ശബരിമല യുവതീ പ്രവേശന വിഷത്തില്‍ സുപ്രീംകോടതി പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ എന്താവും സര്‍ക്കാര്‍ നിലപാട്? യുവതീ പ്രവേശനത്തെ അനുകൂലിക്കുമോ അതോ പ്രതികൂലിക്കുമോ? ഇതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കേരളത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായേക്കാവുന്ന ഒരു പക്ഷെ തിരഞ്ഞെടുപ്പ് ഗതിയെ തന്നെ നിര്‍ണയിച്ചേക്കാവുന്നതുമാവും യുവതീ പ്രവേശന വിഷയം.
ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പതംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മതപരമായ ആചാരങ്ങളും സ്ത്രീകളുടെ തുല്യ അവകാശങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസില്‍ വ്യക്തമായ സമയക്രമം നിശ്ചയിച്ചു കഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വരനെ അമിക്കസ്‌ക്യൂറിയായി നിയമിച്ച കോടതി, ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 14 മുതല്‍ 16 വരെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം നടക്കും. ഏപ്രില്‍ 22 ന് മറുപടി സത്യവാങ്മൂലങ്ങള്‍ക്ക് ശേഷം വാദം പൂര്‍ത്തിയാക്കാനാണ് കോടതി ഉദ്ദേശിക്കുന്നത്.

അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും മൂന്ന് ദിവസം വാദിക്കാം. എല്ലാ കക്ഷികളും മാര്‍ച്ച് 14ന് മുമ്പ് ഇക്കാര്യത്തിലുള്ള അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. യുവതീ പ്രവേശന വിഷയത്തില്‍ കൈപൊള്ളിയ സര്‍ക്കാര്‍ കഴിഞ്ഞ കുറേക്കാലമായി ഇക്കാര്യത്തില്‍ മൗനത്തിലായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞേ മതിയാകൂ. അനുകൂലമെന്ന് പറഞ്ഞാലും പ്രതികൂലമെന്ന് പറഞ്ഞാലും എല്‍ഡിഎഫ് സര്‍ക്കാരിന് ഈ വിഷയം ഒരു പക്ഷേ തിരിച്ചടിയായേക്കും.
ഇക്കാര്യം ആലോചിച്ച്, അവധാനതയോടെ പരിശോധിച്ച് സുപ്രീംകോടതിയെ അഭിപ്രായം അറിയിക്കും എന്നാണ് നിയമ മന്ത്രി പി രാജീവ് പറഞ്ഞത്. വിശ്വാസത്തിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിശ്വാസിയുടെ വിശ്വാസം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണല്ലോ ഞങ്ങള്‍. ഏത് വിശ്വാസമാണോ ആ വിശ്വാസത്തോടൊപ്പം നില്‍ക്കും. ഇതില്‍ നിങ്ങളുടെ അഭിപ്രായമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചാല്‍ അപ്പോള്‍ പറയും. സുപ്രീംകോടതിയില്‍ പറയുമ്പോള്‍ ഏത് പ്രശ്‌നങ്ങളെക്കുറിച്ചും നന്നായി ആലോചിച്ച് എല്ലാ അവസരങ്ങളും നോക്കി അഭിപ്രായം പറയും. വിശ്വാസികളുടെ താത്പര്യങ്ങളും സാമൂഹ്യപരിഷ്‌ക്കരണ താത്പര്യങ്ങളും ബാലന്‍സ് ചെയ്താണ് മുമ്പ് അഫഡവിറ്റ് കൊടുത്തത്. അവധാനതയോടെ പരിശോധിച്ച് ശരിയായ രൂപത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയും.’ ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ പിടിച്ചുകുലുക്കിയ യുവതീ പ്രവേശന വിഷയം വീണ്ടും കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. 2018-ലെ വിധി നടപ്പിലാക്കാന്‍ കാട്ടിയ ആവേശം വലിയ തിരിച്ചടിയായെന്ന വിലയിരുത്തലുകള്‍ നിലവിലുള്ളപ്പോള്‍ ഇത്തവണത്തെ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ ഇപ്പോഴും യുവതീപ്രവേശനം തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കാറുമുണ്ട്. ശബരിമലക്കൊള്ളയും അയ്യപ്പസംഗമവുമെല്ലാം സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് വീണ്ടും യുവതീ പ്രവേശനം ചര്‍ച്ചയായി വന്നിരിക്കുന്നത്. ശബരിമല വിവാദം ഒന്നൊന്നായി സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ സാഹചര്യത്തെ എങ്ങനെയാണ് സര്‍ക്കാര്‍ നേരിടുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സര്‍ക്കാരിന്റെ പ്രതിസന്ധിയും രാഷ്ട്രീയ മാറ്റങ്ങളും
ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ കേസ് ഒരു ‘ഇരുതല മൂര്‍ച്ചയുള്ള വാള്‍’ ആണ്. 2018ല്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചു നല്‍കിയ സത്യവാങ്മൂലമാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് ആധാരമായത്. എന്നാല്‍ അത് പ്രായോഗികമായി നടപ്പിലാക്കാന്‍ ശ്രമിച്ചത് വിശ്വാസികളെ സര്‍ക്കാരില്‍ നിന്ന് അകറ്റി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചിരുന്നത്. ‘നവോത്ഥാന നായകന്‍’ എന്ന പ്രതിച്ഛായ വിശ്വാസികളുടെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കിയെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയിരുന്നു.
നിലവില്‍ വിഷയം ഒതുക്കിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ‘ഫ്യൂഡല്‍ സങ്കല്‍പ്പങ്ങള്‍ക്കെതിരായ പോരാട്ടം’ തുടരുമെന്ന് പറയുന്നത് രാഷ്ട്രീയ വൈരുദ്ധ്യമായി പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പറയുമ്പോഴും വിശ്വാസികളെ പിണക്കാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് കേരളം ഉറ്റുനോക്കുകയാണ്. പഴയ നിലപാടില്‍ ഉറച്ചുനിന്നാല്‍ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടുകളെ ബാധിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിലപാടിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരവസരം കാത്തിരിക്കുകയാണ്.
ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല വിഷയത്തെ, ഇതിനോടകം തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രധാന ആയുധമായി മാറ്റിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ഓരോ നീക്കത്തെയും വിശ്വാസ വിരുദ്ധമായി ചിത്രീകരിക്കാന്‍ അവര്‍ക്ക് ഈ കോടതി നടപടികള്‍ അവസരമൊരുക്കുന്നു.
സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും വിശ്വാസാചാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ചോദ്യം ചെയ്യുന്ന 67 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന്, ശബരിമലയിലെ ഈ രണ്ടാം ഘട്ട നിയമപോരാട്ടം വെറുമൊരു കേസ് മാത്രമല്ല; അത് അവരുടെ രാഷ്ട്രീയ നിലനില്പിന്റെ തന്നെ പ്രശ്നമായി മാറിയിരിക്കുകയാണ്.
സാമുദായിക നേതാക്കളുടെ നിലപാടുകള്‍
സര്‍ക്കാര്‍ ആചാര സംരക്ഷണത്തിനായി നിലപാടെടുക്കും എന്ന് പ്രതീക്ഷിക്കുന്നതായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. ‘സര്‍ക്കാരും ദേവസ്വംബോര്‍ഡും പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് എന്ന് വിശ്വസിക്കുന്നു. അങ്ങനെയൊരു ധാരണ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. നടപ്പായാലും നടപ്പായില്ലെങ്കിലും ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല.’ എന്നായിരുന്നു സുകുമാരന്‍ നായരുടെ വാക്കുകള്‍.
ജനവികാരം കണ്ട സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുമെന്ന് കരുതുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. ‘ വിധി ഉണ്ടായ അന്ന് തന്നെ വിധി നിരാശാജനകം എന്ന് പറഞ്ഞിരുന്നു. പരമ്പരാഗതമായി അവിടെ ഇല്ലാത്ത ഒന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. തിരുത്തേണ്ടവര്‍ തിരുത്തമം. ജനവികാരം കണ്ടല്ലോ? ആ ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനംകൊണ്ട് സര്‍ക്കാര്‍ അത് തിരുത്തിയതായി കാണാന്‍ സാധിക്കും. വിധി നടപ്പിലാക്കാനുള്ള ചടുലതയോ സമ്മര്‍ദ്ദമോ പിന്നീട് സര്‍ക്കാര്‍ കാണിച്ചിട്ടില്ല.’ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചയാളാണ് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ സര്‍ക്കാര്‍ തിരുത്തും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയും.
Content Summary: Sabarimala women’s entry row puts government in a bind.