June 04, 2026 |
Share on

ഹംഗറിയെ പുനര്‍നിര്‍മിക്കാന്‍ മഗ്യാര്‍; 16 വര്‍ഷത്തെ ഓര്‍ബന്‍ യുഗത്തിന് അന്ത്യം

‘യൂറോപ്പ് ദിനത്തില്‍’ തന്നെ സത്യപ്രതിജ്ഞ നടന്നത് ഹംഗറി യൂറോപ്പിന്റെ അവിഭാജ്യ ഘടകമാണെന്ന സന്ദേശം നല്‍കാനാണെന്ന് നിയുക്ത വിദേശകാര്യമന്ത്രി

ഹംഗറിയില്‍ 16 വര്‍ഷം നീണ്ടുനിന്ന വിക്ടര്‍ ഓര്‍ബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട്, യൂറോപ്യന്‍ അനുകൂല മധ്യ-വലതുപക്ഷ നേതാവ് പീറ്റര്‍ മഗ്യാര്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, ഹംഗേറിയന്‍ ചരിത്രം തിരുത്തിക്കുറിക്കാനും ഭരണമാറ്റത്തിന്റെ കവാടം കടക്കാനും മഗ്യാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഒരു മാസം മുന്‍പ് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഗ്യാറിന്റെ പ്രതിപക്ഷ പാര്‍ട്ടിയായ ‘തിസ’ വന്‍വിജയം നേടിയതിനെത്തുടര്‍ന്നാണ് ഈ അധികാര കൈമാറ്റം.

ആഗോളതലത്തിലെ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ടിരുന്ന ഓര്‍ബന്റെയും അദ്ദേഹത്തിന്റെ പോപ്പുലിസ്റ്റ് പ്രസ്ഥാനത്തിന്റെയും പതനം ബുഡാപെസ്റ്റിലും പരിസരത്തും വലിയ ആഹ്ലാദ പ്രകടനങ്ങള്‍ക്കാണ് വഴിതെളിച്ചത്. പാര്‍ലമെന്റിന് പുറത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത മഗ്യാര്‍, മാറ്റത്തിലേക്കുള്ള പാത ദീര്‍ഘവും ദുഷ്‌കരവുമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. എങ്കിലും ഒടുവില്‍ ഹംഗേറിയന്‍ ജനതയ്ക്ക് സന്തോഷിക്കാമെന്നും, ഇന്ന് ലോകത്തെ എല്ലാ സ്വാതന്ത്ര്യസ്‌നേഹികളും ഒരു ഹംഗേറിയന്‍ പൗരനാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ മനുഷ്യര്‍ക്ക് ക്രൂരമായ ഏകാധിപത്യത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഹംഗറി ലോകത്തിന് കാട്ടിക്കൊടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ മാറ്റുക മാത്രമല്ല, നിലവിലെ വ്യവസ്ഥിതിയെ തന്നെ പുനര്‍നിര്‍മ്മിക്കാനാണ് ജനങ്ങള്‍ തനിക്ക് മാന്‍ഡേറ്റ് നല്‍കിയിരിക്കുന്നതെന്ന് മഗ്യാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഓര്‍ബന്റെ ഭരണത്തിന് കീഴില്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി ഹംഗറി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവസാന നിമിഷം വരെ പൊതുമുതല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചവരും ഓര്‍ബന്റെ കൂട്ടാളികളും ചെയ്ത കാര്യങ്ങള്‍ക്ക് നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുന്‍ ഭരണകൂടം നിയമിച്ച ഉദ്യോഗസ്ഥരോട് ഈ മാസം അവസാനത്തോടെ രാജിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്ത പ്രസിഡന്റ് തമാസ് സുലിയോക് ആണ് ആദ്യം രാജിവെക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

കൂടുതല്‍ മാനുഷികവും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഹംഗറിയെ കെട്ടിപ്പടുക്കുമെന്നാണ് മഗ്യാറിന്റെ വാഗ്ദാനം. ഹംഗറി എല്ലാ ഹംഗേറിയക്കാരുടെയും വീടായിരിക്കുമെന്നും വിഭജനങ്ങളേക്കാള്‍ നമ്മെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പാര്‍ലമെന്റിന് മുന്നിലെ ചത്വരത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. 2014-ല്‍ ഫിഡെസ് സര്‍ക്കാര്‍ നീക്കം ചെയ്ത യൂറോപ്യന്‍ യൂണിയന്റെ പതാക പാര്‍ലമെന്റ് മന്ദിരത്തില്‍ തിരികെ സ്ഥാപിക്കുമെന്ന് സ്പീക്കര്‍ ആഗ്‌നസ് ഫോര്‍സ്റ്റ്‌ഹോഫര്‍ പ്രഖ്യാപിച്ചപ്പോള്‍ ജനക്കൂട്ടം ആവേശത്തോടെയാണ് പ്രതികരിച്ചത്.

വിദ്യാഭ്യാസ മേഖലയെ തഴയുകയും സ്വന്തം താത്പര്യങ്ങള്‍ക്കായി ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്ത ഓര്‍ബന്‍ ഭരണകൂടത്തിന്റെ വിടവാങ്ങലില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ വലിയ പ്രതീക്ഷയിലാണ്. 199-അംഗ പാര്‍ലമെന്റില്‍ 141 സീറ്റുകള്‍ നേടിയാണ് ടിസ പാര്‍ട്ടി അധികാരം പിടിച്ചത്. ഫിഡെസ് പാര്‍ട്ടിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന മഗ്യാര്‍, 2024-ന്റെ തുടക്കത്തിലാണ് പാര്‍ട്ടി വിട്ട് വന്ന് ഭരണകൂടത്തിന്റെ അഴിമതികള്‍ തുറന്നുകാട്ടിയത്. 1990-ല്‍ ജനാധിപത്യം സ്ഥാപിതമായതിന് ശേഷം വിക്ടര്‍ ഓര്‍ബന്‍ പാര്‍ലമെന്റില്‍ ഇല്ലാത്ത ആദ്യത്തെ സഭയാണിത്. ഇനി തന്റെ പ്രസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് 62-കാരനായ ഓര്‍ബന്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും മരവിപ്പിക്കപ്പെട്ട ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മഗ്യാര്‍ ഉറപ്പ് നല്‍കി. ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. ഹംഗറിയിലെ റോമ ന്യൂനപക്ഷത്തിനും അയല്‍രാജ്യങ്ങളിലെ ഹംഗേറിയക്കാര്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കാഴ്ചപരിമിതിയുള്ള അഭിഭാഷകന്‍ വില്‍മോസ് കാറ്റായ്-നെമെത്തിനെ സാമൂഹിക-കുടുംബക്ഷേമ മന്ത്രിയായി നിയമിച്ചതും ശ്രദ്ധേയമായി. കൂടാതെ, ഹംഗേറിയന്‍ ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം കാല്‍ ഭാഗത്തിലധികമായി വര്‍ദ്ധിച്ചു.

‘യൂറോപ്പ് ദിനത്തില്‍’ തന്നെ സത്യപ്രതിജ്ഞ നടന്നത് ഹംഗറി യൂറോപ്പിന്റെ അവിഭാജ്യ ഘടകമാണെന്ന സന്ദേശം നല്‍കാനാണെന്ന് നിയുക്ത വിദേശകാര്യമന്ത്രി അനിറ്റ ഓര്‍ബന്‍ പറഞ്ഞു. ഓര്‍ബന്റെ മുഖപത്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് മീഡിയകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. തകര്‍ന്നുകിടക്കുന്ന പൊതുസേവന സംവിധാനങ്ങളും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുക എന്ന വലിയ വെല്ലുവിളിയാണ് മഗ്യാര്‍ സര്‍ക്കാരിന് മുന്നിലുള്ളത്. എങ്കിലും, ഹംഗറിയുടെ ചരിത്രത്തിലെ കറുത്ത അധ്യായം അവസാനിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് അവിടുത്തെ ജനങ്ങള്‍.

Content Summary: Péter Magyar sworn in as Hungary’s Prime Minister, ending Viktor Orbán’s 16-year rule. Magyar’s vision for a pro-European future

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×