നടൻ മോഹൻലാലുമായി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ ചിദംബരം. ചിദംബരവും മോഹൻലാലും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഈ വാർത്തകളോട് പ്രതികരിക്കവേയാണ് മോഹൻലാലിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം ചിദംബരം പങ്കുവെച്ചത്. ലാലേട്ടനുമായി സിനിമ ചെയ്യുന്നു എന്ന പ്രചരണം എങ്ങനെ വന്നുവെന്ന് തനിക്ക് അറിയില്ലെന്നും അവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നും ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
“ലാലേട്ടനുമായി സിനിമ ചെയ്യുന്നു എന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ല. ഓരോ സ്ഥലത്തുനിന്ന് ആരെങ്കിലുമൊക്കെ പറഞ്ഞ് വരുന്നതായിരിക്കും. ഭയങ്കര ആഗ്രഹമുണ്ട് ലാലേട്ടനുമായി ഒരു സിനിമ ചെയ്യണമെന്ന്. അവസരം കിട്ടിയാല്‍ ചെയ്യും. അത്തരമൊരു പ്രോജക്റ്റ് സംബന്ധിച്ച് ഡിസ്കഷന് ഒന്നും നടന്നിട്ടില്ല“; ചിദംബരം പറഞ്ഞു. ലാലേട്ടനും മമ്മൂക്കയ്ക്കും ഒപ്പം സിനിമ ചെയ്യുകയാണെങ്കിൽ ഏത് തരം സിനിമകളാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും ചിദംബരം മറുപടി പറയുന്നുണ്ട്.
“ലാലേട്ടനും മമ്മൂക്കയും എന്തിലേക്കും അഡാപ്റ്റ് ആവുന്ന ആള്‍ക്കാരാണ്. എന്തുതരം കഥാപാത്രം കൊടുത്താലും അവര്‍ അതിലേക്ക് എത്തും. ഒരു കഥയിലേക്ക് അവരിലെ താരങ്ങളേക്കാള്‍ അഭിനേതാക്കളെയാണ് കൊണ്ടുവരേണ്ടതെന്ന് ഞാന്‍ കരുതുന്നു. അങ്ങനെയാവണം ഒരു താരവുമായി ഒരുമിക്കേണ്ടതെന്നാണ് എന്റെ ആഗ്രഹം”, ചിദംബരം പറയുന്നു.
“ലാലേട്ടനെ കൊണ്ടുവന്നാല്‍ പൊടി പറത്തണം. മീശ പിരിക്കണം. ലാലേട്ടന് വന്നാല്‍ അത്രയെങ്കിലും ചെയ്യണ്ടേ? കാരണം അദ്ദേഹത്തിന്റെ ആരാധകര്‍ അത് ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ പടങ്ങള്‍ സെലിബ്രേഷന് ആണ്”. മമ്മൂട്ടി വന്നാല്‍ ഒരു റിവെഞ്ച് ത്രില്ലര്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു.
‘മഞ്ഞുമ്മല്‍ ബോയ്സിന്’ ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ: ദ് ബോയ്’ ആണ് ഇനി തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന ചിത്രം. ചിത്രം ജൂണ്‍ 19 ന് തിയറ്ററുകളിലെത്തും. സംവിധായകന് ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. ജിത്തുവും ചിദംബരവും ആദ്യമായി കൈകോര്‍ക്കുന്നുവെന്നതും ബാലനിൽ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സുഷിന് ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.