്ഥാന്‍ നടനായ സിയാ മൊയ്ദീന്‍ ലോറന്‍സിന്റെ മരുഭൂമിയിലെ ആദ്യ യാത്രയിലെ വഴികാട്ടിയായി അഭിനയിച്ച് ചെറു വേഷമാണെങ്കിലും, ശ്രദ്ധ നേടി. കൂടാതെ പോര്‍ട്ടോറിക്കോ നടനും സംവിധായകനും ടിവി താരവും ജോ ഫെറിയര്‍. ആന്റണി ക്വയില്‍, ആര്‍തര്‍ കെന്നഡി തുടങ്ങിയ ഹോളിവുഡ് നടന്മാരും അഭിനയിച്ചു.

15 മില്യണ്‍ ഡോളറായിരുന്നു (ഇന്നത്തെ 125 കോടി ഇന്ത്യന്‍ രൂപ) ലോറന്‍സ് ഓഫ് അറേബ്യയുടെ നിര്‍മ്മാണ ചിലവ്. അക്കാലത്തെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം. ജോര്‍ദ്ദാന്‍, മൊറാക്കോ, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് 18 മാസങ്ങളിലായി ചിത്രീകരണം നടത്തിയത്.

മരുഭൂമിയുടെ രാക്ഷസീയ സൗന്ദര്യം ദീര്‍ഘദൂര ഷോര്‍ട്ടുകളായി പകര്‍ത്തിയ ഛായാഗ്രഹകനായ സര്‍ ഫെഡി യംഗ് ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ലോങ് ഷൂട്ടാണ് ലോക സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നീളമുള്ള ഛായാഗ്രഹണ രംഗം. മരുഭൂമിയില്‍ ദൂരെ നിന്ന് കുതിരപ്പുറത്ത് വരുന്ന ഷെറിഫലിയെ ലോറന്‍സും വഴികാട്ടിയും വീക്ഷിക്കുന്ന 10 മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഈ രംഗം പിന്നിട് 1989 ല്‍ ഡേവിഡ് ലീന്‍ പുതിയ പതിപ്പില്‍ 2 മിനിറ്റായി വെട്ടിക്കുറച്ചു. ഈ രംഗം അന്ന് ചിത്രീകരിക്കാന്‍ പാനാ വിഷന്‍ കമ്പനിയുടെ പ്രത്യേക ലെന്‍സുകളാണ് (482 എംഎം) ഉപയോഗിച്ചത്. പിന്നിട് പാനാ വിഷന്‍ കമ്പനി അതിന് ഡേവിഡ് ലീന്‍ ലെന്‍സുകള്‍ എന്ന് പേരിട്ടു ചരിത്ര സ്മാരകമായി സൂക്ഷിച്ചു.

Lawrence of Arabia
ഏറ്റവും ദൈർഘ്യമുള്ള ഛായാഗ്രഹണ രംഗം.

ജോര്‍ദ്ദാന്‍ രാജാവ് ഹുസ്സെന്‍ തന്റെ സൈന്യത്തിലെ പടയാളികളെ ചിത്രീകരണത്തിനായി വിട്ടുകൊടുത്തു. ചലചിത്രത്തിലെ പടയാളികളായി അഭിനയിച്ചത് യഥാര്‍ത്ഥ സൈനികരാണ്. 3 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യം 1962 ഡിസംബര്‍ 10 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വന്‍ സാമ്പത്തിക വിജയം നേടി. നിര്‍മാണ ചിലവിന്റെ നാലിരിട്ടി ലാഭം കിട്ടിയ ഈ ചലച്ചിത്രം 1963 മികച്ച ചലച്ചിത്രം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം, ശബ്ദലേഖനം, കലാസംവിധാനം എന്നി മേഖലയില്‍ 7 ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ചതാണെങ്കില്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ ആസ്വദിക്കും എന്നത് ലോറന്‍സ് ഓഫ് ഓഫ് അറേബ്യയുടെ മഹത്തായ വിജയം തെളിയിച്ചു. ‘ Nothing is Written ‘ , No Prisoners ‘ തുടങ്ങി, ചിത്രത്തിലെ പല ഡയലോഗുകളും പിന്നീട് ലോക ചലച്ചിത്ര സാഹിത്യത്തില്‍ അനശ്വര ഉദ്ധരിണികളായി മാറി.

2012 ല്‍ ലോറന്‍സ് ഓഫ് അറേബ്യയുടെ 50ാം വര്‍ഷം ആഘോഷിക്കപ്പെടുമ്പോഴും കലാപരമായി ഇതിനോട് കിട പിടിക്കാന്‍ ഒരു ചിത്രവുമില്ല എന്ന് ലോകമെമ്പാടുള്ള പ്രേക്ഷകരുടെ അഭിപ്രായവോട്ടെടുപ്പില്‍ അംഗീകരിക്കപ്പെട്ടു. ഡേവിഡ് ലീന്‍ എന്ന മികച്ച സംവിധായകന്റെ ക്രാഫ്റ്റ് മാന്‍ഷിപ്പ് സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്, റിഡ്ലി സ്‌കോട്ട് തുടങ്ങിയ പിന്നീടു വന്ന ആധുനിക സംവിധായകരെയൊക്കെ വന്‍ രീതിയില്‍ സ്വാധീനിച്ചു. ലോകവ്യാപകമായി നിരൂപകരുടെ പ്രശംസ നേടിയ ലോറന്‍സ് ഓഫ് അറേബ്യ പ്രേക്ഷകര്‍ കാണാന്‍ തലമുറകളായി ആഗ്രഹിക്കുന്ന എക്കാലത്തെയും അനശ്വര ചിത്രമായി ഇന്നും നിലനില്‍ക്കുന്നു.

ഈജിപ്റ്റ് ഒഴികെ പല അറബ് രാജ്യങ്ങളും തങ്ങളുടെ സംസ്‌കാരത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന കാരണം പറഞ്ഞ് ആദ്യ കാലത്ത് ഈ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Lawrence of Arabia
ടി ഇ ലോറന്‍സ്‌

1964 ല്‍ പ്രശസ്തമായ അമേരിക്കന്‍ ടെലിവിഷന്‍ ഷോയായ ‘ജാക്ക് പാര്‍ ടാക് ഷോയില്‍ സംസാരിക്കാന്‍ എത്തിയ യഥാര്‍ത്ഥ ലോറന്‍സിന്റെ ഇളയ സഹോദരനായ ആര്‍നോള്‍ഡ് ലോറന്‍സ് ഡേവിഡ് ലീ ന്റെ ‘ലോറന്‍സ് ഓഫ് അറേബ്യ’ എന്ന ചിത്രത്തിനെ നിശിതമായി വിമര്‍ശിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ആര്‍ക്കിയോളജി പ്രൊഫസറായ ആര്‍നോള്‍ഡ് ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി ലോക പ്രസിദ്ധിയാര്‍ജ്ജിച്ച തന്റെ സഹോദരനെ കുറിച്ചുള്ള ക്ലാസിക്ക് ചിത്രത്തെ ‘ഭാവനയും കള്ളവും’ എന്നാണ് കുറ്റപ്പെടുത്തിയത്.

‘മനശാസ്ത്രപരമായ ഒരു പാചകക്കുറിപ്പാണ് അവരുപയോഗിച്ചത്. ന്യൂയോര്‍ക്ക് ടൈംസിലെ അഭിമുഖത്തില്‍ ആര്‍നോള്‍ഡ് പറഞ്ഞു. ‘അര ഔണ്‍സ് നാര്‍സിസം, ഒരു പൗണ്ട് എക്‌സിബിഷനിസം, ഒരു പൈന്റ് സാഡിസം, ഒരു ഗാലണ്‍ രക്തദാഹം എന്നിവ ചേര്‍ത്താണ് ലോറന്‍സിനെ നിര്‍മ്മിച്ചത്. എനിക്ക് അറിയാവുന്ന ലോറന്‍സ് ഏറ്റവും ദയവാനായ, സന്തോഷവാനായ ഒരു വ്യക്തിയാണ്. വിഷമതയിലും സന്തോഷവാനായ വ്യക്തിയാണ് എന്റെ സഹോദരന്‍’ ആര്‍നോള്‍ഡ് പറഞ്ഞു.  Hollywood classic lawrence of arabia return to theaters david lean peter otoole

Share on

മറ്റുവാര്‍ത്തകള്‍