നിയന്ത്രിക്കുന്നത് അധോലോക സംഘമോ? കാനഡ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി

ഗുരുതരമായ ആക്ഷേപങ്ങളാണ് കാനഡ ക്രിക്കറ്റ് ബോര്‍ഡിനെതിരേ ഉയര്‍ന്നിരിക്കുന്നത്

ICC Suspend Canada Cricket Board

കാനഡ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ഭരണപരമായ ബാധ്യതകള്‍ ഗുരുതരമായി ലംഘിച്ചുവെന്നതാണ് ഐസിസി നടപടിക്ക് കാരണം. ഇന്ത്യയിലെ അഹമ്മദാബാദില്‍ ഞായറാഴ്ച ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് കാനഡയുടെ ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണപരമായ വീഴ്ചകളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഈ കടുത്ത തീരുമാനമെടുത്തത്. കാനഡയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കായിക വിനോദങ്ങളിലൊന്നായ ക്രിക്കറ്റില്‍, ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവന്റെ സംഘത്തിന് സ്വാധീനമുണ്ടെന്ന ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്. മതിയായ ഭരണസംവിധാനങ്ങളില്ലാത്തതിനാലും ഓഡിറ്റ് ചെയ്ത സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാലും കഴിഞ്ഞ മെയ് മാസത്തില്‍ത്തന്നെ ക്രിക്കറ്റ് കാനഡയ്ക്കുള്ള ഫണ്ടിംഗ് ഐ.സി.സി മരവിപ്പിച്ചിരുന്നു.

ഐ.സി.സിയുടെ നടപടി അപ്രതീക്ഷിതമാണെന്നും എന്നാല്‍ ഇതിനെതിരെ നിയമപരമായി നീങ്ങാന്‍ ഉദ്ദേശമില്ലെന്നുമാണ് ക്രിക്കറ്റ് കാനഡയുടെ പുതിയ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഭവജിത് ജൗഹര്‍ പ്രസ്താവനയില്‍ അറിയിച്ചത്. ഐ.സി.സിയുടെ എല്ലാ നിബന്ധനകളും പാലിക്കാന്‍ തങ്ങള്‍ പൂര്‍ണ്ണമായി ബാധ്യസ്ഥരാണെന്നും, ബോര്‍ഡിന്റെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശകര്‍ക്കിടയില്‍ ക്രിക്കറ്റ് കാനഡ ഇതിനോടകം തന്നെ ഒരു ‘പരിഹാസപാത്രമായി’ മാറിയിട്ടുണ്ടെന്നാണ് കായികമേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്.

കാനഡയുടെ ദേശീയ മാധ്യമമായ സി.ബി.സിയുടെ അന്വേഷണാത്മക വിഭാഗമായ ‘ദി ഫിഫ്ത് എസ്റ്റേറ്റ്’ അടുത്തിടെ പുറത്തുവിട്ട സ്‌ഫോടനാത്മകമായ കണ്ടെത്തലുകളാണ് ക്രിക്കറ്റ് കാനഡയെ പ്രതിക്കൂട്ടിലാക്കിയത്. ക്രിക്കറ്റ് കാനഡയ്ക്കുള്ളില്‍ വ്യാപകമായ അഴിമതി, ഭീഷണിപ്പെടുത്തല്‍, ഒത്തുകളി എന്നിവ നടക്കുന്നുണ്ടെന്ന് ഇവരുടെ വിപുലമായ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചില കളിക്കാര്‍ക്ക് അര്‍ഹതയില്ലാത്ത പ്രമോഷനുകള്‍ നല്‍കിയതായും, ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലേക്ക് വരെ ചിലരെ വേഗത്തില്‍ എത്തിക്കാന്‍ സംഘടനയുടെ തലപ്പത്തുള്ളവര്‍ ഒത്തുകളിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ആരോപിക്കുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ജീവന്‍പോലും അപകടത്തിലാകുമെന്ന് ചില ദേശീയ ടീം അംഗങ്ങള്‍ക്ക് ഭീഷണിയുണ്ടായിരുന്നതായും സി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കായികരംഗത്തെ വാതുവെപ്പ് ഇന്ന് അത്യാധുനികമായ രീതിയിലേക്ക് മാറിയതിനാല്‍, ബാറ്റിംഗ് ഓര്‍ഡറുകളിലും കളിക്കളത്തിലെ ചെറിയ പിഴവുകളിലും വരെ പണം വെച്ചുള്ള വലിയ വാതുവെപ്പുകളാണ് നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ കനേഡിയന്‍ ക്യാപ്റ്റന്‍ വരുത്തിയ ഒരു പിഴവ് ഒത്തുകളിയുടെ ഭാഗമാണെന്ന സംശയത്തെ തുടര്‍ന്ന് ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ക്രിക്കറ്റ് കാനഡയെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങള്‍ക്ക് ഡല്‍ഹിയിലെ ജയില്‍ സെല്ലില്‍ ഇരുന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖല നടത്തുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡയില്‍ നടന്ന നിരവധി കൊലപാതകങ്ങളിലും വധശ്രമങ്ങളിലും ബിഷ്‌ണോയ് സംഘത്തിന് പങ്കുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ആരാധനാലയത്തിന് മുന്നില്‍ വെച്ച് സിഖ് ആക്ടിവിസ്റ്റ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചതിന് പിന്നില്‍ ബിഷ്‌ണോയ് സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ പഞ്ചാബി റാപ്പര്‍ സിദ്ധു മൂസ് വാലയെ പഞ്ചാബിലെ ഗ്രാമത്തില്‍ വെച്ച് വെടിവെച്ചു കൊന്നതും ബിഷ്‌ണോയിയുടെ ഉത്തരവിന്‍പ്രകാരമായിരുന്നു. കാനഡയിലെ പ്രവാസി സമൂഹങ്ങളെ ഭീഷണിപ്പെടുത്താനും പണം തട്ടാനുമായി ഈ സംഘം കൊലപാതകം, വെടിവെപ്പ്, തീവെപ്പ് എന്നിവ ഉപയോഗിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് കനേഡിയന്‍ ഭരണകൂടം അടുത്തിടെ ഈ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് ഇന്ത്യയിലെ ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം, ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്‌തെങ്കിലും ക്രിക്കറ്റ് കാനഡയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കളിക്കാരെ ബാധിക്കാതിരിക്കാന്‍ കനേഡിയന്‍ ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതി ഐ.സി.സി നല്‍കിയിട്ടുണ്ട്. എന്നാല്‍ സസ്പെന്‍ഷന്‍ കാലയളവില്‍ ദേശീയ ടീമുകള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ ഐ.സി.സിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള നിയന്ത്രിത ഫണ്ടിംഗ് സംവിധാനത്തിലൂടെ മാത്രമായിരിക്കും ക്രിക്കറ്റ് കാനഡയ്ക്ക് ലഭിക്കുക. ബോര്‍ഡിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി ചില കര്‍ശന നിബന്ധനകള്‍ ഐ.സി.സി മുന്നോട്ടുവെക്കും. ഈ നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും ഐ.സി.സി ബോര്‍ഡിന് പൂര്‍ണ്ണ തൃപ്തി വരികയും ചെയ്താല്‍ മാത്രമേ കാനഡയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ. നിലവില്‍ ഐ.സി.സി അംഗീകാരമുള്ള ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ കനേഡിയന്‍ ടീമുകള്‍ക്ക് യോഗ്യതയുണ്ടായിരിക്കും.

Content Summary: The ICC has suspended Cricket Canada over serious governance breaches, amid shocking allegations of match-fixing and ties to the notorious Lawrence Bishnoi gang.

This post was last modified on June 3, 2026 7:06 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment