കാലം എത്രയൊക്കെ മാറിയിട്ടും വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടും ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണ് തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവവധുവായ ഇന്ദുജ (25) യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവിനെയും സുഹൃത്ത് അജാസിനെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ദുജയെ സുഹൃത്ത് അജാസ് മര്‍ദിച്ചതായി അഭിജിത്ത് തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, ഇന്ദുജയുടെ കണ്ണിനും തോളിലും മര്‍ദനമേറ്റ പാടുകളുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.husband & friend also in custody in Indujas death
കസ്റ്റഡിയിലെടുത്ത ഇരുവരുടെയും ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതും പോലീസിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ദുജയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ സുഹൃത്തുക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്ദുജയുടെ സുഹൃത്തുക്കളെ ചൊല്ലി അഭിജിത്ത് നിരന്തരം വഴക്കുകള്‍ ഉണ്ടാക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നത്. കൂടാതെ മരിച്ച ഇന്ദുജയുമായി സുഹൃത്ത് അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പോലീസ് പറയുന്നു.
ഇന്ദുജയും അഭിജിത്തും
ഡിസംബര്‍ 6 ന് ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു ഇന്ദുജ. അഭിജിത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്.
രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മൂന്ന് മാസം മുമ്പ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി അഭിജിത്ത് ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്യുകയായിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ഇന്ദുജയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച മകള്‍ വീട്ടില്‍ വന്നപ്പോള്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായി പിതാവ് പറയുന്നു. ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം മാനസിക ശാരീരിക പീഡനങ്ങള്‍ നേരിട്ടതായും ഇന്ദുജയെ കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
കോഴിക്കോട് പന്തീരങ്കാവില്‍ വിവാഹം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നവവധു നേരിട്ട ക്രൂരമര്‍ദനങ്ങള്‍ നമ്മള്‍ ഏറെ ഞെട്ടലോടെയായിരുന്നു കേട്ടത്. എന്നാല്‍ ഭര്‍ത്താവിന്റെ ഭീഷണികള്‍ക്ക് വഴങ്ങി കേസില്ലെന്ന് പറഞ്ഞ് ഇതേ യുവതി സ്വന്തം വീട്ടുകാരെ പോലും അവഗണിച്ച് വീണ്ടും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയ്യാറായതും അയാളില്‍ നിന്നും പിന്നീടും ക്രൂരപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും വലിയ ചര്‍ച്ചയായിട്ട് അധികം നാളായിട്ടില്ല. ഇത്തരത്തില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം ചുരുക്കിക്കാണാവുന്നതല്ല. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതകഥകള്‍ സ്വന്തം മാതാപിതാക്കളോടോ സഹോദരങ്ങളോടോ പോലും തുറന്നുപറയാന്‍ കഴിയാതെ ജീവിക്കുന്നവരും നിരവധിയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കാണാം. കേരള ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020 ജനുവരി മുതല്‍ 2024 ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ 82,450 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 ല്‍ 15,114, 2017 ല്‍ 14,263, 2018 ല്‍ 13,643, 2019 ല്‍ 14,293, 2020 ല്‍ 12,659, 2021 ല്‍ 16,199, 2022 ല്‍ 18,943, 2023 ല്‍ 18,980, 2024 ഒക്‌ടോബര്‍ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15,669 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഭര്‍ത്താക്കന്മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനങ്ങള്‍ തന്നെയാണ്.
വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ നേരിടുന്ന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മൂന്നില്‍ ഒരു സ്ത്രീ പങ്കാളിയില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഭര്‍ത്തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പക്വതയോടെ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തവരായി യുവതലമുറ മാറിക്കഴിഞ്ഞു. എന്തിനും ഏതിനും ആത്മഹത്യയാണ് പരിഹാരമാര്‍ഗമെന്ന് കരുതുന്ന യുവതലമുറയെ തിരുത്താന്‍ പൊതുസമൂഹവും മാതാപിതാക്കളും തയ്യാറാകേണ്ടിയിരിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനും തന്റേടത്തോടെ സാഹചര്യങ്ങളെ നേരിടാനും വിവേകത്തോടെ തീരുമാനം എടുക്കാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കേണ്ടത് അവരുടെ കുടുംബവും ചുറ്റുപാടുകളും തന്നെയാണ്.
പരസ്പരമുള്ള തുറന്ന് പറച്ചിലുകള്‍ക്ക് ഇടംനല്‍കാതെ വാശിയുടേയും സംശയത്തിന്റെയും പേരില്‍ ജീവിതം തകര്‍ന്ന വലിയ വിഭാഗവം തന്നെയുണ്ട്. കൂട്ടുകുടുംബങ്ങളില്‍ നിന്നും ന്യൂക്ലിയര്‍ ഫാമിലിയിലേക്ക് മാറിയതോടെ പ്രശ്‌നങ്ങള്‍ തുറന്നുസംസാരിക്കാനോ തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കാനോ ആരും ഇല്ലാത്ത സാഹചര്യവും കുടുംബബന്ധങ്ങളുടെ താളം തെറ്റിക്കുന്നു. ഇതിനൊക്കെ പുറമെയാണ് സോഷ്യല്‍ മീഡിയയുടെയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗവും. അങ്ങേ തലയ്ക്കലുള്ള ആളെ നേരിട്ട് കാണാതെ പോലും ആരംഭിക്കുന്ന സൗഹൃദങ്ങളിലും ബന്ധങ്ങളിലും തകര്‍ന്ന ദാമ്പത്യ ജീവിതങ്ങളും നിരവധിയാണ്.
ഇതൊക്കെ തന്നെയാണെങ്കിലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ബന്ധമാണെങ്കില്‍ തീര്‍ച്ചയായും വിടുതല്‍ വാങ്ങുന്നതാണ് നല്ലത്. വിവാഹമോചനം മോശമാണെന്ന കാഴ്ചപ്പാടിനാണ് ആദ്യം മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക ഭദ്രതയും നല്‍കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ഒപ്പം വിവാഹശേഷം പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്ന ബന്ധമാണെങ്കില്‍ ഇറങ്ങിപ്പോരാന്‍ പെണ്‍മക്കളെ പ്രാപ്തരാക്കേണ്ടിയും ഇരിക്കുന്നു.husband & friend also in custody in Indujas death
Content Summary: husband & friend also in custody in Indujas death
Palode Indujas death indujas murder kerala police husband & friend in custody latest new top news kerala news murder news suicide news