July 17, 2025 |
Share on

‘ഒളിച്ചോടിയവൻ എന്ന് വിളിച്ചോളൂ, എന്നാൽ ‍ഞാൻ കള്ളനല്ല’; കിം​ഗ്ഫിഷർ എയർലൈൻസിന്റെ തകർച്ചയിൽ പരസ്യ ക്ഷമാപണം നടത്തി വിജയ് മല്യ

നീതിയുക്തമായ വിചാരണയാണ് നടക്കുകയെന്ന് ഉറപ്പ് തരാൻ കഴിയുമെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി വരാം

കിം​ഗ്ഫിഷർ എയർലൈൻസിന്റെ തകർച്ചയിൽ പരസ്യമായി ക്ഷമാപണം നടത്തി പ്രമുഖ വ്യവസായിയും ഇന്ത്യയിലെ പിടികിട്ടാപുള്ളിയുമായ വിജയ് മല്യ. അതേസമയം, തന്റെ മേലുള്ള തട്ടിപ്പ് ആരോപണം നിഷേധിച്ച വിജയ് മല്യ എന്ത് കൊണ്ടാണ് ഇന്ത്യയിൽ നിന്നും പോയതെന്നും വിശദീകരിക്കുന്നു. ഇൻഫ്ലുവൻസറായ രാജ് ഷമാമിയുമായുള്ള പോഡ്കാസ്റ്റിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരുകാലത്ത് തന്റെ ബിസിനസ് ആശയം പ്രതിഫലിപ്പിച്ചിരുന്ന കിംഗ്ഫിഷർ എയർലൈൻസിന്റെ തകർച്ചയുടെ ഉത്തരവാദിത്തം വിജയ് മല്യ ഏറ്റെടുത്തു. കിംഗ്ഫിഷർ എയർലൈൻസിന്റെ പരാജയത്തിന് താൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും വിജയ് മല്യ പറഞ്ഞു.

താൻ ഇന്ത്യയിലേക്ക് മടങ്ങി വരാൻ തയ്യാറാണെന്നും എന്നാൽ ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മടങ്ങി വരവെന്നും വിജയ് മല്യ പോഡ്കാസ്റ്റിൽ പറഞ്ഞു. ഇന്ത്യയിൽ നീതിയുക്തമായ വിചാരണയാണ് നടക്കുകയെന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയുമെങ്കിൽ മാത്രമേ താൻ ഇന്ത്യയിലേക്ക് തിരികെ വരുകയുള്ളൂവെന്നാണ് വിജയ് മല്യ ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾക്ക് എന്നെ ഒളിച്ചോടിയവൻ എന്ന് പറയാം. എന്നാൽ ഞാൻ എങ്ങും പോയിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച ഒരു സന്ദർശനത്തിനായാണ് ഞാൻ പോയത്. സാധുതയുള്ളതായി ഞാൻ വിശ്വസിക്കുന്ന കാരണങ്ങളാൽ ഞാൻ തിരിച്ചെത്തിയില്ല എന്നത് സത്യമാണ്. എന്നെയൊരു എന്ന് വിളിക്കാനാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ വിളിച്ചോളൂ, പക്ഷേ എന്തിനാണ് എന്നെ കള്ളൻ എന്ന് വിളിക്കുന്നത്.

വിവാദങ്ങൾ സൃഷ്ടിച്ച ഇന്ത്യൻ വ്യവസായിയാണ് വിജയ് മല്യ. കിങ് ഫിഷർ എയർലൈനിന്റെ മുൻ ചീഫ്, ഫോഴ്സ് ഇന്ത്യ ഫോർമുല സഹ സ്ഥാപകൻ, കിങ്ഫിഷർ ബിയർ കമ്പനിയുടെ മാതൃകമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ്സ് (UBH) ചെയർമാൻ എന്നീ നിലകളിലെല്ലാം മാധ്യമശ്രദ്ധയാകഞഷിച്ചയാളാണ് വിജയ് മല്യ. ഐ.പി.എൽ ഫ്രാഞ്ചൈസി ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ (RCB) മുൻ ഉടമയുമായിരുന്നു.

ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തെ വഞ്ചിച്ചതിന് മല്യക്കെതിരെ കേസുണ്ട്. 9,000 കോടി രൂപയിലധികം ഇത്തരത്തിൽ വെട്ടിച്ചെന്നാണ് കേസ്. കിങ്ഫിഷർ കമ്പനിയുടെ പേരിൽ മല്യ വലിയ വായ്പകൾ എടുത്തു കൂട്ടുകയും അവസാനം ലോണുകൾ തിരികെ അടയ്ക്കാതെ ഇന്ത്യയിൽ നിന്ന് യു.കെയിലേക്ക് രക്ഷപെടുകയുമായിരുന്നു.

Content Summary: ‘I’m a fugitive, not a thief’; vijay mallya apologising kingfisher failure

Leave a Reply

Your email address will not be published. Required fields are marked *

×