June 06, 2026 |

ഇന്ത്യയില്‍ തുടരണമെന്നുള്ളവര്‍ കഴുത്തില്‍ വാള്‍ വയ്ക്കാതെ തന്നെ വന്ദേമാതരം പാടും; ബിജെപി എംഎല്‍എ

പാടാന്‍ വിസമ്മതിക്കുന്നവരെ പാകിസ്താനിലേക്കയ്ക്കും, തിരിച്ചുവരാന്‍ രണ്ടു ദിവസത്തെ സമയവും നല്‍കും

ഇന്ത്യയില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട നിയമങ്ങളുടെ ലിസ്റ്റില്‍ ഇനി മുതല്‍ വന്ദേമാതരം പാടിയിരിക്കണമെന്നും എഴുതി ചേര്‍ക്കുകയാണ് ബിജെപി. ഹൈദരാബാദിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിംഗ് ആണ് പുതിയ നിര്‍ദേശത്തിന്റെ പിന്നില്‍. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ ആളാണു രാജാ സിംഗ്. ഇത്തവണ വന്ദേമാതരത്തില്‍ തൊട്ടാണു ഭീഷണി. ഭോപ്പാലിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിംഗ് ഭീഷണി മുഴക്കിയത് വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ്.

ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും വന്ദേമാതരം പാടിയിരിക്കണം. അതിനു തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. ഇന്ത്യയില്‍ താമസം തുടരണം എന്നാഗ്രഹിക്കുന്നവരാണെങ്കില്‍ അവരുടെ കഴുത്തില്‍ വാള്‍ വയ്ക്കാതെ തന്നെ പാടിയിരിക്കും. അല്ലാത്തവരെ വാഗ അതിര്‍ത്തിയിലേക്കു പറഞ്ഞു വിടും. മനം മാറാന്‍ രണ്ടു ദിവസത്തെ സമയം നല്‍കും. അവര്‍ക്കു പാകിസ്താനിലേക്കു പോകാം. ക്ഷമ യാചിക്കാനും വന്ദേമാതാരം പാടാന്‍ തയ്യാറുമാണെങ്കില്‍ തിരിച്ചുവരാം; വന്ദേമാതരം പാടാത്തവര്‍ക്കുള്ള ഡിസ്‌കൗണ്ടും സ്‌പെഷല്‍ പാക്കേജും പ്രഖ്യാപിച്ചുകൊണ്ട് രാജ സിംഗ് പറയുന്നു.

നേരത്തെ രാജ സിംഗിന്റെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രസ്താവന വന്‍വിവാദമായിരുന്നു. ക്ഷേത്രം നിര്‍മിക്കാനായി കൊല്ലാനും ചാകാനും തയ്യാറാണെന്നും രാമക്ഷേത്ര നിര്‍മാണം തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ തലവെട്ടുമെന്നും രാജ സിംഗ് വെല്ലുവിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×