ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. പാകിസ്താനാണ് പ്രധാനമായും ആതിഥേയത്വം വഹിക്കുന്നതെങ്കിലും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ താത്പര്യ പ്രകാരം ഹൈബ്രിഡ് മോഡലിലാണ്. ഇതു പ്രകാരം ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ദുബായി വേദിയാകും. സുരക്ഷ കാരണങ്ങളാല്‍ പാകിസ്താനിലേക്ക് പോകാന്‍ ഇന്ത്യന്‍ ടീമിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് കാരണം. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ പാകിസ്താനും ന്യൂസിലാന്‍ഡും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്.
സഞ്ജു ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, അവസാന സമയങ്ങളില്‍ വന്ന വാര്‍ത്തകള്‍ സഞ്ജുവിന് എതിരായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും സഞ്ജു വിട്ടു നിന്നത് ക്രിക്കറ്റ് ബോര്‍ഡിന്റെ എതിര്‍പ്പിന് കാരണമായിരുന്നു. സഞ്ജുവിനെതിരേ അന്വേഷണം നടക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.
ജസ്പ്രീത് ബുംറ കളിക്കുമെന്നതാണ് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശ്വാസം. ഓസ്‌ട്രേലിയയിലെ അവസാന ടെസ്റ്റിനിടയില്‍ പുറംവേദന പിടികൂടിയ ബുംറയുടെ പരിക്ക് രൂക്ഷമായതാണെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ മത്സരങ്ങളില്‍ നിന്നും ബുംറയെ ഒഴിവാക്കിയിരുന്നു. പരിക്ക് രൂക്ഷമാകാതിരിക്കാനുള്ള മുന്‍ കരുതലാണിത്. അതേസമയം ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മുഹമ്മദ് ഷമി ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലും ഷമിയുണ്ട്.
2013 ലാണ് ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയിട്ടുള്ളത്. ധോണിയുടെ കീഴിലായിരുന്നു ആ കിരീട നേട്ടം. 2002 ല്‍ ഫൈനല്‍ മഴയില്‍ മുങ്ങിയതോടെ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത കിരീട ജേതാക്കളയതും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി നേട്ടമാണ്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീം; രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭാമാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ്, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ. ICC champions trophy, Indian squad, Sanju Samson out
Content Summary; ICC champions trophy, Indian squad, Sanju Samson out