July 14, 2026 |
Share on

അദാനിയെ മുന്‍ നിര്‍ത്തി സയണിസ്റ്റ്-ഹിന്ദുത്വ-മുതലാളിത്ത ബാന്ധവം ഇസ്രയേല്‍ ഉറപ്പിക്കുന്നതെങ്ങനെ?

സയണിസ്റ്റ്-ഹിന്ദുത്വ ബാന്ധവത്തിന്റെ വളര്‍ച്ചയായി ഇസ്രയേല്‍-ഇന്ത്യ ബന്ധം വളരണമെന്ന് ഇസ്രയേല്‍ പക്ഷക്കാര്‍ പലരും കരുതുന്നുണ്ട്

ഗസയിലെ കൂട്ടക്കൊലയ്ക്കും കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള യുദ്ധ കുറ്റങ്ങള്‍ക്ക് ശേഷവും അമേരിക്കയൊഴികെയുള്ള ലോക ശക്തികളില്‍ നിന്ന് വിമര്‍ശനവും അകല്‍ച്ചയും നേരിടുന്ന ഇസ്രയേല്‍ അവരുടെ ഉറ്റബന്ധുക്കളായി ഇന്ത്യയെ മാറ്റുന്നതിന് ഗൗതം അദാനിയുടെ വ്യവസായ താത്പര്യങ്ങളെ ഉപയോഗിക്കുകയാണ്. സയണിസ്റ്റ്-ഹിന്ദുത്വ ബാന്ധവത്തിന്റെ വളര്‍ച്ചയായി ഇസ്രയേല്‍-ഇന്ത്യ ബന്ധം വളരണമെന്ന് ഇസ്രയേല്‍ പക്ഷക്കാര്‍ പലരും കരുതുന്നുണ്ട്. അതിന് അവര്‍ കണ്ടെത്തുന്നത് രണ്ട് വഴികളാണ്. ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്ക് പുതിയ വ്യവസായ ലോകങ്ങള്‍ തുറന്ന് കൊടുക്കുക, ഇസ്രയേല്‍ പോലെ തന്നെ മുസ്ലീങ്ങളില്‍ നിന്ന് ആക്രമണം നേരിടുന്ന ഒരു രാജ്യമായാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച് പിന്തുണ നല്‍കുക വഴി ഹിന്ദുത്വയുടെ താത്പര്യങ്ങളെ സംരക്ഷിക്കുക.

സയണിസ്റ്റ് രാഷ്ട്രീയത്തെ ഹിന്ദുത്വയോടൊപ്പം ചേര്‍ക്കുന്നതിനൊപ്പം ഇസ്രയേലിന്റെ ഏറ്റവും വലിയ കരുത്തായ മുതലാളിത്ത ലോകത്തിന്റെ ബാന്ധവം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ വിദേശ നയങ്ങള്‍ പലതും രൂപീകരിക്കുന്നതില്‍ നിര്‍ണായകമായി തീരുന്നത് ഗൗതം അദാനിയുടെ വ്യവസായ താത്പര്യങ്ങളാണ് എന്ന വിമര്‍ശനത്തിനിടയിലാണ് അതേ വഴി തന്നെ ഉപയോഗിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഈ യുദ്ധകാലത്ത് ഇസ്രയേലിനൊപ്പം അടിയുറച്ച് നിന്നതെന്നും ഇതിനെല്ലാം ശേഷവും ഇന്ത്യയിലേയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ ഔദ്യോഗികമായി ക്ഷണിച്ച നരേന്ദ്ര മോദിയും സയണിസ്റ്റ് ലോകത്തിന്റെ അടുത്ത ചങ്ങാതിമാരാണെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

ചേരി ചേരാ നയത്തില്‍ അടിയുറച്ച് നില്‍ക്കുകയും ലോകത്തെ സമാധാന ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തിരുന്ന രാജ്യമെന്ന നിലയില്‍ നിന്ന് അരേിക്കയും ഇസ്രയേലും ഉള്‍പ്പെടുന്ന അധിനിവേശ-മുതലാളിത്ത സമൂഹത്തിലേയ്ക്ക് ഇന്ത്യയെ കൂടി അടുപ്പിക്കാനുള്ള ശ്രമമാണ് അവര്‍ ഇപ്പോള്‍ നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊരാളായ ജര്‍മനി ഹിറ്റ്ലറുടെ നാത്സി കാലഘട്ടത്തിന്റെ വിട്ടുമാറാത്ത കുറ്റബോധം നിമിത്തം ഇസ്രയേലിന്റെ രൂപവത്കരണ കാലം മുതല്‍ അവരെ തുണച്ച് പോന്നിരുന്ന രാജ്യമാണ്. എന്നാല്‍ ഗസയിലെ മനുഷ്യവിരുദ്ധമായ തുടര്‍ ആക്രമണങ്ങള്‍ക്ക് ശേഷം ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ ശക്തികള്‍ ഇസ്രയേലിലോട് അകലം പാലിക്കുകയാണ്.

ഈയടുത്തിടെ ജെറുസലേം പോസ്റ്റ് എന്ന സയണിസ്റ്റ്് പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച, ജൂത മത ഭരണസമിതിയായ ഖനസെറ്റിലെ മുന്‍ അംഗം കൂടിയായ, ഗദീര്‍ കമാല്‍ റീ പങ്കുവയ്ക്കുന്നതും ഈ അഭിപ്രായം തന്നെയാണ്. ദീര്‍ഘകാല സഖ്യകക്ഷികളായ ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ നിര്‍ണായക മുഹൂര്‍ത്തത്തില്‍ പുറം തിരിഞ്ഞത് രാജ്യത്തെ വര്‍ദ്ധിച്ച മുസ്ലീം കുടിയേറ്റക്കാരെ പ്രീണിപ്പിക്കാനാണ് എന്നാണ് ഗദീര്‍ റീ പറയുന്നത്. എന്നാല്‍ ‘ഈ സാഹചര്യത്തില്‍ ഒരു രാജ്യം അചഞ്ചലമായി നിലകൊണ്ടു-ഇന്ത്യ.’- അവര്‍ പറയുന്നു. ‘ജര്‍മനി നല്‍കിവന്നിരുന്ന ടാങ്കര്‍ ഭേദക മിസൈലുകള്‍ക്ക് പകരം വയ്ക്കാന്‍ ആയുധമില്ലാതെ ഇസ്രയേല്‍ പ്രതിരോധ സേന കുഴങ്ങിയപ്പോള്‍ അദാനി-ഇല്‍ബിറ്റ് സംയുക്ത സംരംഭത്തിന്റെ ഭാഗമായി ‘ഇന്ത്യയില്‍ നിര്‍മ്മിച്ച’ ഡ്രോണുകള്‍ ഹമാസ് ഭീകരരെ ലക്ഷ്യം വച്ചും നിര്‍ണായക രഹസ്യവിവരങ്ങള്‍ ശേഖരിച്ചും ഗസയുടെ ആകാശത്തിന് മേല്‍ മേധാവിത്വം സ്ഥാപിച്ചു.’-അവര്‍ പറയുന്നു.

അമേരിക്കയ്ക്കും ചൈനയ്ക്കും പുറകേ ലോകത്തെ മൂന്നാമത്തേ വലിയ ശക്തിയായി ഇന്ത്യ മാറുകയാണെന്നും സയണിസ്റ്റുകള്‍ കരുതുന്നു. ഈയിടെ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തേയും അവര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അത് മുസ്ലീം ഭീകരവാദത്തിന്റെ ഫലമാണെന്ന് കണക്കാക്കുന്ന ഇസ്രയേല്‍ പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുടെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഇന്ത്യ കടന്ന് പോകുന്നത് ഇസ്രയേലിന് സമാനമായ സാഹചര്യമാണെന്ന് കരുത്തുന്നു. അതുകൊണ്ട് തന്നെ ഗൗതം അദാനി-നരേന്ദ്ര മോദി കൂട്ടു കെട്ട് ഇസ്രയേലിന്റേയും അമേരിക്കയുടേയും ബാന്ധവത്തിനേയും മുസ്ലീം വിരുദ്ധമായ അന്തരാഷ്ട്ര നയത്തേയും സഹായിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

ഇതില്‍ നിര്‍ണായകമാവുക ഗൗതം അദാനിയുടെ വ്യവസായ താത്പര്യങ്ങളാണ്. ഗൗതം അദാനിക്ക് അമേരിക്കയില്‍ നിന്നുണ്ടായിട്ടുള്ള തിരിച്ചടികളില്‍ താങ്ങാകാന്‍ തങ്ങള്‍ക്കാകുമെന്ന സൂചനയാണ് ഇത്തരം വിദഗ്ദ്ധര്‍ വഴി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ഭരണത്തിനും ഇസ്രയേല്‍ നല്‍കുന്നത്. ചെങ്കോട്ട ആക്രമണത്തെ തുടര്‍ന്ന് മാറ്റി വച്ച ബഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനം 2026 ആദ്യം നടക്കുമെന്നാണ് പൊതുവേ കണക്ക് കൂട്ടല്‍. ഇസ്രയേലുമായി ഇന്ത്യ ഉണ്ടാക്കാന്‍ പോകുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ അദാനിക്ക് ഗുണകരമാകുമെന്നാണ് അവരുടെ സൂചന. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കേ പുതിയ മാര്‍ഗ്ഗം തുറക്കാന്‍ ഇസ്രയേലിന് കഴിയുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെയാണ് ഗൗതം അദാനിയുടെ പങ്ക് ഇസ്രയേല്‍ എടുത്ത് കാണിക്കാന്‍ പോകുന്നത്. രണ്ട് ഡസണ്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനി കമ്പിനി നിര്‍മ്മിക്കുന്ന ഡ്രോണുകളും ഇസ്രയേലിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രത്യേകിച്ചും ഇസ്രയേലിലെ ഹൈഫ തുറമുഖത്തിലെ അദാനിയുടെ നിക്ഷേപം. നരേന്ദ്ര മോദിയുമായി ദീര്‍ഘകാലത്തെ അടുത്ത ബന്ധമുള്ള അദാനി ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും സ്വാധീനുമുള്ള വ്യവസായികളൊന്നാണ് എന്നാണ് അവരുടെ പക്ഷം. ഹൈഫ തുറമുഖത്തിലെ 120 കോടി ഡോളറിന്റെ അദാനിയുടെ നിക്ഷേപവും അദാനി ഇല്‍ബിറ്റ് സംയുക്ത സംരംഭവും തുടര്‍ന്നും യു.എസ്-ഇസ്രയേല്‍ സഖ്യത്തിന് പ്രധാനമാകും.

ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയിലും അദാനിയുടെ പങ്ക് നിര്‍ണായകമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അദാനിക്ക് കൂടുതല്‍ വാതിലുകള്‍ തുറന്ന് നല്‍കി, ഇസ്രയേലിന്റെ സാമ്പത്തിക ശേഷിയും അദാനി കോര്‍പറേഷനുമായി യോജിപ്പിക്കാനും അതിനൊപ്പം സയണിസ്റ്റ് -ഹിന്ദുത്വ സഖ്യം ഒരിക്കല്‍ കൂടി ശക്തമാക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഗദീര്‍ റീയുടെ ലേഖനം അടക്കം ഈ കൂട്ടുകെട്ടിലേയ്ക്കുള്ള ചര്‍ച്ചയിലേയ്ക്ക് ഇസ്രയേലിനൊപ്പം ഇന്ത്യയെ കൂടി ക്ഷണിക്കുകയാണ് ലക്ഷ്യം. ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിദേശനയങ്ങള്‍ ഗൗതം അദാനിയുടെ താത്പര്യത്തിന് വിധേയമാകുമെന്ന് തന്നെയാണ് സൂചനകള്‍.

Content Summary; How is Israel cementing the Zionist-Hindutva-Capitalist nexus through Gautam Adani?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×