പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യ; സൈബര്‍ ആക്രമണത്തിന്റെ ഏറ്റവും പുതിയ ഇര. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആയിരുന്നു തിരുവനന്തപുരം സ്വദേശി ആദിത്യ. സൈബറിടത്തെ അധിക്ഷേപം സഹിക്കാനാകാതെയാണ് 18 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കിയത്.
ആദിത്യയുടേതിന് സമാനമായിരുന്നു ആതിരയുടെ മരണവും. മുന്‍ സുഹൃത്തിന്റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്നാണ് കടത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയും ജീവിതം അവസാനിപ്പിച്ചത്. സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ ജീവനൊടുക്കുന്നത് സ്ഥിരമായിരിക്കുകയാണ് കേരളത്തില്‍. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ തളര്‍ത്താന്‍ പോന്നതാണ് സൈബര്‍ ആക്രമണങ്ങള്‍. ഓണ്‍ലൈന്‍ ഇടങ്ങളില്‍ ദിവസത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നവരാണ് ബഹുഭൂരിപക്ഷമെങ്കിലും, ഇന്റര്‍നെറ്റ് ലോകത്ത് ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ എങ്ങനെ നേരിടണമെന്നു പലര്‍ക്കും അറിയില്ല.
സാമൂഹ്യ മാധ്യമങ്ങളും സൈബര്‍ ആക്രമണവും എങ്ങനെ കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്നു എന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധനായ പ്രൊഫസര്‍ ഡോ. അരുണ്‍ ബി നായര്‍. cyber bullying
മാനസിക നില തകര്‍ക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍
കോവിഡ് കാലഘട്ടത്തിലാണ് കുട്ടികളും മുതിര്‍ന്നവരും കൂടുതലായും സാമൂഹ്യ മാധ്യമങ്ങളിലേക്ക് എത്തിപ്പെടുന്നത്. സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഒപ്പം സാമൂഹ്യ മാധ്യമങ്ങളും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി.
സൈബര്‍ ലോകത്തെ അനിയന്ത്രിതമായ ചെലവിടല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസിക നിലയെ പലതരത്തില്‍ ബാധിക്കും. മണിക്കൂറുകളോളം സാമൂഹ്യമാധ്യമങ്ങളില്‍ അമിതമായി സമയം ചെലവഴിക്കുന്നത് ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് കുട്ടികളുടെ പെരുമാറ്റത്തെയും പഠനമേഖലയെയും സാരമായി ബാധിക്കും. ശ്രദ്ധക്കുറവ്, അമിതമായ വികൃതി തുടങ്ങിയവയാണ് ചെറിയ കുട്ടികളില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍. കൗമാരക്കാരില്‍ ഉറക്കക്കുറവ്, വിഷാദം, അമിത ഉത്കണ്ഠ, അമിത ദേഷ്യം, ആത്മഹത്യ പ്രവണത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പടെയുള്ള പലവിധ ചതിക്കുഴികളില്‍ വീഴാനും ചൂഷണത്തിന് ഇരയാകാനും സാധ്യതയുണ്ട്. ആദ്യഘട്ടങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. എന്നിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം. കുട്ടികളാണെങ്കില്‍ മുതിര്‍ന്നവരുടെ സഹായം തേടികൊണ്ടുളള നിയമ നടപടികളിലേക്ക് കടക്കണം.
വില്ലനാകുന്ന സെലിബ്രിറ്റി സ്റ്റാറ്റസ്
സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായതോടെ ഏത് വ്യക്തിക്കും സ്വന്തം നിലയില്‍ ഒരു സെലിബ്രിറ്റി ആകാനുള്ള സാധ്യത തുറന്ന് വന്നിരിക്കുകയാണ്. ചലചിത്രങ്ങളിലും സീരിയലുകളിലും മുഖ്യധാര മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തികളെപ്പോലെ സ്വന്തമായി ഒരു യൂട്യൂബ് ചാനലോ ഇന്‍സ്റ്റാഗ്രാം പേജോ തുടങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരെ സെലിബ്രിറ്റി ആകാനുള്ള സാഹചര്യമുണ്ട്. ഒട്ടേറെ പേരിത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും, ഇതിന്റെ ഒരു മറുവശമാണ് അവര്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍. വസ്ത്രധാരണം, രൂപം, സൗന്ദര്യം, ഫാഷന്‍, ഹെയര്‍സ്‌റ്റൈല്‍, തുടങ്ങിയ ഉപവിപ്ലവമായ കാര്യങ്ങള്‍ മുതല്‍ പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കങ്ങള്‍വരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകും.
ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ കുട്ടികള്‍ക്ക് ആത്മപ്രകാശനത്തിനുള്ള മാര്‍ഗമായി ഭവിക്കുന്നുണ്ട്. കഴിവുകളും അഭിരുചികളും മുഖ്യധാരാ മാധ്യമങ്ങളുടെ ഇടനിലയില്ലാതെ ലോകത്തിനു മുന്‍പിലേക്ക് എത്തിക്കാന്‍ അവരെ സഹായിക്കുന്ന ഒന്നാണ് ഇവ. കലാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ആത്മവിശ്വാസം ഉയര്‍ത്താനും ചിലര്‍ക്കെങ്കിലും ഒരു വരുമാന മാര്‍ഗമായി മാറാനും ഉതകുന്നുണ്ട്. ഇത് സാമൂഹ്യമാധ്യമങ്ങളുടെ നല്ല വശമാണ്. സഹപാഠികളില്‍ നിന്നും സമൂഹത്തില്‍ നിന്നും അംഗീകാരവും ആരാധനയും ലഭിക്കുമ്പോള്‍ അത് നിലനിര്‍ത്തണം എന്ന തോന്നല്‍ വരാനും സാധ്യതയുണ്ട്.
ചെറുപ്രായത്തില്‍ തന്നെ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുമ്പോള്‍ യാഥാര്‍ഥ്യ ബോധം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. എനിക്കെല്ലാം അറിയാം എന്നുള്ള അഹംബോധത്തിലേക്ക് ചില കുട്ടികളെങ്കിലും എത്തിപെടാനുള്ള സാധ്യതയുമുണ്ട്. ഇത് പലപ്പോഴും പ്രായത്തിനു അനുയോജ്യമല്ലാത്ത വ്യക്തിബന്ധങ്ങളിലേക്കും വഴിവച്ചേക്കാം.
പ്രശസ്തിയും പണവും പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാറുണ്ട്. കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സെന്‍സേഷണല്‍ ആയ കണ്ടന്റുകള്‍ കൊടുക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകും. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള വിവാദ സ്വഭാവമുള്ളവ പ്രശസ്തിക്ക് വേണ്ടി യുക്തിരഹിതമായ രീതിയില്‍ ഇത്തരം പേജുകളിലൂടെ ഇവര്‍ നല്‍കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ചര്‍ച്ചകളില്‍ നിറയുന്ന സ്വകാര്യ ജീവിതം
സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സാധാരണമായ ഒന്നാണ്. നേരത്തെ ഉണ്ടായിട്ടുള്ള വ്യക്തിബന്ധങ്ങള്‍ അതിന്റെ തകര്‍ച്ചകള്‍ തുടങ്ങിയവ പങ്കുവച്ച് സമൂഹ മധ്യത്തില്‍ അവഹേളിക്കുന്ന തരത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ഒരു പിന്തുണ സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ ഇത്തരം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഇത് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ പിന്തുണ വളരെ സഹായകരമാകും.
കൗമാര പ്രായത്തിലുള്ള കുട്ടികള്‍ മിക്കവാറും ലോക പരിചയം കുറവുള്ളവരാണ്. സമൂഹത്തിന്റെ പൊള്ളയായ നിലപാടുകളെകുറിച്ചൊന്നും വലിയ ധാരണ ഉണ്ടാകണം എന്നില്ല. അധ്യാപകന്‍ വഴക്ക് പറഞ്ഞാലോ സഹപാഠികള്‍ കളിയാക്കിയാലോ പെട്ടന്ന് വിഷമം വരുന്ന ഇവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നൂറുകണക്കിന് ആളുകള്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് അവരുടെ മാനസിക നിലയെ വലിയ രീതിയില്‍ ബാധിക്കും. ഇത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ പാകത്തിനുള്ള പിന്തുണ വീട്ടില്‍ നിന്ന് ലഭിക്കാത്ത പക്ഷം വിഷാദത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയുണ്ട്. അംഗീകാരവും പ്രശംസയും പ്രതീക്ഷിച്ച് കൊണ്ടാണ് പലരും സാമൂഹ്യമാധ്യമങ്ങളില്‍ എത്തുന്നത്. അതിന്റെ നേര്‍വിപരീതം സംഭവിക്കുമ്പോള്‍ മാനസികമായി തളര്‍ന്നു പോകും. മറ്റുള്ളവരുടെ വെറുപ്പ് തീര്‍ക്കാന്‍ അയക്കുന്ന സന്ദേശങ്ങളാണ് ഇവ എന്ന തിരിച്ചറിവ് ഉണ്ടാകുക എന്നതാണ് അത്യാവശ്യം. ആര്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. എത്ര ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്താലും അതിനെ വിമര്‍ശിക്കുന്ന ദുഷ്ടബുദ്ധിയുള്ള ആളുകള്‍ സമൂഹത്തിലുണ്ടാകും അതൊരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ്. ഒരു വ്യക്തി തന്നെ നിരവധി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് സൈബര്‍ അറ്റാക്ക് നടത്തുന്നത് ഇന്ന് പതിവാണ്.
സാമൂഹ്യ മാധ്യമ മര്യാദയും സൈബര്‍ അവബോധവും
സാമൂഹ്യ മാധ്യമ മര്യാദകള്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്ന ഓരോരുത്തരും പാലിക്കേണ്ട ഒന്നാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സൈബര്‍ സാക്ഷരത. ഇത് രണ്ടും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഉണ്ടാകണം. നേരിട്ട് ഒരു വ്യക്തിയോട് ഇടപഴകുമ്പോള്‍ എത്രത്തോളം മര്യാദയോടെ പെരുമാറുമോ അത്രയും തന്നെ മര്യാദയോടെ വേണം സാമൂഹ്യമാധ്യമങ്ങളില്‍ ഇടങ്ങള്‍ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കാന്‍. വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അവഹേളനങ്ങളിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് നിയമ പ്രകാരം ഇത്തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ തടയാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കും. പക്ഷെ ഈ നിയമത്തെ കുറിച്ചും, വകുപ്പുകളെക്കുറിച്ചും പൊതു സമൂഹത്തിനു കാര്യമായ അറിവില്ല എന്നതാണ് സത്യം. എപ്പോഴാണ് ഇതൊരു നിയമ പ്രശ്നമായി മാറുന്നത് എങ്ങനെയാണ് നിയമ നടപടികള്‍ സ്വീകരിക്കണ്ടത് എന്നതിനെ കുറിച്ചുള്ള വലിയ അറിവ് ആര്‍ക്കും ഇല്ല. കുട്ടികള്‍ പലപ്പോഴും നിയമത്തിന്റെ വഴികള്‍ സ്വീകരിക്കാന്‍ മടിക്കും, വീട്ടില്‍ നിന്നുള്ള പ്രതികരണങ്ങളെ ഭയന്ന് അവര്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പറയാതെ വിടുകയാണ് പതിവ്. മറ്റാരോടെങ്കിലും പറയാനുള്ള സംവിധാനം ഇല്ലാത്തത് കൊണ്ടാണ് പലരും തീവ്രമായ വിഷാദത്തിലേക്ക് പോവുന്നത്. ഇത് ചികിത്സിക്കാതിരിക്കുമ്പോള്‍ ആത്മഹത്യ പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് വഴിവയ്ക്കുന്നതും. അതിനാല്‍ ഇത്തരം വിഷയങ്ങളെക്കുറിച്ചുളള നിയമ അവബോധം എല്ലാവരിലും അത്യാവശ്യമാണ്.
സൈബര്‍ പോലീസ് സംവിധാനങ്ങളുടെ അപര്യാപ്തത കൂടി ഇത്തരം പ്രശ്‌നങ്ങള്‍ കൂടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനസാന്ദ്രതയ്ക്ക് തുല്യമായ തരത്തില്‍ പോലീസ് സംവിധാനങ്ങള്‍ ഉയര്‍ത്തേണ്ടതിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. how cyberbullying affects mental health
content summary : how cyberbullying affects mental health