July 14, 2026 |
Share on

‘ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടും’; മസ്‌കിന് മുന്നറിയിപ്പ് നല്‍കി ട്രംപ്

മസ്‌കുമായുള്ള ബന്ധം അവസാനിച്ചെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്

നിലവിലെ തന്റെ പ്രഖ്യാപിത ശത്രുവിന് മുന്നില്‍ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌ക് എതിരാളികള്‍ക്കൊപ്പം പോകുമോയെന്ന ഭീതിയാണ് ഇപ്പോള്‍ ട്രംപിന്. അതുകൊണ്ടാണ് ശനിയാഴ്ച്ച വലിയൊരു ഭീഷണി യുഎസ് പ്രസിഡന്റ് ഉയര്‍ത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഫണ്ട് ചെയ്യാനാണ് മസ്‌കിന്റെ ഉദ്ദേശമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മസ്‌കിനെ ട്രംപ് ഓര്‍മപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ‘ ഭീഷണി’. മസ്‌കുമായുള്ള ബന്ധം എല്ലാം അവസാനിച്ചുവെന്നും അഭിമുഖം ചെയ്ത ക്രിസ്റ്റന്‍ വെല്‍ക്കറിനോട് ട്രംപ് പറഞ്ഞു.

2024 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി 300 മില്യണ്‍ ഡോളറിനടുത്ത് ടെസ്‌ല സിഇഒ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ വണ്‍ ബിഗ് ബ്യട്ടിഫുള്‍ ബില്ലില്‍ ഇരുവരും തമ്മില്‍ തെറ്റിയതിനുശേഷം ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ട്രംപിനെ പുറത്താക്കണമെന്നാണ് മസ്‌ക് പറയുന്നത്. അതിനായി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്നു വെല്ലുവിളിയും മസ്‌ക് നടത്തിയിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുമായി മസ്‌ക് കൂട്ടുകൂടിയേക്കുമെന്ന ഭയമാണ് ഇപ്പോള്‍ ട്രംപിനുള്ളത്. അതിന്റെ ദേഷ്യമാണ് എന്‍ബിസി അഭിമുഖത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് ധനസഹായം നല്‍കാന്‍ ശ്രമിക്കരുതെന്നാണ് മസ്‌കിന് മുന്നറിയിപ്പ് നല്‍കിയത്. ‘അദ്ദേഹം അങ്ങനെ ചെയ്താല്‍, അതിനുള്ള പ്രത്യാഘാതങ്ങള്‍ അദ്ദേഹം അനുഭവിക്കേണ്ടിവരും, അങ്ങനെ ചെയ്താല്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവരും, ട്രംപ് എന്‍ബിസിയോട് പറയുന്നു.

മസ്‌കുമായുള്ള ബന്ധം പഴയതുപോലെയാക്കാന്‍ ശ്രമം ഉണ്ടാകുമോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ട്രംപിന്റെ മറുപടി, ഇല്ല എന്നായിരുന്നു. ആ ബന്ധം അവസാനിച്ചോ എന്നു ക്രിസ്റ്റന്‍ വെല്‍ക്കര്‍ തിരിച്ചു ചോദിക്കുമ്പോള്‍, ഞാന്‍ അങ്ങനെ കരുതുന്നുവെന്ന് ട്രംപ് മറുപടി പറയുന്നു. ഇനി മസ്‌കിനോട് സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നു കൂടി ട്രംപ് പറയുന്നു. ‘ എനിക്ക് വേറെ ഒരുപാട് പണികളുണ്ട്, അവനോട് സംസാരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല’ ട്രംപിന്റെ വാക്കുകള്‍.

മസ്‌ക് കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ഐക്യമുണ്ടായിട്ടുണ്ടെന്നാണ് ട്രംപിന്റെ മറ്റൊരു അവകാശവാദം. പാര്‍ട്ടിയെ തനിക്ക് ചുറ്റും ഒന്നിപ്പിക്കാനാണ് മസ്‌ക് സഹായിച്ചതെന്നാണ് ട്രംപ് പറയുന്നത്. പാര്‍ട്ടി ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെ ഒന്നിച്ചിട്ടില്ല, മൂന്നുദിവസം മുമ്പുള്ളതുപോലെത്തെ അവസ്ഥയല്ല ഇപ്പോള്‍ പാര്‍ട്ടിയിലുള്ളതെന്നും ട്രംപ് പറയുന്നു. മസ്‌കിന്റെ എതിര്‍പ്പ് കൊണ്ട് ബിഗ് വണ്‍, ബ്യൂട്ടിഫുള്‍ ബില്‍ പാസാകാതിരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബില്‍ കോണ്‍ഗ്രസില്‍ നേരിയ ഭൂരിപക്ഷത്തിന് പാസായിട്ടുണ്ട്. ഇപ്പോള്‍ സെനറ്റിന്റെ പരിഗണനയിലാണ്. എന്നിരുന്നാലും, ചില യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍മാര്‍ ഗണ്യമായ ചെലവ് ചുരുക്കലിന്റെ ആവശ്യകതയെക്കുറിച്ചുള്ള മസ്‌കിന്റെ അതേ ആശങ്കകള്‍ പങ്കുവെക്കുകയുണ്ടായി. ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആത്മവിശ്വാസത്തോടെ പറഞ്ഞകാര്യം, ജൂലൈ നാലിന് മുമ്പ് സെനറ്റില്‍ ബില്ല് പാസാക്കിയെടുക്കുമെന്നാണ്.  If backs democrats will face very serious consequences, Trump warns Musk.

Content Summary; If backs democrats will face very serious consequences, Trump warns Musk.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×