June 03, 2026 |

ജനവാസ മേഖലയിലേക്കിറങ്ങിയാല്‍ വന്യമൃഗങ്ങളെ കൊന്നൊടുക്കുമെന്ന് കര്‍ഷക സംഘടന; ലക്ഷ്യം വോട്ട് ബാങ്കെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

കുഴിച്ചിടുന്നതിന് പകരം ലേലം ചെയ്യണം

ജനവാസ മേഖലയിലെ ആക്രമണകാരികളായ കാട്ടുപന്നികളെ കൊന്നാല്‍ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണ ഒഴിച്ചാണോ സംസ്‌കരിച്ചതെന്ന് നോക്കാന്‍ ഉദ്യോഗസ്ഥര്‍ പോകണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. വെടിവച്ച് കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം എന്ത് ചെയ്യുന്നുവെന്ന് ഫോറസ്റ്റ് അധികൃതര്‍ തിരക്കേണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നിയമങ്ങള്‍ നിലനില്‍ക്കെ, ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാന്‍ കര്‍ഷര്‍ക്ക് അനുമതി നല്‍കുമെന്ന് കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വല്‍സന്‍ പാനോലി അഴിമുഖത്തോട് പറഞ്ഞു.

“മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്റെ നേതൃത്വത്തില്‍ 2025 മെയ് 29 വരെ കേരളത്തിലെ മലയോര മേഖലകളില്‍ കര്‍ഷക പ്രക്ഷോഭ ജാഥ നടന്നുവരികയാണ്. 30, 31 തീയതികളില്‍ തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിന് മുന്നില്‍ സമരം നടത്തും. ഈ സമരം അവസാനിക്കുന്ന മുറയ്ക്ക്, നാട്ടില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കര്‍ഷകസംഘം കര്‍ഷകര്‍ക്ക് അനുമതി നല്‍കും. കേസ് വന്നാല്‍ അത് കര്‍ഷകപ്രസ്ഥാനം ഏറ്റെടുക്കും. നിയമം ജനങ്ങളോട് നടപ്പിലാക്കാന്‍ ഞങ്ങള്‍ പറയും” വല്‍സന്‍ പാനോലി കൂട്ടിച്ചേര്‍ത്തു.

“വെടിവച്ച് കൊലപ്പെടുത്തുന്ന പന്നികളെ പഞ്ചായത്ത് ലേലം ചെയ്യുകയോ കൃഷിക്കാര്‍ക്ക് ഉപയുക്തമാക്കുകയോ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ നിലവില്‍ വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ ജഡം കത്തിച്ച് കുഴിച്ച് മൂടുകയാണ് പതിവ്. ചിലര്‍ കുഴിച്ച് മൂടാത്തപക്ഷം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവരുടെ പിന്നാലെ പോകുന്നതിനെ കുറിച്ചാണ്, പന്നിയുടെ പിന്നാലെ ഉദ്യോഗസ്ഥര്‍ പോകണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും” വല്‍സന്‍ പാനോലി അഴിമുഖത്തോട് വ്യക്തമാക്കി.

നിലവില്‍ നിയന്ത്രിത നായാട്ടിന് നിയമനിര്‍മാണ സാധ്യത തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രിത നായാട്ട് വേണമെന്നും അതിനായി കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നാട്ടില്‍ വച്ചുതന്നെ കൊല്ലുന്നതിന് നിയമപരിരക്ഷ നല്‍കുകയാണ് സംസ്ഥാനം ഇതിലൂടെ ലക്ഷ്യമിടുന്നത്.

“കേന്ദ്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് എത്രയും വേഗം നിയമമാക്കണം. കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതിയെ നല്‍കിയിട്ടുള്ളൂ. എന്നാല്‍ അതിനെ കുഴിച്ചിടണമെന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാരിന് അതില്‍ തീരുമാനം എടുക്കാം. കുഴിച്ചിടണം എന്നത് തിരുത്തി അവയെ സര്‍ക്കാര്‍ ലേലം ചെയ്യുകയാണ് വേണ്ടത്. കിട്ടുന്ന പണം വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് വരുന്നത് തടയാന്‍ വേലികെട്ടാനും കിടങ്ങ് പണിയാനും ഫണ്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടുപന്നികളെ കൊന്ന് മണ്ണില്‍ കുഴിച്ചിടുന്നതിന് പകരം വില്‍പന നടത്തുകയാണ് വേണ്ടത്” കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ അഴിമുഖത്തോട് പറഞ്ഞു.

നിലവില്‍ കേന്ദ്ര അനുമതിയോടെ മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപന മേധാവികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2022 ലാണ് സര്‍ക്കാര്‍ അധികാരം നല്‍കിയത്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ച് മൂടണമെന്നാണ് നിയമം. എന്നാല്‍ തോക്ക് ലൈസന്‍സ് ഉള്ളവരെ നിയമിക്കുന്നതില്‍ പല പഞ്ചായത്തുകള്‍ക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതായിരുന്നു തീരുമാനം നടപ്പാക്കാന്‍ സാധിക്കാതെ പോയത്.

”കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡ് ലൈന്‍സ് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. മലയോര കര്‍ഷകരുടെ വോട്ട് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ആക്രമണം എന്നത് ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന്” പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏഞ്ചല്‍സ് നായര്‍ അഴിമുഖത്തോട് പ്രതികരിച്ചു.

“കാട്ടുപന്നിയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2021 സെപ്തംബറില്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും കേന്ദ്രം അക്കാര്യം പരിഗണിക്കാതെ മടക്കി അയയ്ക്കുകയായിരുന്നു. കാട്ടുപന്നി മറ്റ് പല ജീവികളുടെയും ഭക്ഷണമാണെന്നും ഇവ ഇല്ലാതായാല്‍ പുലി, കടുവ മുതലായവ മനുഷ്യരെ ആക്രമിക്കും. അതേസമയം, ജനവാസ മേഖലയില്‍ ആക്രമണകാരികളാകുന്ന കാട്ടുപന്നികളെ കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ച് വെടിവച്ച് കൊന്ന് കത്തിച്ച് കുഴിച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയത്. കുഴിച്ചിട്ടാല്‍ അവ മോഷണം പോകാതെയിരിക്കാനും ആളുകള്‍ ഭക്ഷണമാക്കാതിരിക്കാനുമാണ് അവയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചശേഷം കുഴിച്ചിടാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതെന്നും” ഏഞ്ചല്‍സ് നായര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ വൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കാട്ടുമൃഗങ്ങളെ വെടിവച്ച് കൊന്ന് തിന്നാനുള്ള അധികാരമില്ല. നിയന്ത്രിത നായാട്ടില്‍ നിയമനിര്‍മാണത്തിനായി സംസ്ഥാന വനം-നിയമവകുപ്പുകള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന വനം നിയമങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ച ശേഷമാകും നിയമനിര്‍മാണം.

വിദേശരാജ്യങ്ങളിലെല്ലാം മൃഗവേട്ടയ്ക്ക് അനുമതിയുണ്ട്. കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നത് വഴി ഇത്തരമൊരു നിയമനിര്‍മാണം സാധ്യമായാല്‍ അത് രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ സുപ്രധാനമായ നേട്ടമായി മാറും. Human-wildlife conflict; Officials need not worry about the carcasses of wild boars

Content Summary: Human-wildlife conflict; Officials need not worry about the carcasses of wild boars

Leave a Reply

Your email address will not be published. Required fields are marked *

×