കാക്കനാട്, ഇരുമ്പനം ഭാഗത്തെ സീപോർട്ട് – എയർപോർട്ട് റോഡിലെ ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ്ങ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും ഇപ്പോഴും വലിയ ടാങ്കർ ലോറികൾ കിടക്കുന്നുണ്ട്. ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ്ങ് മൂലമുണ്ടാകുന്ന റോഡപകടങ്ങളെക്കുറിച്ച് അഴിമുഖം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ലോറികൾക്ക് പാർക്കിങ്ങ് സൗകര്യം ഒരുക്കി കൊടുക്കാൻ കമ്പനിയാണ് മുൻകൈ എടുക്കേണ്ടതെന്നും പിഡബ്ലുഡിയോടും ട്രാഫിക്കിനോടുമെല്ലാം നിരവധി പരാതി നൽകിയിട്ടുണ്ടെന്നും ഇരുമ്പനം വാർഡ് കൗൺസിലർ അഴിമുഖത്തോട് പ്രതികരിച്ചു. റോഡിൻ്റെ വീതി കൂട്ടാത്തത് ഇപ്പോഴും പ്രശ്നമാണെന്നും വാർഡ് കൗൺസിലർ കൂട്ടിച്ചേർത്തു.
ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ് മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ച് ഒരു കൗൺസിലർ എന്ന നിലയിലും ഇരുമ്പനത്തെ പ്രദേശവാസിയെന്ന നിലയിലും മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. എല്ലാ ദിവസവും ലോറികൾ ഇങ്ങനെ കിടക്കുന്നത് കാണാറുമുണ്ട്. കാണുന്ന വാഹനങ്ങളെ അപ്പോൾ തന്നെ അവിടെ നിന്നും മാറ്റിയിടാൻ ആവശ്യപ്പെടാറുമുണ്ട്. എന്നാൽ നമ്മുടെ ശ്രദ്ധയൊന്ന് മാറിയാൽ വീണ്ടും റോഡരികിൽ കൊണ്ടുവന്ന് പാർക്ക് ചെയ്യുകയാണ്.
പലപ്പോഴും നഗരസഭയിലും ട്രാഫിക് വകുപ്പിലുമെല്ലാം പരാതി നൽകിയിട്ടുള്ളതാണ്. ഞാൻ ഉൾപ്പെടെയുള്ളവർ നിരന്തരമായി ആവശ്യങ്ങൾ ഉയർത്തിയതിൻ്റെ ഭാഗമായിട്ട് കൂടിയാണ് കഴിഞ്ഞ വർഷം മൈൽ കുറ്റികൾ സ്ഥാപിച്ചത്. എന്നാൽ അന്ന് പല ഭാഗങ്ങളിലും മൈൽ കുറ്റികൾ സ്ഥാപിക്കാൻ കട നടത്തുന്നവർ സമ്മതിച്ചിരുന്നില്ല. ആ കടകളുടെ മുന്നിൽ വരെ ഇന്ന് ടാങ്കർ ലോറികൾ പാർക്ക് ചെയ്യുകയാണ്. കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാനും മറ്റ് വാഹനങ്ങൾക്ക് പോകാനുമെല്ലാം വളരെ ബുദ്ധിമുട്ടാണ്.
പിഡബ്ലുഡിയോടാണ് അന്ന് ഞാൻ ആദ്യം പരാതിയുമായി ചെന്നത്. അവർ ട്രാഫിക്കിനോട് പറയാൻ നിർദേശിക്കുകയായിരുന്നു. മാത്രമല്ല, അന്ന് ഉന്നയിച്ച മറ്റൊരു കാര്യം റോഡിൻ്റെ വീതി കൂട്ടുക എന്നതായിരുന്നു. എന്നാൽ പിഡബ്ലുഡി റോഡ് വൈഡനിങ്ങ് നടത്തിയില്ല. മൈൽ കുറ്റികൾ ഇടിച്ച് തകർത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ലോറിക്കാരുമുണ്ട്.
ഇവിടെ പാർക്കിങ്ങ് പാടില്ലെന്ന സൈൻ ബോർഡും ട്രാഫിക് സിഗ്നലുമല്ലാെം ഞങ്ങൾ വെച്ചിരുന്നു. എന്നാൽ അതെല്ലാം തട്ടിക്കളഞ്ഞിട്ട് ചിലർ വാഹനം കൊണ്ടിടുകയായിരുന്നു. ഇപ്പോഴും ഇതിനെതിരെ പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെൻ്റിലും ഞങ്ങൾ പരാതി നൽകിയിരുന്നു.
ഇന്ന് കാണുന്ന വാഹനങ്ങളായിരിക്കില്ല, അടുത്ത ദിവസങ്ങളിൽ കാണുന്നത്. അതുകൊണ്ട് തന്നെ വീണ്ടും അവരോട് മാറ്റിയിടാൻ ഞങ്ങൾ പോയി പറഞ്ഞുകൊണ്ടിരിക്കണം. അതാണ് അവിടത്തെ പ്രശ്നം. കമ്പനിയോടും ഞാൻ പാർക്കിങ്ങിനെക്കുറിച്ച് സംസാരിച്ചിരുന്നതാണ്. ചർച്ചയിൽ നടപ്പാത നിർമ്മിക്കുമെന്നും അവിടേക്ക് ഒരു വാഹനത്തിനും പാർക്കിങ്ങ് നടക്കില്ലെന്നുമൊക്കെ അന്ന് കമ്പനി വാക്ക് തന്നതാണ് എന്നാൽ അതൊന്നും അവരും പാലിച്ചില്ല. കമ്പനി തന്നെ ഇതിന് മുൻകൈ എടുക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യാനായി അവർ കൃത്യമായ സൗകര്യമൊരുക്കണം, വാർഡ് കൗൺസിലർ അഴിമുഖത്തോട് പ്രതികരിച്ചു.
റോഡിന്റെ വശങ്ങൾ നിരപ്പില്ലാത്തതിനാൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ കാരണം പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചതാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. 2022 ൽ ഇൻഫോപാർക്കിൽ നിന്നും ഇരുമ്പനത്തേക്കുള്ള റൂട്ടിൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് പേരാണ് വാഹനാപകടത്തിൽ മരിച്ചതെന്നാണ് വിവരം.
Content Summary: illegal parking of tanker lorries on seaport – airport road, ward councilor responds
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.