UPDATES

തലച്ചോര്‍ തിന്നുന്ന അമീബ കിണറ്റിലും? പ്രതിരോധം ജലശുചിത്വം

തലസ്ഥാനത്ത് കൂടുതല്‍ പേരിലേക്ക് മസ്തിഷ്‌ക ജ്വരം

                       

കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയരുകയാണ്. തലസ്ഥാനത്ത് അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ മരുതംകോട് വാര്‍ഡിലും പരിസര പ്രദേശങ്ങളിലുമായി 7 കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ കേസുകളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ധന ആശങ്ക ജനിപ്പിക്കുന്നതാണ്. മരുതംകോടുള്ള കുളത്തില്‍ കുളിച്ചവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പായല്‍ മൂടിയ കുളമായിരുന്നു ഇത്. എന്നാല്‍ ഇതില്‍ തന്നെ ഒരാള്‍ ഈ കുളവുമായി ബന്ധപ്പെടാത്ത വ്യക്തിയാണ്. ഇദ്ദേഹം പായല്‍ മൂടിയ കിണര്‍ വൃത്തിയാക്കിയിരുന്നു. ഇതോടെയാണ് കിണര്‍ വെള്ളത്തിലും രോഗകാരിയായ അമീബയുണ്ടോയെന്ന സംശയം ജനിച്ചത്. രോഗമുണ്ടായ തിരുവനന്തപുരം മരുതംകോടിലെ വാര്‍ഡ് മെമ്പറായ എസ് വിഷ്ണു പറയുന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്ന് രോഗമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ്. വിഷയത്തില്‍ പഠനം നടത്താന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഫലം അറിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ ആധികാരികമായ മറുപടി അറിയാന്‍ സാധിക്കു. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അടക്കം കനത്ത ജാഗ്രതയിലാണുള്ളത്. ചെറിയ പനി അടക്കം ബാധിച്ച ആളുകള്‍ നിരീക്ഷണത്തിലാണ്. ഒഴുക്കില്ലാതെ പായല്‍ നിറഞ്ഞ്, കെട്ടികിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കാന്‍ പഞ്ചായത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സേവനം എല്ലായിടത്തും ഉറപ്പാക്കിയിട്ടുണ്ടെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. brain-eating amoeba.

അതിതീവ്ര തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ വന്നാല്‍ ചികില്‍സ തേടാനാണ് ഇപ്പോള്‍ ഡിഎംഒ അടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം.

പനി പോലുള്ളവ ആളുകള്‍ മറച്ച് വയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആശാവര്‍ക്കര്‍മാര്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സജീവമായി രംഗത്തുണ്ട്. നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതും അവരാണ്. നിലവില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സാങ്കേതിക മാര്‍ഗരേഖ പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെന്ന് അതിയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാറും വ്യക്തമാക്കി.

സാങ്കേതിക മാര്‍ഗരേഖ പറയുന്ന നിര്‍ദേശങ്ങള്‍

കെട്ടിക്കിടക്കുന്നതോ അല്ലാത്തതോ ആയ വെള്ളത്തിന്റെ അടിത്തട്ടിലെ ചെളിയില്‍ കാണപ്പെടുന്ന അമീബ വെള്ളം കലങ്ങി മറിയുമ്പോഴാണ് മുകളിലേക്ക് എത്തുന്നത്. ഈ വേളത്തില്‍ കുളിക്കുന്ന സമയത്തണ് മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാവും.

നീന്തല്‍ പോലുള്ളവയില്‍ ഏര്‍പ്പെടുന്നവര്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുന്നത് ശീലമാക്കണം.

മൂക്കിലേക്ക് വെള്ളം കയറുന്ന അവസ്ഥ ഒഴിവാക്കുക

ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം സ്വിമ്മിംഗ് പൂളുകളിലടക്കം ഇറങ്ങുക

ചെവിയില്‍ പഴുപ്പുള്ളവര്‍ മുങ്ങികുളിക്കുന്നത് ഒഴിവാക്കുക

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക

how to avoid brain-eating amoeba

Probable Water Exposures-Activity and Water Source-for Reported Cases of Primary
Amoebic Meningoencephalitis (Source; TECHNICAL GUIDELINES ON PREVENTION, DIAGNOSIS AND
TREATMENT OF AMOEBIC MENINGOENCEPHALITIS IN KERALA)

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രശാന്ത് ഉണ്ണിത്താന്‍ പറയുന്നത് രോഗം വരുമ്പോഴല്ല, വരാതെ നോക്കുക എന്ന ക്ലിഷേ ഡയലോഗ് തന്നെയാണ് തനിക്ക് പറയാനുള്ളതെന്നാണ്. പഴയ തലമുറയിലെ ആളുകള്‍ കിണറും കുളവുമെല്ലാം നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കിയിരുന്നു. ഇന്ന് അത് നടക്കുന്നില്ല. വെള്ളം ഒഴുക്കില്ലാതെ കെട്ടികിടക്കുകയാണ്. അക്കാലത്ത് കിണറുകളിലെ വെള്ളം വറ്റിക്കുക വര്‍ഷത്തിലൊരിക്കലെങ്കിലും നടന്ന പ്രവര്‍ത്തിയായിരുന്നു. ഇന്ന് ഇപ്പോള്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ മോട്ടോറുകളുണ്ട്. എന്നാല്‍ ഭൂരിപക്ഷം ആളുകളും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കാറില്ല. ഇത്തരത്തില്‍ കിണറും കുളങ്ങളും വൃത്തിയാക്കണം. ഒപ്പം ആ സമയത്ത് ജലാശയത്തില്‍ ഖര മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ അതും മാറ്റി ശുചിയാക്കേണ്ടതാണ്.

നിര്‍ദേശങ്ങള്‍

മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം പുതുതായി കിണറ്റിലോ കുളത്തിലോ നിറയുന്ന വെള്ളം ശുദ്ധീകരിക്കണം

ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചാണ് ശുദ്ധീകരണം നടത്തേണ്ടത്. ഈ പൗഡര്‍ ജലത്തില്‍ ലയിക്കുമ്പോഴുണ്ടാവുന്ന ക്ലോറിന്‍ വാതകമാണ് വെള്ളത്തെ അണുവിമുക്തമാക്കുന്നത്.

1000ലിറ്റര്‍ വെള്ളത്തിന് 2.5ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്നാണ് കണക്ക്. പൂര്‍ണമായും മാലിന്യം നിറഞ്ഞ വെള്ളമാണെങ്കില്‍ ഇരട്ടി പൗഡര്‍ ഉപയോഗിക്കാവുന്നതാണ്.

ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിക്കാം. വെള്ളമെടുക്കുന്ന പാത്രങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ ലായനിയില്‍ 30 മിനിട്ട് മുക്കി വെച്ചാല്‍ അണുവിമുക്തമാക്കാം.

 

English Summary: how to avoid brain-eating amoeba

Share on

മറ്റുവാര്‍ത്തകള്‍