January 21, 2025 |

കോളനികള്‍ക്കൊപ്പം മാറണം സമുദായങ്ങളുടെ പേരും

കെ രാധാകൃഷ്ണന്റെ നടപടി പുതിയ പരീക്ഷണം: കെ സേതുമാരന്‍ ഐപിഎസ് സംസാരിക്കുന്നു

ആലത്തൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ചരിത്രപരമായ ഉത്തരവിറക്കിയായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റി പുതിയ പേരുകൾ നൽകാനായിരുന്നു തീരുമാനം. കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം എന്നദ്ദേഹം തന്നെ പറഞ്ഞിരുന്നു. ഈ പേരുമാറ്റം സമൂഹത്തിൽ ഏതൊക്കെ തരത്തിൽ ഗുണകരമാകുമെന്ന് വ്യക്തമാക്കുകയാണ് ഐജി കെ.സേതുരാമൻ ഐപിഎസ്.

മന്ത്രി കെ രാധാകൃഷ്ണൻ പട്ടികജാതി പട്ടികവർഗ വിഭാഗം താമസിക്കുന്ന സങ്കേതങ്ങളുടെ പേരുകൾ കോളനി എന്നതിൽ നിന്ന് നഗർ എന്നോ പ്രകൃതിയെന്നോ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത് നല്ലൊരു പരീക്ഷണമാണ്. കേരളത്തിലെ കോളനികൾ പരിശോധിക്കുമ്പോൾ 1963 ൽ ഭൂപരിഷ്ക്കരണം നടപ്പിലാക്കിയ കാലഘട്ടത്തിൽ നിയമസഭയിൽ ഹരിജൻ വകുപ്പ് മന്ത്രിയായിരുന്ന കെ കുഞ്ഞമ്പുവിനോട് എത്ര കോളനികൾ കേരളത്തിൽ ഉണ്ടെന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഹരിജൻ എന്ന വാക്ക് സുലഭമായതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് മൊത്തം 572 ഹരിജൻ കോളനികൾ ഉണ്ടെന്നായിരുന്നു. 1964 ൽ 572 ഉണ്ടായിരുന്നിടത്ത് 2006 എത്തിയപ്പോഴക്കും 26000 കൂടുതൽ കോളനികളായി. കേരളത്തിൽ പട്ടികജാതി പട്ടികവർഗക്കാർ താമസിക്കുന്നിടം കോളനികളായത് അടുത്ത കലത്താണ്.

കോളനികളായി മാറുന്ന സമയത്ത് അവിടെ താമസിക്കുന്ന ആളുകൾക്ക് സാമൂഹിക അന്തസ്സ് കുറവായി അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കോളനികളുടെ കൂട്ടത്തിൽ തന്നെ മാറ്റേണ്ട ഒരു സംഗതിയാണ് സമുദായത്തിന്റെ പേരുകൾ. ഇന്ന് കേരളത്തിലെ ചില സമുദായങ്ങൾ യഥാർത്ഥത്തിൽ നീചമായ പേരിലാണ് അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണമായി കമ്മ്യൂണിറ്റി സെർട്ടിഫിക്കറ്റുകൾ വാങ്ങിക്കുമ്പോൾ പുലയ, പുളയൻ, പറയ, പറയൻ എന്നിങ്ങനെയാണ് സമുദായങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ടാകുക. സമാനമായി ഒബിസിയിൽ  തീയ്യർ, ഈഴവർ എന്നതിന് പകരം തീയ്യ, ഈഴവ എന്നിങ്ങനെ ആയിരിക്കും. അതെ സമയം മറ്റു സമുദായങ്ങളുടെ പേരുകൾ അഭിസംബോധന ചെയുന്ന രീതിയിൽ വ്യത്യാസമുണ്ട്.

മറ്റു സംസ്ഥാനങ്ങൾ പരിശോധിക്കുകയാണെങ്കിൽ അവിടെ നിലനിന്നിരുന്ന പട്ടികജാതിക്കാരുടെ കീഴാള പേരുകൾ പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി കേരളത്തിലുള്ള ചക്ലിയെന്നവിഭാഗം തമിഴ്നാട്ടിലുമുണ്ട്. അവരെ അരുന്ധതിയാർ എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ പറയൻ പറയ എന്നിവരെ ആദിദ്രാവിഡർ എന്നും സാംബവർ എന്നും മാറ്റുന്നു. പുലയർക്ക് സമാനമായ പല്ലർ, പല്ല,പുളയ എന്നി പേരുകളെ രണ്ടുവർഷം മുമ്പ് കേന്ദ്ര സർക്കാർ ദേവേന്ദ്രകുള വെള്ളാളർ എന്നാക്കിയിരുന്നു. തമിഴ് നാട് സർക്കാർ ശുപാർശ ചെയ്തതോടെയാണ് കേന്ദ്രം പേരുമാറ്റിയത്. വടക്കേ ഇന്ത്യയിലും പട്ടികജാതിക്കാരുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അവിടെ പ്രഭലമായി കണ്ടുവരുന്ന ചമാൽ വിഭാഗം ആണ്, അവർ ചെരുപ്പുകുത്തികൾ എന്നാണ് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ അവർ കർഷകരാണ്. അവരെ ജാദവ് എന്നാണ് നിലവിൽ അറിയപ്പെടുന്നത്.

അവിടെ നിന്ന് കേരളത്തിൽ എത്തുമ്പോൾ അയിത്ത ജാതിയെന്ന പേര് പട്ടികജാതിക്കാർക്ക് ചാർത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ പേരിടാൻ അവർ അശുദ്ധ തൊഴിൽ അല്ല ചെയ്തിരിക്കുന്നത്. അരി ഭക്ഷണം ഏറ്റവും കൂടുതൽ കഴിക്കുന്നത് കേരളീയരാളാണ്. അപ്പോൾ കേരളത്തിന് ആവശ്യമായ അരി ഉൽപ്പാദനം നടത്തിയിരുന്നത് പുലയരായിരുന്നു. കുലത്തൊഴിലായിരുന്നു അത്. അരി ആഹാരം ഉല്പാദിപ്പിക്കുന്നവർ എങ്ങനെയാണ് അയിത്ത ജാതിയായത്? പണ്ടുകാലത്ത് നിലനിന്നിരുന്ന പഴഞ്ചൊല്ലുകളിൽ വരെ വലിയ മതിപ്പോടെയാണ് ഇവരെ കണ്ടുവന്നിരുന്നത്. അന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന പുളയനാർ എന്ന പേര് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പുളയനാർ, പറയനാർ,പെരുന്തച്ചൻ എങ്ങിനെയുള്ള പേരുകൾ ഇല്ലാതായിരിക്കുന്നത്. ഹിന്ദു പുളയ,ഹിന്ദു പറയ എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നതിനെ ഹിന്ദു പുളയനാർ, ഹിന്ദു പറയനാർ എന്നാക്കി മാറ്റാൻ കഴിഞ്ഞാൽ അതൊരു ചരിത്രപരമായ കാൽവയ്‌പ്പ് ആയിരിക്കും. ഇതൊരു വസ്തുതയാണ്.

Post Thumbnail
3 തവണ ഉരുള്‍പൊട്ടി, എന്തും സംഭവിക്കാം; രക്ഷപ്പെടുത്തുവെന്ന് നിലവിളിച്ച് മുണ്ടക്കൈ നിവാസികള്‍വായിക്കുക

മൂന്നാറിലെ സ്ഥലങ്ങളുടെ പേരുകൾ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നു. ഞാൻ ജനിച്ചുവളർന്ന സ്ഥലത്തിന് പണ്ട് കാലത്ത് പൂർവ്വികർ നൽകിയ പേര് ചോലമല എന്നായിരുന്നു. എന്നാൽ ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ പോയ അവിടെത്തെ ആളുകളെ കോളനികളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. അവിടെ ചോലമല, ആനമുടി, പെട്ടുമുടി എന്നീ പേരുകൾ ഇല്ലാതായി എംജി കോളനി എന്നിങ്ങനെ മാറ്റപ്പെട്ടു. അപ്പോൾ അടിസ്ഥാനപരമായി ഈ കോളനികൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ജനങ്ങളുമായി ജീവിക്കുന്ന ഇടങ്ങൾ കോളനികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ലാത്തതു കൊണ്ട് തന്നെ അത് ഇല്ലാതാക്കണം. കോളനികൾ എന്നറിയപ്പെടുന്ന സ്ഥലങ്ങൾ നഗർ, പ്രകൃതി എന്നിങ്ങനെ മാറുന്നത് ഒരുവിധത്തിൽ നന്മ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Content summary; IG Sethuraman IPS commented on former minister K Radhakrishnan’s implementation to end the ‘colonial legacy.

×