June 04, 2026 |
Share on

ബന്ദി കൈമാറ്റം പൂർത്തിയായി; 20 പേരും ഇസ്രയേൽ മണ്ണിൽ തിരികെയെത്തി

13 ബന്ദികളുടെ പേരുകൾ സ്ഥിരീകരിച്ചിട്ടുണ്ട്

ഹമാസിന്റെ തടവിലായിരുന്ന 20 ബന്ദികളും ഒടുവിൽ ഇസ്രയേൽ തിരികെയെത്തി. ബന്ദികളുടെ രണ്ടാമത്തെ സംഘം ഇപ്പോൾ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് തിരിച്ചെത്തിയതായി ഇസ്രായേൽ സൈന്യത്തിന്റെ റിപ്പോർട്ട്.

ഇതോടെ ഹമാസ് തടവിലാക്കിയിരുന്ന ബന്ദികളിൽ ജീവനോടെയുള്ള 20 പേരും ഇസ്രായേലി മണ്ണിൽ സുരക്ഷിതരായെത്തി. മോചിപ്പിക്കപ്പെട്ട രണ്ടാമത്തെ സംഘം ബന്ദികളുടെ പേരുകൾ ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഹമാസ് ഇപ്പോൾ മോചിപ്പിച്ച 13 ബന്ദികളുടെ പേരുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

എൽക്കാന ബോഹ്ബോട്ട്, അവിനാറ്റാൻ ഓർ, യോസെഫ്-ഹൈം ഓഹാന , എവ്യാത്തർ ഡേവിഡ്, റോം ബ്രാസ്ലബ്സ്കി, സേഗെവ് കൽഫോൺ, മാക്സിം ഹെർകിൻ, ബാർ കൂപ്പർസ്റ്റീൻ, എയ്തൻ ഹോൺ, ഏരിയൽ കുനിയോ, ഡേവിഡ് കുനിയോ, മാതൻ സാംഗൗകർ, നിംറോദ് കോഹൻ എന്നിവരെയാണ് രണ്ടാം ഘട്ടത്തിൽ വിട്ടയച്ചത്. ഇന്ന് രാവിലെ മോചിപ്പിക്കപ്പെട്ട ഏഴ് ബന്ദികൾക്ക് പിന്നാലെയാണ് ഇവരെയും വിട്ടയച്ചത്.
ഇതോടെ, ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചിരുന്ന 20 ബന്ദികളെയും മോചിപ്പിച്ചു.

ജയിലിൽ കഴിയുന്ന 250 പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇസ്രയേലിൽ തടവിലാക്കപ്പെട്ട മറ്റ് ആയിരക്കണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്‌തീനികൾ കാത്തിരിക്കുകയാണ്. ക്ഷാമബാധിതരായ ഗാസ പ്രദേശത്തേക്കുള്ള സഹായവും ഈ കരാറിൽ നിന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞയാഴ്‌ച ഈജിപ്‌തിൽ നടന്ന ചർച്ചകളിൽ ഇസ്രയേൽ, ഹമാസ്, ഖത്തർ, തുർക്കി എന്നിവയുൾപ്പെടെയുള്ള മധ്യസ്ഥർക്കൊപ്പം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ചതിനെത്തുടർന്നാണ് യുദ്ധം അവസാനിച്ചത്. രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിനു ശേഷമുള്ള നിർണായക വെടിനിർത്തലിൻ്റെ ഭാഗമായാണ് ബന്ദികളുടെ മോചനം ആരംഭിച്ചത്. ഇസ്രയേൽ തടവിലാക്കിയിരുന്ന നൂറുകണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്‌തീനികൾ കാത്തിരിക്കുകയാണ്.

സമാധാന കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവച്ചതിനുശേഷം, ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിൽ നിന്ന് പിൻവാങ്ങി. ഇതിന് പിന്നാലെ ലക്ഷക്കണക്കിന് പലസ്‌തീനികളെ ഗാസയിലെ അവരുടെ വീടുകളിലേക്ക് മടങ്ങി. ഗാസ സിറ്റിയിലും തെക്കൻ ഗാസയിലും സായുധ പൊലീസിനെ വിന്യസിപ്പിച്ചു. ഇസ്രയേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളില്‍ ഇതിനോടകം പട്രോളിങ് ആരംഭിച്ചു.

content summary: Hostage transfer complete, All 20 safely back in Israel

Tags:

Leave a Reply

Your email address will not be published. Required fields are marked *

×