February 19, 2025 |

രാമനെയും സീതയെയും കളിയാക്കി നാടകം കളിച്ചെന്നാരോപണം

വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ പിഴചുമത്തി ഐഐടി ബോംബെ

രാമായണം പ്രമേയമാക്കി ആർട്‌സ് ഫെസ്റ്റിവലിൽ നാടകം അവതരിപ്പിച്ചതിന് വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ പിഴ ചുമത്തി ഐഐടി ബോംബെ. മാർച്ച് 31-ന് നടന്ന ഫെസ്റ്റിവലിൽ അവതരിപ്പിച്ച ‘രാഹോവൻ’ എന്ന നാടകത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഐഐടി പിഴ ചുമത്തിയത്. രാമായണത്തിൻ്റെ പാരഡിയായാണ് വിദ്യാർത്ഥികൾ രാഹോവൻ അവതരിപ്പിച്ചത്. നാടകം ഹിന്ദു വിശ്വാസങ്ങളെയും ദേവതകളെയും പരിഹസിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.iit bombay

ഐഐടി ബോംബെയിലെ വാർഷിക സാംസ്കാരിക പരിപാടിയാണ് പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ. ഈ വർഷം കാമ്പസിലെ ഓപ്പൺ എയർ തിയറ്ററിൽ ‘രാഹോവൻ’ അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഫെമിനിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ മറവിൽ നാടകം സാംസ്കാരിക മൂല്യങ്ങളെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചില വിദ്യാർത്ഥികൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. നാടകത്തെക്കുറിച്ചുള്ള പരാതികൾ ലഭിച്ചതിനെത്തുടർന്ന്, മെയ് എട്ടിന് അച്ചടക്ക സമിതി യോഗം ചേർന്നിരുന്നു. തുടർന്ന്, നാടകത്തിൽ പങ്കെടുത്ത ഓരോ വിദ്യാർത്ഥിയും സെമസ്റ്ററിൻ്റെ ട്യൂഷൻ ഫീസിന് തുല്യമായ 1.2 ലക്ഷം വീതം പിഴ അടയ്ക്കുകയും വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാർഡുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. കൂടാതെ, ജൂനിയർ വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതം പിഴയും ഹോസ്റ്റൽ ആനുകൂല്യങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു. 2024 ജൂലൈ 20 -നകം സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡീൻ ഓഫീസിൽ പിഴയടക്കണം എന്നാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത് അല്ലാത്ത പക്ഷം വിദ്യാർത്ഥികൾക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

രാമനെയും രാമായണത്തെയും പരിഹസിക്കുന്ന നാടകമാണെന്ന് ഏപ്രിൽ 8 ന് ‘ഐഐടി ബി ഫോർ ഭാരത് ‘ ഗ്രൂപ്പ് അപലപിച്ചതോടെയാണ് വിവാദം സോഷ്യൽ മീഡിയയിൽ സജീവമായത്. ആദരണീയരായ വ്യക്തികളെ അനാദരിക്കാൻ വിദ്യാർത്ഥികൾ ഐഐടി ഉപയോഗിച്ചു എന്നാരോപിച്ച് ഐഐടി ബി ഫോർ ഭാരത് നാടകത്തിൽ നിന്നുള്ള വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തു. ഒപ്പം രാഹോവൻ നാടകത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഐഐടി ബോംബെ സ്വീകരിച്ച അച്ചടക്ക നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗ്രൂപ്പ് എക്‌സിൽ കുറിക്കുകയും ചെയ്തു.

 

content summary ; IIT Bombay slaps Rs 1.2 lakh fine on students for derogatory “Ramayana” play

×