June 04, 2026 |
Share on

മരണം ‘ പാര്‍ക്ക്’ ചെയ്യുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്; ചോര വീഴുന്ന റോഡില്‍ കണ്ണടച്ച് പൊലീസ്‌

മുംബൈ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ടാങ്കർ ലോറികളാണ് അധികവും

കാക്കനാട്, ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനിയുടെ മുന്നിലുള്ള റോഡ് മുറിച്ചുകടക്കുമ്പോൾ ഹൃദയമിടുപ്പ് വല്ലാതെ ഉയരും. കഴിയുന്നത്ര വേ​ഗത്തിൽ റോഡിൻ്റെ എതിർവശത്ത് എത്തണം, അത് മാത്രമാണ് മനസിലെ ചിന്ത. സീബ്ര ക്രോസ്സിംഗ് ഉണ്ടെങ്കിൽ പോലും ജീവൻ കയ്യിൽപിടിച്ച് വേണം ഇരുമ്പനം നിവാസികൾക്ക് റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കാൻ. കാരണം, റോഡിൻ്റെ ഇരുവശങ്ങളിലേക്ക് നോക്കിയാൽ കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ വരുന്നത് കാണാൻ കഴിയില്ല. റോഡിലെ വലിയ വളവുണ്ടാക്കുന്ന ഭീതി കൂടാതെ കാഴ്ച മറച്ച് കിടക്കുകയാണ് അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ടാങ്കർ ലോറികൾ.

സീപോർട്ട് – എയർപോർട്ട് റോഡിന് സമീപമുള്ള ഒരു പ്രധാന വ്യാവസായിക മേഖലയാണ് ഇരുമ്പനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവയുടെ പ്രധാന ടെർമിനലുകൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്. ടെർമിനലുകളിലേക്കെത്തുന്ന ലോറികളാണ് അനധികൃതമായി രാത്രിയും പകലും റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത്.

വർദ്ധിക്കുന്ന അപകടങ്ങൾ

റോഡിന്റെ വശങ്ങൾ നിരപ്പില്ലാത്തതിനാൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ കാരണം പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചതാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. 2022 ൽ ഇൻഫോപാർക്കിൽ നിന്നും ഇരുമ്പനത്തേക്കുള്ള റൂട്ടിൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് പേരാണ് വാഹനാപകടത്തിൽ മരിച്ചതെന്നാണ് വിവരം. ഉപ്പും മുളകും പരമ്പരയിൽ ലച്ചുവായി അഭിനയിച്ച ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണം സംഭവിച്ചതും ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു.

റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ടാഹ്കർ ലോറികൾ

മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് സമാന സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചതെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സെക്യൂരിറ്റി ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞു.

‘ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെത്തുന്ന ഭൂരിഭാ​ഗം ടാങ്കർ ലോറികളും കമ്പനിക്കുള്ളിൽ തന്നെയാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. കേരളത്തിന് പുറത്തുനിന്നെത്തുന്നവരിൽ ചിലരാണ് റോഡിന് സമീപം വാഹനങ്ങളിടുന്നത്. ഇന്ധനവുമായെത്തുന്ന ലോറികൾ ഗ്യാസ് അൺലോഡ് ചെയ്ത ശേഷം സമയമനുസരിച്ച് തിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ ഐഒസിയും എച്ച്പിസിഎലും പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ജനങ്ങൾ കൂടി ഓർക്കേണ്ടതാണ്. വൈകുന്നേരങ്ങളിൽ ചീറിപ്പാഞ്ഞാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. റോഡിന് തീരെ വീതിയില്ലാത്തതും വലിയൊരു പ്രശ്നമാണ്’, സെക്യൂരിറ്റി ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞു.

ടാങ്കർ ലോറികളുടെ വിഷയത്തിൽ പൊലീസ് വേണ്ടത്ര ശ്രദ്ധ നൽകാറില്ലെന്ന് ഇരുമ്പനം സ്വദേശിയായ സുരേഷ് പറയുന്നു. ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് ടാങ്കർ ലോറികൾ റോഡിൻ്റെ ഇരുവശത്തുമായി കൊണ്ടുവന്ന് പാർക്ക് ചെയ്യുന്നത്. എൻ്റെ ഭാര്യ എല്ലാ ദിവസവും തൃപ്പൂണിത്തുറയിൽ വീട്ടുജോലിക്ക് പോകുന്നയാളാണ്. ബസ് കയറാനായി റോഡ് മുറിച്ച് കടക്കാൻ അവൾക്ക് ഇപ്പോഴും പേടിയാണ്. വളരെ വേ​ഗതയിലാണ് വാഹനങ്ങളെത്തുന്നത് എന്നത് ആദ്യത്തെ പ്രശ്നം. മറ്റൊന്ന് റോഡ് മുറിച്ച് കടക്കുമ്പോൾ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. നിരനിരയായി കിടക്കുന്ന ടാങ്കർ ലോറികൾ കാരണം എങ്ങനെ കാണാനാണ്. രാത്രിയും പകലുമെല്ലാം പൊലീസുകാർ ഇതുവഴി കടന്നുപോവുന്നുണ്ട്. ടാങ്കർ ലോറികളുമായി കിടക്കുന്ന ഡ്രൈവർമാരെ കണ്ടാൽ പോലും അവർ എടുത്ത് മാറ്റാനുള്ള നിർദേശം നൽകില്ല. കാണാത്ത പോലെ പോവുകയാണ് ചെയ്യുന്നത്. മുംബൈ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ടാങ്കർ ലോറികളാണ് അധികവും റോഡരികിൽ കിടക്കുന്നത്. കമ്പനിക്കുള്ളിൽ കയറിയാൽ ഉടനെയൊന്നും തിരിച്ചിറങ്ങാൻ കഴിയില്ലെന്നും എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്ത് പോകാനാണ് റോഡിൽ പാർക്ക് ചെയ്തിരിക്കുന്നതെന്നുമാണ് ചില ഡ്രൈവർമാർ പറയുന്നത്, സുരേഷ് അഴിമുഖത്തോട് പറ‍ഞ്ഞു.

പാർക്കിങ്ങ് ഒഴിവാക്കാൻ സ്ഥാപിച്ച മൈൽ കുറ്റികൾ

റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങൾ വരുന്നത് കാൽനടക്കാർ ശ്രദ്ധിക്കാറില്ലെന്നും അതാണ് അപകടം വരുത്തി വെക്കുന്നതെന്നും ലോട്ടറി വിൽപ്പനക്കാരനായ ഇരുമ്പനം സ്വദേശി അഴിമുഖത്തോട് പ്രതികരിച്ചു. ടാങ്കർ ലോറികളുടെ പാർക്കിങ്ങ് ഇപ്പോഴുമുണ്ട്. എന്നാൽ മുൻപത്തേക്കാൾ കുറവാണ്. റോഡിലൂടെ ശ്രദ്ധയില്ലാതെ നടക്കുന്ന ജനങ്ങളെയാണ് ആദ്യം തിരുത്തേണ്ടത്. ഫോൺ വിളിച്ചാണ് പലരും ഇവിടെ റോഡ് മുറിച്ച് കടക്കുന്നത്. അത് വലിയ അപകടമുണ്ടാകാൻ കാരണമാകും. അതിന് കർശനമായ നിയമം ആദ്യം കൊണ്ടുവരണം, ഇരുമ്പനം സ്വദേശി പറയുന്നു.

ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ്ങ് മൂലം അപകട മരണങ്ങൾ തുടർച്ചയായി സംഭവിച്ചിരുന്നു. അന്ന് പ്രശ്നം അധികാരികൾക്ക് മുന്നിലെത്തിച്ചത് ഐടി പ്രൊഫഷണലും സാമൂഹിക പ്രവർത്തകനുമായ എൽദോ ചിറക്കച്ചാലിലാണ്. പ്രശ്നത്തിനെതിരെ അധികാരികൾക്കും മനുഷ്യാവകാശ കമ്മീഷനും നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന രണ്ട് യുവാക്കളുടെ മരണത്തെ തുടർന്നാണ് താൻ ഈ വിഷയത്തിൽ സജീവമായി ഇടപെട്ടതെന്നും എൽദോ ചിറക്കച്ചാലിൽ അഴിമുഖത്തോട് പറഞ്ഞു.

‘ഇൻഫോ പാർക്കിലെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഞാൻ പണ്ട് മുതൽ തന്നെ ഇടപെട്ടിരുന്നയാളാണ്. കാലങ്ങളായി തൃപ്പൂണിത്തുറയിൽ നിന്നും സീപോർട്ട് – എയർപോർട്ട് റോഡ് വഴി യാത്ര ചെയ്യുന്നയാളാണ് ഞാൻ. റോഡ് മുറിച്ചുകടക്കുമ്പോൾ ടാങ്കർ ലോറികൾ മൂലമുണ്ടാകുന്ന പ്രശ്നം എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ പ്ലാന്റുകളിൽ ഇന്ധനം നിറയ്ക്കാനും ഇറക്കാനും കാത്തുകിടക്കുന്ന ലോറികൾ കാരണം നിരവധി അപകടങ്ങളും ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴി‍ഞ്ഞ വർഷം
ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നവർക്ക് ജീവഹാനിയുണ്ടായപ്പോഴാണ് ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ടാങ്കർ ലോറികൾ പാർക്ക് ചെയ്തിരുന്നത്. അന്നത്തെ അവസ്ഥ വെച്ച് നോക്കുകയാണെങ്കിൽ ഇന്ന് കുറച്ച് കൂടി മാറ്റം വന്നിട്ടുണ്ട്. എന്നാൽ പൂർണമായും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

ഇൻഫോപാർക്കിന് സമീപം, വീതിയില്ലാത്ത റോഡിൻ്റെ ഇരുവശങ്ങളിലും ടാങ്കർ ലോറികൾ നിരയായി കിടക്കുമായിരുന്നു. ടാങ്കർ ലോറികളുടെ ഭാരം മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്. അതുകൊണ്ട് തന്നെ റോഡിൻ്റെ ഇരുവശങ്ങളും ഇടിഞ്ഞ് താഴാൻ തുടങ്ങിയിരുന്നു. ചെറിയ വാഹനങ്ങളിൽ പോകുന്നവർ വീഴാനും അപകടമുണ്ടാകാനും ഇത് കാരണമായിട്ടുണ്ട്. അപകടങ്ങൾ തുടർന്നും സംഭവിക്കാൻ തുടങ്ങിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നിട്ടും കാര്യമുണ്ടായില്ല. തുടർന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ കളക്ടറെയും പൊലീസ് അധികൃതരെയും ഒരുമിച്ച് കൂട്ടി വിഷയത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

റോഡിൻ്റെ വീതി കൂട്ടലും പാർക്കിങ്ങ് തടയലുമാണ് അന്ന് ഞാൻ മുന്നോട്ട് വെച്ചിരുന്ന നിർദേശങ്ങൾ. എയർപോർട്ടിലേക്ക് പോകുന്ന റോഡാണത്. നാലുവരി പാതയാക്കാനുള്ള സ്ഥലവുമുണ്ട്. പിന്നെന്തുകൊണ്ടാണ് ഇപ്പോഴും വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താത്തത്? അന്നത്തെ ആവശ്യത്തിന് പരിഹാരമായിട്ടായിരുന്നു പാർക്കിങ്ങ് തടയുന്നതിന് വേണ്ടി മൈൽ കുറ്റികൾ സ്ഥാപിച്ചത്. ഒരു പരിധിവരെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കാൻ മൈൽ കുറ്റികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിലവിൽ അതും അവ​ഗണിച്ചാണ് പാർക്കിങ്ങ് നടക്കുന്നത്.

പൊലീസിൻ്റെ കൃത്യമായ നിരീക്ഷണമാണ് ഇതിൽ ആവശ്യമായ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇവിടെ പാർക്കിങ്ങ് പാടില്ലായെന്നുള്ള ഒരു ബോർഡ് വെച്ചാൽ തന്നെ കുറച്ചെങ്കിലും ലോറികൾ മാറ്റി പാർക്ക് ചെയ്യാൻ അവർ ശ്രമിക്കും. ഇപ്പോൾ കുറ്റികൾക്കിപ്പുറം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയാണ്. ചില ടാങ്കർ ലോറികൾ മൈൽ കുറ്റികൾ ഇടിച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവരാണ് കൂടുതലും റോഡരികിൽ പാർക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുള്ളത്. അവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണ്.

സാധാരണ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പോലെയല്ല, ടാങ്കർ ലോറികളുടെ കാര്യം. ഇന്ധനം നിറച്ച വാഹനങ്ങളോ നിറയ്ക്കാൻ പോകുന്നതോ ആയ വാഹനങ്ങളാകും അവ. മറ്റൊരു വാഹനം ടാങ്കർ ലോറിയിൽ വന്നിടിച്ചാലുണ്ടാകുന്ന അപകടം നമുക്ക് പ്രവചിക്കാൻ പോലും കഴിയില്ല.

മുഖ്യമന്ത്രിക്കുൾപ്പെടെ അന്ന് പരാതി നൽകിയിരുന്നു. പാർക്കിങ്ങിനുള്ള സൗകര്യം കമ്പനികൾ ഒരുക്കി നൽകുന്നില്ലായെന്നാണ് അന്ന് ടാങ്കർലോറി ഡ്രൈവർമാർ പറഞ്ഞിരുന്നത്. പാർക്കിങ്ങ് നിയന്ത്രിക്കുന്നതിനൊപ്പം റോഡിൻ്റെ വീതി കൂടി കൂട്ടിയാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ കഴിയുകയുള്ളൂ. എല്ലാ ലോറികൾക്കുമുള്ള പാർക്കിങ്ങ് സൗകര്യം കമ്പനികൾ ഉറപ്പുവരുത്തണം. അത് കൃത്യമായി നടക്കുന്നുണ്ടോയെന്ന് അധികാരികളും ശ്രദ്ധിക്കണം, എൽദോ ചിറക്കച്ചാലിൽ പറഞ്ഞു.

ടാങ്കർ ലോറികൾ വഴിയരിൽ പാർക്ക് ചെയ്യുന്നത് കണ്ടാൽ പിഴ ചുമത്താറാണ് ചെയ്യുന്നതെന്നും പല തവണ ഡ്രൈവർമാർക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് അഴിമുഖം ഹിൽ പാലസ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അറിയാൽ സാധിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലേക്കും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലേക്കും എത്തുന്ന ടാങ്കർ ലോറികൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. പെട്രോളിങ്ങിന് പോകുമ്പോൾ ഇത്തരത്തിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ പിഴ ചുമത്താറുമുണ്ട്. പല തവണ ഡ്രൈവർമാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കമ്പനികളുടെ അടുത്തായതിനാലായിരിക്കണം അവർ റോഡിൽ പാർക്ക് ചെയ്യുന്നത്. എന്നാൽ അങ്ങനെ കണ്ടാൽ ഉടൻ തന്നെ പൊലീസ് നിയമനടപടികൾ സ്വീകരിക്കാറുണ്ട്, ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ അറിയിച്ചു.

പൊതുനിരത്തുകളിലും, ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലും ഇത്തരത്തിൽ ടാങ്കർ ലോറികൾ പാർക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് അവബോധമുണ്ടായിട്ടും പലരും നിയമലംഘനം തുടരുന്നതാണ് ഇരുമ്പനം ഭാ​ഗത്തെ അവസ്ഥയിൽ നിന്നും വ്യക്തമാകുന്നത്.

Content Summary: Illegal parking of large tanker lorries on seaport – airport road irumpanam

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×