ഹസീന യുഗത്തിന് ശേഷം ബ്ലാക്ക് പ്രിന്‍സ് താരിഖിലേക്ക് ഭരണം എത്തുമ്പോള്‍ എന്താവും ഇന്ത്യയുടെ നിലപാട്? ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം പുനസ്ഥാപിക്കപ്പെടുമോ? മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിഎന്‍പി ബാംഗ്ലാദേശിന്റെ അധികാരത്തിലെത്തിയതോടെ ഇതും ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്.
ചരിത്രപരമായ വിജയം നേടി താരിഖും അദ്ദേഹം നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും അധികാരത്തിലെത്തിയതോടെ ബാംഗ്ലാദേശ് ഇപ്പോള്‍ ലോകത്തെ എപ്പിക് സെന്റര്‍ ആയി മാറിയിരിക്കുകയാണ്. എന്തായിരിക്കും ബാംഗ്ലാദേശിന്റെ വിദേശ നയം? എല്ലാ രാജ്യങ്ങളും ഉറ്റു നോക്കുന്നത് ഇതാണ്. എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനം ഇന്ത്യയുമായുള്ള ബന്ധമാണ്.
നാട് കടത്തപ്പെട്ട ഷേക്ക് ഹസീനയും അവാമി ലീഗിലെ പ്രധാന നേതാക്കളുമുള്‍പ്പെടെ ഇപ്പോഴും ഇന്ത്യയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥികളാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്ത്യയും ബാംഗ്ലാദേശും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുമോ എന്ന ചോദ്യത്തിന് അത് അവരെ ആശ്രയിച്ചായിരിക്കും എന്നായിരുന്നു താരിഖ് റഹ്‌മാന്റെ മറുപടി. ഇത് വലിയ രാഷ്ട്രീയ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. താരിഖ് റഹ്‌മാന്റെ വിജയത്തില്‍ പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിക്കുകയും ജനാധിപത്യപരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ബാംഗ്ലാദേശിനോട് എപ്പോഴും ഇന്ത്യയ്ക്ക് സഹകരണം ഉണ്ടാവും എന്നും അറിയിച്ചു. താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കും എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ മഞ്ഞുരുകലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
2024ലെ ഭരണ അട്ടിമറിയ്ക്ക് ശേഷം ഇന്ത്യയും ബാംഗ്ലാദേശും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ വിള്ളല്‍ ഉണ്ടായിരുന്നു. ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് നാട് കടത്തപ്പെട്ട ഷേഖ് ഹസീനയും, ബാംഗ്ലാദേശില്‍ നിരോധിക്കപ്പെട്ട ഹസീനയുടെ അവാമി ലീഗും. അവിടെ നിന്നാണ് കാര്യങ്ങള്‍ മാറുന്നത്. അവാമി ലീഗുമായും ഹസീനയുമായും വളരെ അടുത്ത ബന്ധമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ബാംഗ്ലാദേശിന്റെ ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദക്ഷിണേന്ത്യയിലെ സുരക്ഷ നിലനിര്‍ത്തുന്നതില്‍ ഇന്ത്യ ബാംഗ്ലാദേശിനെ തന്ത്രപരമായ പങ്കാളിയായും സഖ്യകക്ഷിയായും കണക്കാക്കിയിരുന്നു. എന്നാല്‍ ഹസീന യുഗത്തിന് അന്ത്യമായതോടെ ഇന്ത്യയുമായുള്ള ബാംഗ്ലാദേശ് ബന്ധം ഉലഞ്ഞു.
ഹസീനയ്ക്ക് ശേഷം വന്ന മുഹമ്മദ് യൂനസിന്റെ കാവല്‍ ഭരണകൂടം ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരുന്നത്. പാകിസ്ഥാനുമായി അടുപ്പം സൂക്ഷിക്കുകയും ചൈനയുമായി കൂടുതല്‍ അടുക്കുകയും ചെയ്ത യൂനസ് ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളും നടത്തിയിരുന്നു. അതിര്‍ത്തി സുരക്ഷ, വ്യാപാരം, ജലസമ്പത്ത് പങ്കുവയ്ക്കല്‍ എന്നിവയില്‍ എല്ലാം ഇന്ത്യയും ബാംഗ്ലാദേശും തമ്മില്‍ ബന്ധം ശക്തമായിരുന്നു. എന്നാല്‍ യൂനിസിന്റെ പ്രകോപനപരമായ പ്രസ്താവനയോടെ ആ ബന്ധം വഷളായി. ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ബാംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ടാണെന്നും ഈ സംസ്ഥാനങ്ങള്‍ക്ക് സമുദ്രത്തിലേക്കുള്ള ഏക കവാടം ബാംഗ്ലാദേശാണെന്നുമായിരുന്നു യൂനസിന്റെ പ്രസ്താവന. മറുപടിയായി ഇന്ത്യ ബാംഗ്ലാദേശില്‍ നിന്ന് റോഡ്, റയില്‍ മാര്‍ഗമുള്ള കാര്യങ്ങളെല്ലാം തുറമുഖം വഴി മാത്രമാക്കിയിരുന്നു. ഇത് ബാംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലും വലിയ കുറവ് വന്നതോടെ അത് കൂടുതല്‍ തിരിച്ചടിയായി. വ്യാപാരത്തില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കായിരുന്നു. ബാംഗ്ലാദേശിനേക്കാള്‍ പത്ത് മില്യണ്‍ ഡോളര്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇന്ത്യ ബാംഗ്ലാദേശിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. അരി, പരുത്തി തുടങ്ങിയ ഉത്പന്നങ്ങളില്‍ ബാംഗ്ലാദേശ് കൂടുതലും ഇന്ത്യയെയാണ് ആശ്രയിച്ചിരുന്നത്.
ഷേഖ് ഹസീനയെ മടക്കി അയക്കണമെന്ന ആവശ്യം ഇന്ത്യ നിരാകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ബാംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ അക്രമ സംഭവങ്ങളില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏത് തരത്തിലായിരിക്കും ഇന്ത്യയുമായി ബന്ധം സൂക്ഷിക്കുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ചൈന തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി ഒരേ അകലം പാലിക്കാനാണ് ബാംഗ്ലാദേശ് ഒരുങ്ങുന്നത് എന്നതിന്റെ സൂചനകള്‍ താരിഖ് റഹ്‌മാന്‍ മുമ്പ് നല്‍കിയിരുന്നു. എന്നിരിക്കിലും ബാംഗ്ലാദേശില്‍ പ്രക്ഷോഭങ്ങള്‍ കത്തി നില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പ് കാമ്പെയിനില്‍ ഇന്ത്യയ്ക്കെതിരായ പരാമര്‍ശങ്ങളൊന്നും താരിഖില്‍ നിന്ന് ഉണ്ടായില്ല എന്നതാണ് പ്രതീക്ഷയോടെ പലരും ഉറ്റു നോക്കുന്നത്. ട്രംപിന്റെ അമേരിക്കന്‍ നയം പോലെ ബാംഗ്ലാദേശ് ഫസ്റ്റ് എന്ന നയത്തിലൂന്നിയായിരുന്നു താരിഖിന്റെ കാമ്പെയ്ന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നമ്മള്‍ ഇടപെടേണ്ട കാര്യമില്ലെന്നും നമ്മള്‍ ബാംഗ്ലാദേശിന്റെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ മതി എന്നും താരിഖ് പറഞ്ഞിരുന്നു.
എന്തായാലും എന്താണ് ബാംഗ്ലാദേശിന്റെ വിദേശ നയം? അത് ഇന്ത്യയെ എത്തരത്തിലാവും സ്വാധീനിക്കുക എന്നീ കാര്യങ്ങള്‍ കാത്തിരുന്ന് കാണണം.
Content Summary: How will Tariq Rahman’s foreign policy impact India-Bangladesh relations?
This post was last modified on February 16, 2026 5:31 pm
Leave a Comment