ഇഡിയെ ഞെട്ടിച്ച് സര്‍വീസില്‍ നിന്നും പുറത്താക്കിയ പൊലീസുകാരന്റെ ആഡംബര ഭവനം

ഏഴായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആഡംബര ഭവനത്തിന് ഏകദേശം അഞ്ചു കോടി വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്‌

UP Police constables mansion- ED Raid

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷകരെ ഞെട്ടിച്ച് സര്‍വീസില്‍ നിന്നും പിരിച്ചു വിടപ്പെട്ട ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ ആഡംബര ഭവനം! നിയമവിരുദ്ധമായ കോടീന്‍ അടങ്ങിയ ചുമ മരുന്നുകള്‍ നിര്‍മിച്ചിരുന്ന റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ഇഡി റെയ്ഡ്. വെള്ളിയാഴ്ച അന്വേഷണ സംഘം ഒന്നിലധികം സ്ഥലങ്ങളിലായി പരിശോധന നടത്തിയിരുന്നു. അതിലൊന്നായിരുന്നു മുന്‍ പൊലീസ് കോണ്‍സ്റ്റബിളായ അലോക് പ്രതാപ് സിംഗ് താമസിച്ചിരുന്ന വീട്.

സിറപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഒന്ന് അന്വേഷിക്കുന്ന യുപി പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ഡിസംബര്‍ രണ്ടിനാണ് അലോകിനെ ഈ വീടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ നിലവില്‍ ലഖ്നൗ ജയിലിലാണ്.

ലഖ്നൗ-സുല്‍ത്താന്‍പൂര്‍ ഹൈവേയ്ക്ക് സമീപം അഹ്‌മാമുവിലുള്ള, ഗോള്‍ഡ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അലോകിന്റെ ഏകദേശം 7,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്.

വെള്ളിയാഴ്ച്ച ഇവിടെ ഇഡി ഉദ്യോഗസ്ഥര്‍ ഏകദേശം അഞ്ച് മണിക്കൂറോളം പരിശോധന നടത്തി.പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി മാത്രമാണ് അറിയിച്ചിട്ടുള്ളത്.

അലോക് കുറച്ചുകാലമായി കുടുംബത്തോടൊപ്പം ഈ വീട്ടിലാണ് താമസിക്കുന്നതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇളം ക്രീം നിറത്തിലുള്ള രണ്ട് നിലകളുള്ള കൊട്ടാരസദൃശമായ ഒരു വീടാണത്. സമ്പന്നര്‍ താമസിക്കുന്ന ഗോമതി നഗര്‍ എക്സ്റ്റന്‍ഷനില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് അലോകിന്റെ വീടും.

വലിയ തൂണുകളും, അലങ്കരിച്ച കൈവരികളുമുള്ള വീടിന്റെ മുകള്‍ നിലയില്‍ വിശാലമായ ബാല്‍ക്കണിയാണ് നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍, പഴയകാല ശൈലിയിലുള്ള വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, വലിയ ജനലുകള്‍ ഒരു വിശാലമായ പൂമുഖത്തേക്കാണ് തുറക്കുന്നത്. വലതുവശത്തെ പാര്‍ക്കിംഗ് ഏരിയായില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മുകള്‍ നിലയിലേക്ക് പോകുന്ന ഒരു ചുരുണ്ട കോവണിയും ഉണ്ട്. പുറത്ത്, മനോഹരമായ പൂന്തോട്ടവും അലങ്കാരപ്പണികളുള്ള ഒരു ഗേറ്റുമുണ്ട്.

ഈ ആഡംബര ഭവനത്തിന് കോടികള്‍ ചെലവായിട്ടുണ്ടെന്നാണ് ഇഡിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഭൂമിയുടെ മൂല്യം മാറ്റി നിര്‍ത്തിയാല്‍, വീടിന്റെ നിര്‍മ്മാണച്ചെലവ് മാത്രം ഏകദേശം അഞ്ചു കോടി രൂപ വരുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

മൊത്തം മൂല്യം വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ അംഗീകൃത പ്രോപ്പര്‍ട്ടി വാല്യൂവറെ ഇഡി സമീപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ പണം ഈ വീടിനായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, ഇയാള്‍ നിയമവിരുദ്ധമായ മരുന്നു ശൃംഖലയുടെ ഭാഗമായിരുന്നു. കൂടാതെ ഇയാള്‍ ഈ മരുന്നു സിന്‍ഡിക്കേറ്റുമായി ബന്ധമുള്ള മറ്റുള്ളവരുമായി സഹകരിച്ച് രണ്ട് മൊത്തവ്യാപാര മരുന്ന് യൂണിറ്റുകളും നടത്തി വരുന്നുണ്ടായിരുന്നു. ഒന്ന് ഉത്തര്‍പ്രദേശിലും മറ്റൊന്ന് ഝാര്‍ഖണ്ഡിലും.

നവംബര്‍ 27 ന് ലഖ്നൗവില്‍ വെച്ച് അറസ്റ്റിലായ മറ്റൊരു പ്രതിയായ അമിത് കുമാര്‍ സിംഗ് എന്ന അമിത് ടാറ്റയെ ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റില്‍ അലോകിന്റെ പങ്ക് വെളിപ്പെട്ടത്.

യുപി പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും, ഇഡിയും ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

യുപിയിലെ ചന്ദൗലി സ്വദേശിയായ അലോക് സിംഗ് ഇതാദ്യമായല്ല വിവാദങ്ങളില്‍ പെടുന്നത്. പോലീസ് പറയുന്നതനുസരിച്ച്, 2006-ല്‍ ലഖ്നൗവിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ (എസ്ഒജി) ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ക്കെതിരേ ആദ്യ കേസ് വരുന്നത്. ആ വര്‍ഷം, സെപ്റ്റംബറില്‍, പ്രയാഗ്രാജ് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്റെ ജീവനക്കാരനില്‍ നിന്ന് നാലു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ അലോക് ഉള്‍പ്പെടെ അഞ്ചു പൊലീസുകാരും മറ്റൊരാളും അറസ്റ്റിലായിരുന്നു.

ഈ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അലോകിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ ഇയാളെയും മറ്റ് പ്രതികളെയും കോടതി വെറുതെ വിടുകയും കോടതിയുടെ ഉത്തരവ് അനുസരിച്ച് പോലീസ് സേനയില്‍ തിരിച്ചെടുക്കുകയും ചെയ്തു.

തിരിച്ചെത്തിയ ശേഷം, ഡ്യൂട്ടിയിലെ അലംഭാവത്തെക്കുറിച്ച് പുതിയ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നതായി വൃത്തങ്ങള്‍ അറിയിച്ചു. പല സന്ദര്‍ഭങ്ങളിലും, ആളുകളെ മര്‍ദ്ദിച്ചതടക്കമുള്ള ദുഷ്‌പെരുമാറ്റ ആരോപണങ്ങളില്‍ ഇയാളുടെ പേര് ഉയര്‍ന്നുവന്നു. ഈ ആരോപണങ്ങളെ അടിസ്ഥാനമാക്കി, 2019-ല്‍ ഇയാളെ രണ്ടാം തവണയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ഇതിനുശേഷം, അലോക് കരാര്‍ ബിസിനസ്സിലേക്ക് തിരിഞ്ഞതായും രാഷ്ട്രീയ സ്വാധീനമുള്ളവരുമായി അടുപ്പം പുലര്‍ത്തിയിരുന്നതായും വൃത്തങ്ങള്‍ പറഞ്ഞു. ഒരു മുന്‍ ബിഎസ്പി എംപിയുമായുള്ള ഇയാളുടെ ചില ചിത്രങ്ങളും പുറത്തുവന്നിരുന്നുവെന്നും ഇത് ഇയാളുടെ നിയമവിരുദ്ധ പ്രവര്‍ത്തികളെ കുറിച്ചുള്ള പരാതികള്‍ക്ക് ആക്കം കൂട്ടിയെന്നും അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കോടീന്‍ അടങ്ങിയ ചുമയ്ക്കുള്ളത് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഹരി വസ്തുവാക്കി മാറ്റി വ്യാപരം ചെയ്യുന്നതിനെതിരേ അന്വേഷണം ആരംഭിക്കുന്നത്. യുപിക്ക് പുറമെ ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അതിര്‍ത്തി കടന്ന് ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഈ ലഹരി മരുന്നുകള്‍ കടത്തിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റും (എഫ്എസ്ഡിഎ) ഉള്‍പ്പെടുന്ന സംയുക്ത അന്വേഷണ സംഘത്തെ (ജെഐടി) രൂപീകരിച്ചു.

ഇതുവരെ, യുപിയിലെ 31 ജില്ലകളിലായി മൊത്തം 128 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 32 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ശുഭം ജയ്സ്വാള്‍ കുടുംബത്തോടൊപ്പം ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് ഭോല ജയ്സ്വാളിനെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന 3.5 ലക്ഷം കോടീന്‍ സിറപ്പ് കുപ്പികള്‍ പോലീസ് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

Content Summary; illegal codeine based-cough syrup racket Enforcement Directorate raid at dismissed UP police constable five crore mansion

This post was last modified on December 13, 2025 9:35 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment