June 26, 2026 |
Share on

ഞാന്‍ സെക്‌സിയാണ്, ബീഗം ജാനിനു മുന്നേ ഞാനതു തെളിയിച്ചതാണ്; വിദ്യ ബാലന്‍

ഡേര്‍ട്ടി പിക്ചറിലെ കഥാപാത്രത്തിനുശേഷം ശരീര പ്രദര്‍ശനത്തെ കുറിച്ചുള്ള ഉത്കണ്ഠകള്‍ ഇല്ലാതായി

സെക്‌സിയായ ഒരു നടിയാണ് താനെന്ന ബോധം ഉണ്ടെന്നു വിദ്യാ ബാലന്‍. ഈ കാര്യം താന്‍ തെളിയിച്ചിട്ടുള്ളതുമാണ്. അഭിനേത്രി എന്ന നിലയില്‍ ശരീരത്തെ കുറിച്ചോര്‍ത്ത് ആകുലപ്പെടാറില്ലെന്നും റെഡിഫ് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറയുന്നു.

2010 ല്‍ ഇറങ്ങിയ ഇഷ്ഖിയയിലെ വേഷമാണ് തനിക്ക് ഇങ്ങനെയൊരു ആത്മവിശ്വാസം നല്‍കിയത്. ഇഷ്ഖിയായിലെ കൃഷ്ണ വര്‍മ തന്റെ ശരീരം കൊണ്ട് പുരുഷന്‍മാരെ വശീകരിക്കുന്ന കഥാപാത്രമാണ്. ഈ കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ഇഷ്ഖിയയ്ക്കുശേഷം ലോകത്തിനു മുന്നില്‍ ഞാനൊരു സെക്‌സി ആണെന്നു തെളിയിക്കാന്‍ സാധിച്ചുവെന്നും വിദ്യ അഭിമുഖത്തില്‍ പറയുന്നു.

ശരീരത്തെ കുറിച്ചുള്ള ഉത്കണ്ഠകള്‍ വിട്ടൊഴിയാന്‍ സഹായിച്ച കഥാപാത്രം ഡേര്‍ട്ടി പിക്ചറിലെ രേഷ്മയാണെന്നും വിദ്യ പറയുന്നു. അതിനു മുമ്പ് ദേഹത്ത് ഒട്ടിയതും ഇറുകി പിടിച്ചതുമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശരീരം കൂടുതല്‍ വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിക്കേണ്ടി വന്നതു ഡേര്‍ട്ടി പിക്ചറിലാണ്. രേഷ്മ എന്ന കഥാപാത്രം ചെയ്തു കഴിഞ്ഞതോടെ ശരീരപ്രദര്‍ശനത്തെ കുറിച്ചുള്ള ഉത്കണ്ഠകള്‍ പൂര്‍ണമായി തന്നെ വിട്ടൊഴിഞ്ഞെന്നും വിദ്യ വ്യക്തമാക്കുന്നു. ഈ കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് ബീഗം ജാന്‍ എന്നും വിദ്യ അഭിമുഖത്തില്‍ പറയുന്നു.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും വിദ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആദ്യ കാലത്ത് ഒരു ഓഫര്‍ വരുമ്പോള്‍ നോ പറയാന്‍ ഭയമായിരുന്നു. താനങ്ങനെ പറഞ്ഞാല്‍ മറ്റുള്ളവര്‍ അതു തന്റെ തെറ്റായി കാണുമോ എന്നായിരുന്നു ചിന്ത. ഞാന്‍ സിനിമപശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നും വന്നയാളല്ല, സിനിമയില്‍ എനിക്കു ഗോഡ്ഫാദര്‍മാരുമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ നോ പറയാന്‍ പഠിച്ചിരിക്കുന്നു. ഒരു സിനിമ ചെയ്തശേഷം പിന്നീട് എന്റെ ദൈവമേ ഞാനെന്തിനതു ചെയ്തു എന്നു തോന്നരുത്; വിദ്യ പറയുന്നു. തനിക്ക് 38 വയസായി എന്ന കാര്യം തന്നെ ഭയപ്പെടുത്തുന്നില്ലെന്നും വിദ്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×