ലോകത്തിലെ ഏറ്റവും വലിയ ബ്ലൂ ഡയമണ്ട് സ്വന്തമാക്കാനുള്ള ഖത്തർ രാജകുടുംബത്തിലെ അംഗത്തിന്റെ ശ്രമം പരാജയപ്പെട്ടു. ബ്ലൂ ഡയമണ്ട്, ഖത്തർ രാജകുടുംബത്തിലെ അംഗമായ ഷെയ്ഖ് ഹമദ് അബ്ദുള്ള അൽതാനിക്ക് വിൽക്കരുതെന്നും നിലവിൽ വജ്രത്തിന്റെ ഉടമയായ
എലനസ് ഹോൾഡിങ്ങ് ലിമിറ്റഡിനെ വിൽക്കാൻ നിർബന്ധിക്കരുതെന്നും ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു.
ആർട്ട് കളക്ടർ ഷെയ്ഖ് ഹമദ് അബ്ദുള്ള അൽതാനിയുടെ നേതൃത്വത്തിലുള്ള ക്വിപ്കോ, 70 കാരറ്റിന്റെ ‘ഐഡൽസ് ഐ’ എന്ന പേരിൽ കൊണ്ടുവന്ന അവകാശവാദം ജഡ്ജി സൈമൺ ബിർട്ട് തള്ളിക്കളയുകയായിരുന്നു.നിലവിൽ എലനസ് ഹോൾഡിങ്ങ് ലിമിറ്റഡിന് വജ്രം വിൽക്കാൻ താൽപര്യമില്ലെന്ന് കോടതി അറിയിച്ചു.
ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ ബന്ധുവിന്റെ നേതൃത്വത്തിലുള്ള ക്വിപ്‌കോ, 2014 ലെ കരാർ പ്രകാരം കുറഞ്ഞത് 10 മില്യൺ ഡോളറിന് വജ്രം വിൽക്കാൻ എലനസിനെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് 2022 ൽ ക്വിപ്കോ കേസ് ഫയൽ ചെയ്തിരുന്നു.
മരണപ്പെട്ട ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് അൽ-താനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എലനസ് എന്ന കമ്പനി അദ്ദേഹത്തിന്റെ അവകാശികളാണ് നിയന്ത്രിക്കുന്നതെന്ന് ക്വിപ്‌കോ അവകാശപ്പെട്ടു.
എലനസ് 2014ൽ “ഐഡൽസ് ഐ” എന്ന പ്രശസ്തമായ വജ്രം ക്വിപ്‌കോയ്ക്ക് 20 വർഷത്തേക്ക് വായ്പ നൽകിയിരുന്നു. കൂടാതെ ഒരു നിശ്ചിത വിലയ്ക്ക് അല്ലെങ്കിൽ മൂല്യനിർണ്ണയങ്ങളുടെ അടിസ്ഥാനത്തിൽ അത് വാങ്ങാനുള്ള അവസരം ക്വിപ്കോയ്ക്ക് ഉണ്ടായിരുന്നു.
2020 ൽ ഷെയ്ഖ് സൗദിന്റെ മകൻ ഷെയ്ഖ് ഹമദ് ബിൻ സൗദ് അൽ-താനി, കുടുംബവുമായോ എലനസുമായോ കൂടിയാലോചിക്കാതെ വജ്രം ക്വിപ്‌കോയ്ക്ക് വിൽക്കാൻ ശ്രമിച്ചു. എന്നാൽ കുടുംബം വജ്രം വിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാൽ വിൽപ്പന നിർത്തിവച്ചു. വായ്പാ കരാർ വജ്രം വാങ്ങാൻ അനുവദിക്കുന്നുവെന്ന് വാദിച്ച് ക്വിപ്‌കോ കോടതിയെ സമീപിക്കുകയായിരുന്നു.
എലനസ് വജ്രം വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വിധിച്ചു. തുടക്കത്തിൽ കുടുംബം വിൽക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജൂലൈയിൽ ക്വിപ്കോ രണ്ടാമത്തെ അഭ്യർത്ഥന നടത്തിയ സമയത്ത് വിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് അറിയിച്ചിരുന്നു. അതിനാൽ കോടതി എലനസിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ക്വിപ്കോയുടെ അവകാശവാദം തള്ളുകയും ചെയ്തു.
2014 ൽ 48-ാം വയസ്സിൽ അന്തരിച്ച ഷെയ്ഖ് സൗദ്, 2000ങ്ങളിൽ ധാരാളം കലാസൃഷ്ടികൾ വാങ്ങിയിരുന്നു. ലേലങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനം വളരെ ശക്തമായ രീതിയിലുണ്ടായിരുന്നു. 2005 ൽ സാമ്പത്തിക അന്വേഷണങ്ങൾക്കായി ഖത്തർ അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മുഗൾ ഭരണകാലത്തെ അപൂർവ ആഭരണങ്ങൾ ഉൾപ്പെടെ വലിയൊരു ശേഖരം ഷെയ്ഖ് ഹമദിനുണ്ടായിരുന്നു.
Content Summary: ‘Idol’s Eye’ which do not get with 86 crores, The Qatari royal family’s quest for the world’s largest blue diamond has failed
Idol’s Eye Qatari royal family