മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തന്നെ വിവാഹത്തിന് നിർബന്ധിച്ചാൽ കഠിനമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സോനം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രാജ് കുശ്വാഹയുമായുള്ള ബന്ധത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ കുടുംബം അതിനെ എതിർക്കുകയായിരുന്നുവെന്നും സോനത്തിന്റെ സഹോദരൻ വിപിൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
രാജ രഘുവംശിയെ വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ലെന്നും രാജ് കുശ്വാഹയുമായി പ്രണയത്തിലാണെന്നും സോനം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ രാജുമായുള്ള ബന്ധത്തെ എതിർത്ത കുടുംബം രഘുവംശിയെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് വിപിൻ പറഞ്ഞു.
കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സോനം വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ, ഇതിന്റെ അനന്തരഫലങ്ങൾ കുടുംബം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും സോനം നൽകിയിരുന്നു. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയോട് താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ പിന്നീട് അറിയുമെന്നും സോനം പറഞ്ഞു. എന്നാൽ അവൾ രാജ രഘുവംശിയെ കൊല്ലുമെന്ന് ആരും കരുതിയിരുന്നില്ല, വിപിൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സോനവും ആൺസുഹൃത്തായ രാജും ചേർന്ന് രാജയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വിപിൻ്റെ മൊഴി പുറത്തുവരുന്നത്.
അതേസമയം, എന്ത് സംഭവിച്ചാലും ഭർത്താവിനെ കൊലപ്പെടുത്താൻ സോനം തീരുമാനിച്ചിരുന്നുവെന്ന് ഇന്ത്യ ടുഡെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വാടകകൊലയാളികൾക്ക് കൃത്യം നിർവ്വഹിക്കാനാകാതെ വരുകയാണെങ്കിൽ മലയുടെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിടാൻ സോനം തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ വിവരം സോനം രാജിനോട് പറഞ്ഞതായി തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മെയ് 15 ന് ഇൻഡോറിലെ അമ്മയുടെ വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സോനം കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. അവിടെ നിന്ന് ഗുവാഹത്തിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഫോൺ കോളുകൾ വഴി രാജുമായി ഗൂഢാലോചന നടത്തുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെയ് 11 ഇൻഡോറിൽ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മെയ് 20 ദമ്പതികൾ ഹണിമൂണിനായി ഷില്ലോങ്ങിലേക്ക് പോവുകയായിരുന്നു. മെയ് 21 ന് ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തിനെയും മെയ് 23നാണ് കാണാതാവുന്നത്.
Content Summary: honeymoon murder; Sonam Threatened Her Mother With Consequences After Marriage