March 19, 2025 |
Share on

സൂര്യ രോഹിത്തിനെപോലൊരു നായകന്‍

പാണ്ഡ്യയോടിണങ്ങാന്‍ ബുദ്ധിമുട്ട്

ശ്രീലങ്കന്‍ പര്യടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് പുതിയൊരു അധ്യായം തുറക്കുകയാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 7 വരെ മൂന്നു മത്സരങ്ങള്‍ വീതമുള്ള ട്വന്റി-20, ഏകദിന പരമ്പര മത്സരങ്ങള്‍ക്ക് പുതിയ കോച്ചിന്റെയും ക്യാപ്റ്റന്റെയും കീഴിലാണ് ടീം ഇറങ്ങുന്നത്. പുതിയ മാറ്റങ്ങളും, ചില ഒഴിവാക്കലുകളും ഇതിനകം ചര്‍ച്ചയും വിവാദവുമായിട്ടുണ്ട്. അതില്‍ പ്രധാനം, ഹര്‍ദിക് പാണ്ഡ്യയില്‍ നിന്നും സൂര്യകുമാര്‍ യാദവിലേക്ക് വന്ന ട്വന്റി 20 നായക കിരീടമാണ്.

രോഹിത് ശര്‍മ ട്വന്റി-20യില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ഏവരും പ്രതീക്ഷിച്ചിരുന്നത് ഹര്‍ദിക്കിന്റെ കിരീടധാരണമായിരുന്നു. ലോകകപ്പില്‍ ടീമിന്റെ ഉപനായകനായിരുന്നു പാണ്ഡ്യ. എന്നാല്‍ കഥയാകെ മാറി. അതിന്റെ കാരണമാണ് അത്യുത്സാഹത്തോടെ ഓരോരുത്തരും തിരയുന്നത്.

നായകത്വം പോയത് മാത്രമല്ല, ഉപനായക സ്ഥാനത്ത് നിന്നും ഹര്‍ദിക് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ശുഭ്മാന്‍ ഗില്ലിനെയാണ് രണ്ട് ഫോര്‍മാറ്റിലും സിലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനായിരിക്കുന്നത്. സൂര്യകുമാര്‍ ട്വന്റി 20 ക്യാപ്റ്റനാണെങ്കിലും ഏകദിനത്തിലേക്ക് പരിഗണിച്ചിട്ടില്ല. 24 കാരനായ ഗില്‍ ആണ് ഏകദിനത്തില്‍ രോഹിതിന്റെ ഉപനായകന്‍. പാണ്ഡ്യയാണെങ്കില്‍ ശ്രീലങ്കയില്‍ ട്വന്റി 20 മാത്രമാണ് കളിക്കുന്നത്, ഏകദിനത്തില്‍ ഇല്ല. ഏകദിന പരമ്പരയ്ക്കില്ലെന്ന് സ്വകാര്യ ആവശ്യം മുന്‍നിര്‍ത്തി പാണ്ഡ്യ ബോര്‍ഡിനെ അറിയിച്ചിരുന്നു.

സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് രോഹിത് ഏകദിനവും മതിയാക്കുകയാണെങ്കില്‍ പകരം ഗില്‍ തന്നെയാകാം വൈറ്റ് ബോള്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ നായകനാവുക എന്നതിലേക്കാണ്. അവിടെ ഹര്‍ദിക്കിന്റെ മാത്രമല്ല, കെ എല്‍ രാഹുലിന്റെ കൂടി ചാന്‍സ് ആണ് നഷ്ടമാകുന്നത്. രാഹുല്‍ ആയിരുന്നു ഏകദിനത്തില്‍ വൈസ് ക്യാപ്റ്റന്‍. രോഹിതിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്. എന്നാല്‍ പരിക്കും ബാറ്റിംഗ് പ്രകടനവും, പന്ത് തിരികെ വന്നതിനാല്‍ കീപ്പര്‍ സ്ഥാനത്തേക്കുള്ള ആവശ്യം വേണ്ടി വരുന്നില്ലെന്നതും രാഹുലിന് തിരിച്ചടിയായി. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, ഒരു തലമുറ മാറ്റത്തിന് ടീമിനെ ഒരുക്കിയെടുക്കാന്‍ ബിസിസിഐ തയ്യാറാക്കിയെടുക്കുകയാണെന്നാണ്. അതിന്റെ ഭാഗമായാണ് ഹര്‍ദിക്കിനെ കടന്ന് സൂര്യയും രാഹുലിനെ കടന്നു ഗില്ലും മുന്നിലേക്ക് വന്നത്.

എന്താണ് ഹര്‍ദിക്കിന്റെ കാര്യത്തില്‍ സംഭവിച്ചത്? ഫിറ്റ്‌നസ് പ്രശ്‌നം പറയുന്നുണ്ട്. എന്നാല്‍ അത് മാത്രമാണോ കാരണം? ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങളും ഒരു കാരണമായിട്ടുണ്ടെന്നാണ് വിവരം. ടീമിലെ ചില പടലപ്പിണക്കങ്ങള്‍ രണ്ടു ദിവസം നീണ്ട സിലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. വലിയ തര്‍ക്കങ്ങളിലേക്കും വാഗ്വാദങ്ങളിലേക്കും കാര്യങ്ങള്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗത്തിനിടയില്‍ ചില താരങ്ങളുമായി സിലക്ടര്‍മാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും, അവരില്‍ നിന്നും ടീമുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് ചോദിച്ചറിഞ്ഞുവെന്നുമാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

പാണ്ഡ്യയ്ക്ക് പകരം സൂര്യ ട്വന്റി-20 നായകനായത് പലര്‍ക്കും ഇപ്പോഴും അവിശ്വസനീയമാണ്. രോഹിതിന്റെ പിന്‍ഗാമി പാണ്ഡ്യ തന്നെയാണെന്നായിരുന്നു ഭൂരിഭാഗവും കണക്ക് കൂട്ടിയത്. പരിക്ക് അയാള്‍ക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു. ഏകദിന ലോകകപ്പിന് ഇടയില്‍ കണങ്കാലിന് പരിക്കേറ്റ് പാണ്ഡ്യ ടീമിന് പുറത്തായി. അതിനുശേഷം തിരിച്ചു വരുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനാണ്. അതാകാട്ടെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു കൊണ്ടും. ഗുജറാത്ത് ടൈറ്റന്‍സിന് ഐഎപിഎല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായി വാഴ്ത്തപ്പെട്ട പാണ്ഡ്യ, കഴിഞ്ഞ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചു വന്നു. ആ വരവാകട്ടെ രോഹിതിന്റെ തലയിലിരുന്ന തൊപ്പിയും കൈക്കലാക്കി കൊണ്ടായിരുന്നു. പാണ്ഡ്യയെ മുംബൈയുടെ ക്യാപ്റ്റനാക്കിയതോടെ ടീമില്‍ രണ്ടു ചേരികളായി. രോഹിതിനെ അനുകൂലിക്കുന്നവരായിരുന്നു കൂടുതലും. ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യക്ക് അവിടെയും തിരിച്ചടിയായി. സ്വന്തം കാണികള്‍ പോലും കൂക്കിവിളിച്ചു. ടൂര്‍ണമെന്റിലാകട്ടെ ഏറ്റവും അവസാനത്തെ ടീമായി മുംബൈ ഇന്ത്യന്‍സ് മാറി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടറായ പാണ്ഡ്യക്ക് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിനു വേണ്ടി ഒന്നും ചെയ്യാനായില്ല. കൂടെ ടീമില്‍ നിന്നുള്ള നിസ്സഹകരണവും. ഡ്രസ്സിംഗ് റൂമിലെ തര്‍ക്കം പുറത്തേക്കും കടന്നുവന്നു. പൗണ്ഡ്യയെ കാണുമ്പോള്‍ പരിശീലനം നിര്‍ത്തി പോകുന്ന രോഹിതും സംഘവും വാര്‍ത്തകളായിരുന്നു. ഏറ്റവും മോശം ഐപിഎല്‍ ടൂര്‍ണമെന്റായിരുന്നു ഹര്‍ദിക്കിനെ സംബന്ധിച്ച് കഴിഞ്ഞു പോയത്.

ഐപിഎല്ലിന് പിന്നാലെ വന്ന ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തണമോ എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ വരെ നടന്നിരുന്നു. ബൗളിംഗ് മെച്ചപ്പെടുത്തുകയാണെങ്കില്‍ മാത്രം പാണ്ഡ്യയെ പരിഗണിച്ചാല്‍ മതിയെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍, എല്ലാ വിമര്‍ശനങ്ങളെയും തകര്‍ത്തെറിയുന്ന ഓള്‍ റൗണ്ട് പ്രകടനമായിരുന്നു ലോകകപ്പില്‍ പാണ്ഡ്യ നടത്തിയത്. പ്രത്യേകിച്ച് ഫൈനലില്‍. വിജയത്തിന്റെ അടുത്ത് നിന്ന ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടതിന് അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനോട് കടപ്പെട്ടിരിക്കുന്നു. ലോകകപ്പിലെ പ്രകടനവും, രോഹിതിന്റെ സ്ഥാനമൊഴിയലും, ഇനി ഹര്‍ദിക്കിന്റെ കാലമാണ് ടീം ഇന്ത്യയില്‍ എന്ന് എല്ലാവരെയും ഓര്‍മിപ്പിച്ചിരുന്നതാണ്. പക്ഷേ, കഥ വീണ്ടും മാറി.

ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് 33 കാരനായ സൂര്യയിലേക്ക് തിരിയാന്‍ സിലക്ടര്‍മാരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പുതിയ കോച്ച് ഗൗതം ഗംഭീറും ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളൊന്നും പറഞ്ഞില്ലെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇക്കാരണങ്ങളെക്കാള്‍ ഉപരി, കളിക്കാര്‍ക്ക് പാണ്ഡ്യയോടുള്ള ചില പ്രശ്‌നങ്ങളും സിലക്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. പാണ്ഡ്യയെക്കാള്‍ കൂടുതലായി സഹതാരങ്ങള്‍ സൂര്യയില്‍ വിശ്വാസം അര്‍പ്പിക്കുകയും അയാളെ പിന്തുണയ്ക്കുന്നുമുണ്ട്. തങ്ങള്‍ സൂര്യയുടെ രീതികളോട് കൂടുതല്‍ ഇണങ്ങുന്നുവെന്നാണ് മറ്റു കളിക്കാര്‍ സിലക്ടര്‍മാരെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാണ്ഡ്യ ടീമിന്റെ അഭിവാജ്യ ഘടകമാണെങ്കിലും അദ്ദേഹത്തെ ലീഡര്‍ഷിപ്പ് റോളില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന അഭിപ്രായം സിലക്ടര്‍മാര്‍ക്കുണ്ടായിരുന്നുവെന്നാണ് വിവരം. അടുത്ത ട്വന്റി-20 ലോകകപ്പ് ലക്ഷ്യമിട്ട് രണ്ടു വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ബിസിസിഐ തയ്യാറാക്കുന്നത്. അതിനായൊരു ടീമിനെയാണ് അവരിപ്പോള്‍ സജ്ജമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 പരമ്പരയില്‍ ടീമിനെ നയിച്ചത് സൂര്യയായിരുന്നു. ആ പരമ്പര സൂര്യയിലെ നായകന് കൈയടി വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും ഗ്രൗണ്ടില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതിലും മികവ് കാണിച്ചുകൊണ്ട് തന്നിലൊരു നല്ല നായകന്‍ ഉണ്ടെന്ന് സൂര്യ തെളിയിച്ചിരുന്നു. സഹ കളിക്കാരുമായി പുലര്‍ത്തുന്ന ബന്ധമാണ് സൂര്യയുടെ മുതല്‍ക്കൂട്ട്. രോഹിതിനെ പോലെ എല്ലാവരുടെയും നായകനാകാന്‍ സൂര്യക്ക് കഴിയുന്നുണ്ടെന്നാണ് ടീമിലെ അഭിപ്രായം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയുടെ പകുതിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ഇഷാന്‍ കിഷനെ അനുനയിപ്പിക്കാന്‍ നടത്തിയ സൂര്യയുടെ ഇടപെടല്‍ ക്രിക്കറ്റ് ബോര്‍ഡിനും മുന്നിലും അയാള്‍ക്ക് നല്ല പേര് നേടിക്കൊടുത്തിരുന്നു.

സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തില്‍ രോഹിത്തിന് സമമാണ് സൂര്യയുടെ ഇടപെടല്‍. എല്ലാക്കാര്യങ്ങളും തുറന്നു പറയാന്‍ എല്ലാവര്‍ക്കും രോഹിത് അവസരമൊരുക്കുന്നതുപോലെ സൂര്യയും തനിക്ക് ചുറ്റുമുള്ളവരെ കേള്‍ക്കാന്‍ സന്നദ്ധനാകുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സൂര്യയും ഒരു നായകന്റെ റോളിലേക്ക് മാറുന്നതിനു മനസികമായി സജ്ജമായിക്കൊണ്ടിരിക്കുകയായിരുന്നു. സിലക്ടര്‍മാരുടെയും ശ്രദ്ധ അയാളുടെ മേലുണ്ടായിരുന്നു. ഇനിയെല്ലാം സൂര്യയുടെ കൈയിലാണ്. നായകന്റെ തൊപ്പി തലയില്‍ വന്നാല്‍ ഇരട്ടി ഭാരമാണ്. ടീമിന്റെ പെര്‍ഫോമന്‍സിനൊപ്പം സ്വന്തം പ്രകടനവും സൂര്യക്ക് പ്രധാനമാണ്.  How suryakumar yadav selected as captain of india’s t20 squad, what happened hardik pandya?

Content Summary; How suryakumar yadav selected as captain of india’s t20 squad, what happened hardik pandya?

×