പ്രശസ്ത സംവിധായകനും നടനുമായ റോബ് റെയ്നര്‍, ഭാര്യ മിഷേല്‍ സിംഗര്‍ റെയ്നര്‍ എന്നിവരുടെ കൊലപാതകത്തില്‍ മകന്‍ നിക്ക് റെയ്നര്‍ അറസ്റ്റില്‍. നിക്കിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലോസ് ഏഞ്ചല്‍സ് പോലീസ് മേധാവി ജിം മക്‌ഡൊണല്‍ അറിയിച്ചു.
32 കാരനായ നിക്ക് റെയ്നറെ ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ജയില്‍ രേഖകള്‍ പ്രകാരം നിക്കിന് ആദ്യം 4 മില്യണ്‍ ഡോളര്‍ കെട്ടിവച്ച് ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം നിഷേധിച്ച് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നിക്കിനെതിരേ ആദ്യം ആരോപിക്കപ്പെട്ടിരുന്നത് സംഘടിത പ്രവര്‍ത്തനം എന്നു മാത്രമായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പൊലീസ് നല്‍കിയിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിക്ക് റെയ്നര്‍ക്കെതിരെ മാതാപിതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് കേസെടുത്തു എന്ന് പൊലീസ് സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് നിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ജിം മക്‌ഡൊണാള്‍ഡ് പറഞ്ഞു.
ഞായറാഴ്ച്ച പ്രാദേശിക സമയം 3:30 നാണ് ലോസ് ഏഞ്ചല്‍സിലെ അഗ്നിശമന സേന വിഭാഗത്തിലേക്ക് ബ്രെന്റ്വുഡിലുള്ള റോബ് റെയ്നര്‍-മിഷേല്‍ സിംഗര്‍ റെയ്നര്‍ ദമ്പതിമാര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും വൈദ്യസഹായം ആവശ്യപ്പെട്ട് വിളിക്കുന്നത്. ഈ വീടിന് എതിര്‍വശത്ത് താമസിക്കുന്ന ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ അപകടാവസ്ഥയില്‍ ആദ്യം കണ്ടെത്തയതെന്നാണ് വിവരം. ഇവരാണ് ഫോണ്‍ ചെയ്ത് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് 78 വയസ്സുള്ള ഒരു പുരുഷനെയും 68 വയസ്സുള്ള ഒരു സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നീടാണ് മൃതദേഹങ്ങള്‍ റോബ് റെയ്നറുടെയും മിഷേല്‍ റെയ്നറുടെതുമാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലോസ് ഏഞ്ചല്‍സ് റോബറി ഹോമിസൈഡ് ഡിവിഷല്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് റെയ്നര്‍ ദമ്പതിമാരുടെത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിന്നാലെ നിക്കിനെ ചോദ്യം ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച് നിക്ക് റെയ്നറെ ഞായറാഴ്ച്ച രാത്രി 9:15 ന് നിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസ് ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സ് കൗണ്ടി ജില്ലാ അറ്റോര്‍ണിക്ക് കൈമാറുമെന്നാണ് പൊലീസ് പറയുന്നത്.
1970-കളില്‍ പുറത്തു വന്ന ഓള്‍ ഇന്‍ ദ ഫാമിലിയുടെ ഒമ്പത് സീസണുകളിലെ പ്രകടനത്തിലൂടെയാണ് റോബ് റെയ്നര്‍ പ്രശസ്തിയിലേക്ക് ഉയരുന്നത്. ഇതിലെ പ്രകടനത്തിന് റോബ് രണ്ട് എമ്മി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്.
ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ് (1984), സ്റ്റാന്‍ഡ് ബൈ മി (1986), ദി പ്രിന്‍സസ് ബ്രൈഡ് (1987), വെന്‍ ഹാരി മെറ്റ് സാലി (1989), മിസറി (1990), എ ഫ്യൂ ഗുഡ് മെന്‍ (1992) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ഹോളിവുഡില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇതില്‍ എ ഫ്യൂ ഗുഡ് മെന്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടി.
മാതാപിതാക്കളുടെ കൊലപാതക കുറ്റത്തിന് അറസ്റ്റിലായ നിക്ക് റെയ്നറും ഹോളിവുഡിലെ ഒരു തിരക്കഥാകൃത്താണ്. റോബിനൊപ്പം 2015-ല്‍ ബീയിംഗ് ചാര്‍ലി എന്ന സിനിമയില്‍ നിക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിക്ക് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് പുറത്തു വരുന്നത്. കൗമാരപ്രായത്തില്‍ തന്നെ നിക്ക് ലഹരി വിമുക്തിക്ക് ചികിത്സ തേടാന്‍ തുടങ്ങിയിരുന്നു. 22 വയസ്സായപ്പോഴേക്കും 17-ല്‍ അധികം തവണയാണ് പുനരധിവാസ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയത്. ബീയിംഗ് ചാര്‍ളി നിക്കിന്റെയും റോബിന്റയും ആത്മകഥാപരമായ ഒരു ചലച്ചിത്രമാണ്. ലഹരിക്കടിമയായ ഒരു 18 കാരന്റെയും മാതാപിതാക്കളുടെയും കഥയാണ് പറയുന്നത്.
Content Summary; Hollywood director and actor Rob Reiner and his wife Michele Singer Reiners murder, Their son Nick Reiner arrested.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.