ഇന്ത്യന്‍ സിനിമാ പ്രേക്ഷരുടെ സ്വപ്നമായിരുന്നു രാജ് കപൂറും അദ്ദേഹത്തിന്റെ ചലചിത്രങ്ങളും. 64 വയസ് മാത്രം ജീവിച്ച രാജ് കപൂര്‍, നില്‍ക്കുന്നിടത്തു നിന്ന് മുകളിലേക്ക് നോക്കുന്ന ഇന്ത്യന്‍ സിനിമാ ശീലത്തെ മാറ്റി മറച്ചു. അദേഹത്തിന്റെ സിനിമകള്‍ താഴോട്ടാണ് നോക്കിയത്. അത് കൊണ്ട് തന്നെ തെരുവുതെണ്ടിയും ജോക്കറുമൊക്കെ അദേഹത്തിന്റെ സിനിമകളില്‍ നായകരായി. തങ്ങളുടെ യഥാര്‍ത്ഥ ജീവിതം സ്‌ക്രീനില്‍ കണ്ട സാധാരണക്കാര്‍ ആ സിനിമകളെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചു. ഒപ്പം തങ്ങളിലൊരാളായ ‘രാജു’വിനേയും. ഗ്രേറ്റസ്റ്റ് ഷോമാന്‍ എന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരേയൊരു ഇന്ത്യക്കാരനായ രാജ് കപൂറിന്റെ ജന്മശതാബ്ദി ഇന്നാണ്.
രാജ് കപൂര്‍ വെറുമൊരു സിനിമാക്കാരന്‍ മാത്രമായിരുന്നില്ല; ഇന്ത്യന്‍ സിനിമയുടെ വൈകാരിക ഭൂപ്രകൃതി രൂപപ്പെടുത്തിയ വഴികാട്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥകള്‍ സിനിമകള്‍ മാത്രമല്ല; കാഴ്ചക്കാരുടെ തലമുറകളെ ബന്ധിപ്പിക്കുന്ന ശക്തമായ വൈകാരിക യാത്രകളാണ്. തന്റെ കഥ പറച്ചിലിലൂടെയും ദര്‍ശനത്തിലൂടെയും സമാനതകളില്ലാത്ത ഒരു പാരമ്പര്യം കെട്ടിപ്പടുത്ത ഒരു നടനും, സംവിധായകനും നിര്‍മ്മാതാവുമായിരുന്നു രാജ് കപൂര്‍ എന്ന ഇന്ത്യന്‍ ഷോമാന്‍.
ഇന്ത്യന്‍ സിനിമയെ ലോക പ്രശസ്തമാക്കിയത് സത്യജിത്ത് റേ ആണെങ്കില്‍ ഇന്ത്യന്‍ സിനിമയെ ലോകത്തിന് പ്രിയങ്കരമാക്കിയത് രാജ് കപൂറായിരുന്നു. 1956 ലെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വിഖ്യാതമായ സോവ്യറ്റ് യൂണിയന്‍ സന്ദര്‍ശനവേളയില്‍ നടന്ന ഒരു സംഭവം ഇങ്ങനെ-
90 വയസായ ഒരു റഷ്യന്‍ വൃദ്ധ ജവഹര്‍ലാല്‍ നെഹറുവിനെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു ‘ഇന്ത്യയിലെത്തിയാല്‍ ഈ ആലിംഗനം രാജ് കപൂറിന് കൊടുക്കണം. ഞാന്‍ തന്നയച്ചതാണെന്ന് പറയണം.’
ഇന്ത്യക്ക് പുറത്ത് റഷ്യയിലും ചൈനയിലും ആഫ്രിക്കയിലും ഗള്‍ഫ് നാട്ടിലുമൊക്കെ അവിടത്തെ ജനപ്രിയതാരങ്ങള്‍ക്കൊപ്പം തന്നെ പ്രിയങ്കരനായിരുന്നു രാജ്കപൂര്‍. ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന് നേടാന്‍ കഴിയുന്നതിലേറെ രാജ്യാന്തര പ്രശസ്തി തന്റെ സിനിമകളിലൂടെ അദ്ദേഹം നേടി.
പൃഥ്വിരാജ് കപൂറിന്റെയും രമാദേവിയുടെയും മൂത്തമകനായി 1924 ഡിസംബര്‍ 14 ന് ഇന്നത്തെ പാക്കിസ്ഥാനിലെ പെഷവാറില്‍ രണ്‍ബീര്‍ രാജ് കപൂര്‍ ജനിച്ചു. തന്റെ അഞ്ചാമത്തെ വയസ്സില്‍ അദേഹത്തിന്റെ കുടുംബം ബോംബെയിലേക്ക് കുടിയേറി പാര്‍ത്തു. ഇന്ത്യന്‍ സിനിമയുടെ സിരാകേന്ദ്രമായ ബോളിവുഡ് എന്നറിയപ്പെടുന്ന ബോംബയിലെ തിരക്കേറിയ നഗരക്കാഴ്ചകള്‍ കണ്ട് ആ അഞ്ചു വയസുകാരന്‍ ആദ്യം പേടിച്ചു വിറച്ചു. ഭയന്നു പോയ ആ കുട്ടി പിന്നീട് ആ നഗരത്തില്‍ തന്നെ ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ചു.
പഠനത്തില്‍ ഉഴപ്പനായിരുന്ന രാജ് പത്തില്‍ തോറ്റതോടെ പഠനം അവസാനിപ്പിച്ചു. അച്ഛന്‍ പൃഥ്വിരാജ് കപൂര്‍ പേരെടുത്ത നാടക – സിനിമാ നടനായിരുന്നതിനാല്‍ സ്വാഭാവികമായും അഭിനയത്തിലായിരുന്നു മകന് ശ്രദ്ധ. അക്കാലത്ത് പൃഥ്വിരാജ് കപൂറിന് ബോംബയില്‍ ഒരു നാടക ട്രൂപ്പുണ്ടായിരുന്നു. പൃഥ്വി തിയറ്റേഴ്‌സ് എന്ന ട്രൂപ്പ് ബോംബെയില്‍ പ്രശസ്തമായിരുന്നു. അതിനു ശാകുന്തളം എന്ന നാടകത്തില്‍ രാജ് പൃഥ്വിരാജ് കപൂറിനോടൊപ്പം അഭിനയിച്ചിരുന്നു. കൂടാതെ ഈക്വിലാബ് എന്ന ഒരു സിനിമയില്‍ ബാലതാരമായി അഭിനയിക്കുകയും ചെയ്തു.
മകന്‍ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റത് കാര്യമാക്കാത്ത പൃഥ്വിരാജ് കപൂര്‍ പറഞ്ഞു, ‘അടുത്ത തവണ പാസായാല്‍ മതി’. പക്ഷേ, രാജ് ഉറച്ച് തന്നെ പറഞ്ഞു. എനിക്ക് സിനിമ മതി.
ഒടുവില്‍ പിതാവ് ആവശ്യത്തിന് കീഴടങ്ങി. വലിയ നടനാണെങ്കിലും പൃഥ്വരാജ് കപൂര്‍ വിശാല ഹൃദയമുള്ള ഒരു അച്ഛനായിരുന്നു. മാതാപിതാക്കള്‍ക്ക് വളരെ പ്രായം കുറവായതിനാല്‍ അവരോടൊപ്പം ആടിപ്പാടി ഉല്ലസിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഒരിക്കല്‍ അച്ഛന്‍ സുമാട്രയിലും ബാലിയിലും പര്യടനം കഴിഞ്ഞ് വന്നപ്പോള്‍ എനിക്കൊരു സമ്മാനം കൊണ്ടു തന്നു. ഒരു നഗ്നസുന്ദരിയുടെ അതിമനോഹരമായ ഒരു പെയിന്റിംഗ്. അത് തരുമ്പോള്‍ ചിരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു.’ ഞാന്‍ വേദനിക്കുന്നു. മകനേ, ജീവനുള്ള ഒന്നിനെ നിനക്കായി കൊണ്ടുവരാന്‍ കഴിഞ്ഞില്ലല്ലോ”.
സുന്ദരികളായ സ്ത്രീകളിലേക്ക്, ആ സ്ത്രീകളുടെ നഗ്ന മേനികളിലെ പരിശുദ്ധിയിലേക്ക് എന്റെ ശ്രദ്ധ തിരിയാന്‍ ബോധത്തിലോ അബോധത്തിലോ ഉള്ള പ്രേരണ അച്ഛന്‍ നല്‍കിയ ഈ സമ്മാനമാണെന്ന് ഞാന്‍ കരുതുന്നു.’ രാജ്കപൂര്‍ ആത്മകഥാപരമായ കുറിപ്പില്‍ എഴുതി.
പൃഥ്വിരാജ് കപൂര്‍ തന്റെ മകനെ സിനിമ പഠിപ്പിക്കാനായി സുഹൃത്തും പ്രശസ്ത സംവിധായകനുമായ കിദാര്‍ ശര്‍മ്മയുടെ അടുത്ത് കൊണ്ടു ചെന്നാക്കി. കിദാര്‍ ശര്‍മ്മ ആദ്യം തന്നെ രാജിനോട് പറഞ്ഞു. ‘സിനിമാ മോഹമൊക്കെ കൊള്ളാം. വലിയ നടന്റെ മകനാണെന്ന ജാഡയൊക്കെ കയ്യില്‍ വെച്ചാ മതി. ഷൂട്ടിംഗ് സെറ്റില്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും തയ്യാറാണെങ്കില്‍ തന്റെ കൂടെ നില്‍ക്കാം.’ എങ്ങനെയെങ്കിലും സിനിമാക്കാരനാവാന്‍ ഒരുങ്ങിയിരുന്ന രാജ് അത് സമ്മതിച്ചു. 1947 ല്‍ ഇന്ത്യ സ്വതന്ത്രമായ വര്‍ഷത്തില്‍ അങ്ങനെ കിദാര്‍ ശര്‍മ്മയുടെ മുന്നാമത്തെ അസിസ്റ്റന്റായി രാജ് ജോലിയാരംഭിച്ചു. ഓരോ ഷോട്ടിനും ക്ലാപ്പടിക്കലാണ് ആദ്യം രാജിന് കിട്ടിയ പണി. സിനിമാ സെറ്റിലെ ഏറ്റവും താഴെക്കിടയിലുള്ള ജോലി. പണി അതാണെങ്കിലും നടന്റെ ഗെറ്റപ്പിലായിരുന്നു രാജിന്റെ നടപ്പ്. ഓരോ ഷോട്ടിനും മുന്‍പ് കണ്ണാടിയില്‍ നോക്കി മുടി ചീകി സ്വയം മേയ്ക്കപ്പ് ഇട്ട് സുന്ദരകുട്ടപ്പനായി വന്നാണ് ക്ലാപ്പടിക്കുക.
കിദാര്‍ ശര്‍മ്മ സംവിധാനം ചെയ്ത ‘വിഷകന്യ’ (1943) എന്ന ചിത്രത്തിലെ ഒരു പ്രധാന രംഗം ചിത്രീകരിക്കുമ്പോള്‍ ഒരുങ്ങാന്‍ കണ്ണാടി നോക്കാന്‍ പോയതിനാല്‍ രാജ് ക്ലാപ്പടിക്കാന്‍ വൈകി. ധൃതിയില്‍ ഓടി വന്ന് ക്ലാപ്പ് അടിച്ചപ്പോള്‍ നടന്റെ താടി മീശ ക്ലാപ്പിനിടയില്‍ പെട്ടു. ‘പ്രധാനപ്പെട്ട ആ രംഗം അതോടെ കുളമായി. ദേഷ്യം കൊണ്ട് സമനില തെറ്റിയ സംവിധായകന്‍ കിദാര്‍ ശര്‍മ്മ രാജിന്റെ കരണത്തിട്ട് ഒറ്റയടി കൊടുത്തു. അഞ്ച് വിരലിന്റെ അടയാളം രാജിന്റെ കവിളത്ത് പതിഞ്ഞു കാണാവുന്ന അടിയായി അത്.
അന്ന് രാത്രി കേദാര്‍ ശര്‍മ്മക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു വലിയ നടന്റെ മകനെയാണ് മൊത്തം ഷൂട്ടിംഗ് യൂണിറ്റ് നോക്കി നില്‍ക്കെ താന്‍ തല്ലിയത്. പിറ്റെന്ന് രാവിലെ സെറ്റിലെത്തിയ കിദാര്‍ രാജിനെ തന്റെ ക്യാബിനില്‍ വിളിപ്പിച്ചു. അവിടെയെത്തിയ രാജ് ധൈര്യം സംഭരിച്ച് ചോദിച്ചു. ‘ എന്തിനാണ് വിളിച്ചത്? എന്റെ മറ്റേ കവിളിലും പാട് വീഴ്ത്താനാണോ?’ കിദാര്‍ ശര്‍മ്മ പറഞ്ഞു. ‘ അല്ല. എന്റെ അടുത്ത സിനിമയിലെ ഹീറോ നീയാണ് ഇതാ അഡ്വാന്‍സ്. എന്നിട്ട് 5000 രൂപയുടെ ഒരു ചെക്ക് രാജിന്റെ നേരെ നീട്ടി.
രാജ് അന്തം വിട്ടു. ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ രാജ് പറഞ്ഞു.’ വേണ്ട എന്നെ അഭിനയിപ്പിക്കേണ്ട. തടിയനായ ഞാന്‍ അഭിനയിച്ചാല്‍ താങ്കളുടെ പടം പൊട്ടും’ എന്നും പറഞ്ഞു. പക്ഷേ, കിദാര്‍ വഴങ്ങിയില്ല. ‘നീല്‍ കമല്‍’ എന്ന ചിത്രത്തില്‍ നായകനായി 19 വയസുകാരനായ രാജ് കപൂര്‍ എന്ന പ്രതിഭ തന്റെ സിനിമാ ലോകത്തെ ജൈത്രയാത്രയുടെ തുടക്കം കുറിച്ചു. ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന 13 വയസുകാരിയായ മധു ബാലയായിരുന്നു രാജിന്റെ നായിക. അതിന് മുന്‍പ് ഒരു സിനിമയില്‍ ബാലതാരമായി രാജ് അഭിനയിച്ചിരുന്നു. അങ്ങനെ അടിയില്‍ തുടങ്ങിയ രാജ്കപൂര്‍ എന്ന പ്രതിഭ സിനിമാചരിത്രത്തിലേക്ക് അടിവെച്ചു കയറി.
താന്‍ സംവിധായകനും നിര്‍മ്മാതാവുമാകുന്ന സ്വന്തം സിനിമയായിരുന്നു രാജിന്റെ മനസില്‍. സിനിമാ നിര്‍മ്മാണത്തിന് ആരെയും ആശ്രയിക്കാതെ തന്റെ സങ്കല്‍പ്പത്തിലുള്ള ചലച്ചിത്രങ്ങള്‍ പുറത്തിറക്കുക എന്നത് രാജ് കപൂറിന്റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് 1948 ല്‍ ആര്‍.കെ. ഫിലിംസ് എന്ന സ്വന്തം ചലച്ചിത്ര നിര്‍മ്മാണ കമ്പനി പിറവിയെടുക്കുന്നത്. ബോംബയുടെ പ്രാന്ത പ്രദേശത്ത് ചെമ്പൂരില്‍ പിന്നിട് ഹിന്ദി സിനിമാ ലോകത്തിന്റെ തറവാടായ പിന്നിട് 1950 ല്‍ ആര്‍.കെ സ്റ്റുഡിയോ സ്ഥാപിച്ചു.
1951 ല്‍ രാജ് കപൂറിനെ പരിപൂര്‍ണ നടനാക്കിയ ‘ആവാര’ പുറത്ത് വന്നു. അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച കഥാപാത്രമായി. ‘രാജ് കപൂറിന്റെ തെരുവ് തെണ്ടിയായി അലയുന്ന അനാഥനായ അതിലെ കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ ഐക്കണായി മാറി. സിനിമയിലെ നായകന്റെ വസ്ത്രധാരണ രീതി രാജ് കപൂറിന്റെ ട്രേഡ്മാര്‍ക്കായി മാറി. അടിവശം മടക്കി വെച്ച പാന്റും അയഞ്ഞ കുപ്പായവും പൊളിഞ്ഞ ഷൂസും തൊപ്പിയും ചാര്‍ളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന ആ തെരുവുതെണ്ടിയുടെ വേഷത്തിലായിരിക്കും എന്നും രാജ് കപൂറിനെ ലോകം ഓര്‍ക്കുക.
ആവാര ഇന്ത്യക്ക് പുറത്ത് ഇറാനിലും, അറബ് രാഷ്ട്രങ്ങളിലും കിഴക്കന്‍ യൂറോപ്പിലും മികച്ച പ്രദര്‍ശന വിജയം നേടി. ചൈനയില്‍ വന്‍ മതിലും കടന്നെത്തി വിജയം നേടിയ ആവാര സാക്ഷാല്‍ മാവോ സേതുങിന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നായി.
സമ്പന്നതയുടെ കഥ പറഞ്ഞിരുന്ന ഹിന്ദി സിനിമക്ക് സാധാരണക്കാരുടേയും പട്ടിണിപ്പാവങ്ങളുടേയും കഥകള്‍ പരിചയപ്പെടുത്തിയത് രാജ് കപൂറാണ്. ഇന്ത്യന്‍ സിനിമയില്‍ ദാരിദ്ര്യം ചിത്രീകരിച്ചവരെല്ലാം അവരുടെ കഥയുടെ അവസാന രംഗം കൊണ്ടു നിര്‍ത്തുന്നത്, പ്രതീക്ഷകള്‍ക്ക് ഇടമില്ലാത്ത ഏതെങ്കിലും സംഭവത്തിലായിരിക്കും. രാജ് കപൂര്‍ മറിച്ചായിരുന്നു. ജീവിതത്തെ പ്രതാശയോടെ നോക്കുന്നവരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. ‘മനുഷ്യനെ നശിപ്പിക്കാന്‍ കഴിയും തോല്‍പ്പിക്കാന്‍ കഴിയില്ല’ എന്ന് ഹെമിങ്ങ് വേയെപ്പോലെ രാജ് കപൂറും വിശ്വസിച്ചു. തിരിച്ചടികളുടെ വന്‍ തിര വന്നാലും ജീവിതത്തിനോട് ചേര്‍ന്നു നില്‍ക്കണമെന്ന് രാജ് കപൂര്‍ തന്റെ കഥാപാത്രങ്ങളോട് മന്ത്രണം ചെയ്തിരുന്നു. അവരത് ഫലിപ്പിക്കുകയും ചെയ്തു. ജീവിത ഗന്ധിയെന്നെല്ലാം വിശേഷിപ്പിക്കുന്ന സിനിമയെ ഇന്ത്യന്‍ ചിന്തകളിലെത്തിച്ചതിന്റെ ക്രെഡിറ്റ് രാജ് കപൂറിനാണ്.
തന്റെ സമകാലീനനും പ്രതിയോഗിയുമായ ദിലീപ് കുമാര്‍ ഉള്‍പ്പടെയുള്ള അക്കാലത്തെ നടന്മാര്‍ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരായും വീരനായകന്‍മാരായും ചലചിത്ര ലോകത്ത് നിറഞ്ഞു നിന്നപ്പോഴും രാജ് കപൂറിന്റെ തെരുവുതെണ്ടിക്കായിരുന്നു ”പ്രേക്ഷകര്‍ ഹൃദയത്തില്‍ ഇടം നല്‍കിയത്. രാജ് കപൂറിനെ ഏറ്റവും അധികം സ്വാധീനിച്ച ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിനായിരുന്നു.’ ചാപ്ലിന്റെ സിനിമകളില്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹം ആവിഷ്‌കരിച്ച ആ ചെറിയ മനുഷ്യനാണ്. ഞാന്‍ സിനിമാ ജീവിതം ആരംഭിച്ചപ്പോള്‍ ചുറ്റുപാടുമെങ്ങും അത്തരം ചെറിയ മനുഷ്യരെ കാണാന്‍ കഴിഞ്ഞു. തന്റെതല്ലാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കുന്നവര്‍. ദാരിദ്യത്തിലും പ്രയാസങ്ങള്‍ക്കിടയിലും സന്തോഷം കണ്ടെത്തുന്നവര്‍. അവരുടെ വികാരം ചാപ്ലിന്‍ ഏറ്റവും മനോഹരമായി അവയെല്ലാം അവതരിപ്പിച്ചു. ചാപ്ലിന്‍ അവതരിപ്പിച്ച ‘അനാഥ’നാണ് ലോക സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്’ രാജ് കപൂര്‍ പില്‍ക്കാലത്ത് അനുസ്മരിച്ചു.
തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരിക്കലും ഉച്ചത്തില്‍ വെളിപ്പെടുത്തിയ ചലച്ചിത്രകാരനായിരുന്നില്ല രാജ് കപൂര്‍. പക്ഷേ, രാജ് എന്ന കലാകാരന്റെ ചിന്താസരണികളില്‍ ഇടതുപക്ഷ ദര്‍ശനങ്ങള്‍ സ്വാധീനിച്ചിരുന്നു. ഈ ലോകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള സൂക്ഷമ നിരീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. റഷ്യയിലും ചൈനയിലും സംഭവിച്ച മാറ്റങ്ങളുടെ വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചിരുന്നു. തെരുവ് ജീവിതത്തെ കുറിച്ച് എഴുതിയാലും, അത് പകര്‍ത്തിയാലും കമ്യൂണിസ്റ്റ് പ്രചരണമായി മുദ്ര കുത്തിയിരുന്ന കാലത്താണ് രാജ് കപൂര്‍ തന്റെ കഥാപാത്രങ്ങളെ തെരുവില്‍ നിന്ന് തെരഞ്ഞെടുത്തത്. സോവ്യറ്റ് യൂണിയനില്‍ അവരുടെ ദേശീയ നേതാക്കളോളം പ്രശസ്തി രാജ് കപൂര്‍ നേടിയത് തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളെന്ന വിശ്വാസം അവിടത്തെ ജനങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നതിനാലാണ്. അതില്‍ നിന്ന് ഉണ്ടായതാണ് സോവ്യറ്റ് ജനതയുടെ സ്‌നേഹലാളനയും ഇഷ്ടവുമെല്ലാം.
ദാരിദ്ര്യവും, അരക്ഷിതാവസ്ഥയും ശക്തമായി ആവിഷ്‌ക്കരിക്കുന്ന രാജ് കപൂര്‍ സിനിമകള്‍ ശുഭപര്യവസായിയായിരുന്നു. അത് ഹിന്ദി ചലചിത്ര വേദിക്ക് പുതിയ ഒരു അനുഭവമായിരുന്നു. രാജിന്റെ കഥാപാത്രങ്ങള്‍ ജീവിതത്തെ പ്രതീക്ഷയോടെ കാണുന്നവരായിരുന്നു. രാജ് കപൂര്‍ കഥാപാത്രങ്ങള്‍ വെല്ലു വിളികള്‍ നേരിട്ട് ജീവിത വിജയം നേടുന്ന ചലച്ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും പ്രതീക്ഷയും നല്‍കി.
1970 ല്‍ പുറത്തിറങ്ങിയ ‘മേരാനാം ജോക്കര്‍’ രാജ് കപൂറിന്റെ സ്വപ്ന സിനിമയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സിനിമകളിലൊന്നായ ഇത് രാജ് കപൂറിന്റെ ആത്മകഥാപരമായ ചിത്രമായി കണക്കാക്കപ്പെടുന്നു. നീണ്ട ഒമ്പത് വര്‍ഷത്തെ അധ്വാനത്തിന് ശേഷം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന് വേണ്ടി രാജ് കപൂറിന്റെ സര്‍വ്വ സമ്പാദ്യവും ചിലവഴിച്ചു. വന്‍ ചിലവേറിയ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുത്തുകാരന്‍ കെ.എ. അബ്ബാസാണ് എഴുതിയത്.
സര്‍ക്കസ് പശ്ചാത്തലത്തിലുള്ള കഥയായിരുന്നതിനാല്‍ സിനിമയ്ക്ക് വേണ്ടി രാജ് നിരവധി വിദേശകലാകാരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഒരു പ്രധാന കഥാപാത്രം റഷ്യക്കാരിയായിരുന്നു. ഇരുപതോളം വിദേശകലാകാരന്മാര്‍ ഒരു ഇന്ത്യന്‍ ചലചിത്രത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്. സര്‍ക്കസ് മൃഗങ്ങളെയും അവയുടെ പരിശീലകരേയും രാജ് കപൂര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഹിമക്കരടി പോലുള്ള മുഗങ്ങള്‍ക്ക് ശീതികരിച്ച കൂടു വരെ ആര്‍.കെ. സ്റ്റുഡിയോവില്‍ ഒരുക്കി.
സ്വകാര്യ ദുഃഖങ്ങള്‍ക്കിടയിലും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ട പ്രധാന കഥാപാത്രമായ രാജു എന്ന സര്‍ക്കസ് കോമാളിയായി രാജ് കപൂര്‍ വേഷമിട്ടു. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ അനുഭവങ്ങളും കോമാളിയുടെ വേഷത്തില്‍ രാജ് കപൂര്‍ ഇതിലൂടെ അവതരിപ്പിച്ചു. രണ്ട് ഇടവേളകളുള്ള ഇത് മുന്ന് പൂര്‍ണ്ണ സിനിമകളാണ്. സര്‍ക്കസ് അഭ്യാസത്തിനിടെ അപകടത്തില്‍ മരിച്ച ഒരു സര്‍ക്കസ് കലാകാരന്റെ മകനായ രാജു സര്‍ക്കസുകാരനാകുന്നു. ആദ്യ ഭാഗത്തില്‍ രാജുവിന്റെ ചെറുപ്പവും രണ്ടും മൂന്നും ഭാഗത്തില്‍ സര്‍ക്കസ് കൂടാരത്തില്‍ അയാളുമായി ”പേമത്തിലാകുകയും പിന്നീട് അയാളെ ഉപേക്ഷിച്ച് പോകുന്ന രണ്ടു കാമുകികളുടെ പ്രണയ കഥയാണ്.
ഏറെ പ്രതീക്ഷയോടെ പുറത്ത് വന്ന ‘ മേരാനാം ജോക്കര്‍’ ബോക്‌സോഫീസില്‍ തകര്‍ന്നു. വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ച ഈ ചിത്രം അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ത്തു. തന്റെ ചലചിത്ര ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്ന് രാജ് വിശേഷിപ്പിച്ച മേരാ നാം ജോക്കര്‍ രാജ് കപൂറിന്റെ ഏറ്റവും മികച്ച കലാമൂല്യമുള്ള ചിത്രമായിരുന്നു. എങ്കിലും മേരാ നാം ജോക്കറിന് 5 ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. മികച്ച സംവിധായകനായി രാജ് കപൂര്‍ മികച്ച ഛായാഗ്രഹകനായി മധുകര്‍മാകര്‍, ശബ്ദലേഖനത്തിന് കെ. ഖുറേഷിയും, മികച്ച സംഗീത സംവിധായകരായി ശങ്കര്‍ – ജയ കിഷനും, മികച്ച ഗായകനായി മന്നാഡേയ്ക്കും ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. എന്നിട്ടും, മേരാനാം ജോക്കറിന്റെ ചലചിത്രപരാജയ പ്രഹരം ഹിന്ദിസിനിമാ രംഗത്തെ ഒരു ‘ജോക്കര്‍’ ആയി രാജ് കപൂറിനെ ബോബെയിലെ സ്വകാര്യ സദസ്സുകളില്‍ പരിഹസിക്കുന്നവരെയെത്തിയിരുന്നു കാര്യങ്ങള്‍.
മൂന്ന് വര്‍ഷത്തിന് ശേഷം രാജ് കപൂര്‍ തിരിച്ച് വരവിനൊരുങ്ങി. നിര്‍മ്മാതാവ് എന്ന നിലയില്‍ രാജ് കപൂറിന്റെയും ആര്‍.കെ സ്റ്റുഡിയോയുടെയും ഭാവി നിശ്ചയിക്കുന്ന ഒരു പടവുമായി. മേരാനാം ജോക്കറിന്റെ സാമ്പത്തിക ബാധ്യത അത്രയേറെ രാജ് കപൂറിനെ പിടി കൂടിയിരുന്നു. പുതിയ പടത്തില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍ താരം രാജേഷ് ഖന്നയെ നായകനാകാന്‍ സാമ്പത്തികം ഇല്ലാത്ത അവസ്ഥ. പക്ഷെ, അപ്പോഴും ആരും പരീക്ഷിക്കാത്ത കഥ പുതുമയാര്‍ന്ന ആഖ്യാന രീതി ഇതെല്ലാം സവിശേഷമായി ഉയര്‍ത്തിപ്പിടിക്കുന്ന രാജ് കപൂര്‍ ചിത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ആ ആഗ്രഹത്തിന്റെ ചൂടും വെളിച്ചവുമായിരുന്നു ‘ബോബി’യെന്ന ഹിറ്റ് ചിത്രം.
മകനായ ഋഷി കപൂറിനെ നായകനാക്കി രാജ് കപൂര്‍ സംവിധാനം ചെയ്ത ‘ബോബി’ ആ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലചിത്രമായി മാറി. അരനൂറ്റാണ്ടു മുന്‍പ്, 1973 സെപ്റ്റംബര്‍ 28 ന് തിയേറ്ററിലെത്തിയ ബോബി സര്‍വകാല ഹിറ്റായി മാറി. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സമ്പൂര്‍ണ കച്ചവട സിനിമയെന്ന് വിശേഷിപ്പിക്കുന ബോബി ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക വിജയം നേടിയ എക്കാലത്തേയും 20 ചിത്രങ്ങളിലൊന്നായി.
ചരിത്രം സൃഷ്ടിച്ചത് ഇന്ത്യക്ക് പുറത്താണ്. 1975 ല്‍ സോവ്യറ്റ് യൂണിയനില്‍ റിലീസ് ചെയ്ത ബോബി അവിടെ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ രണ്ടാമത്തെ ചിത്രമായി. 6.26 കോടി റഷ്യക്കാര്‍ ഈ സിനിമ കണ്ടു. ‘ആവാര’യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിദേശികള്‍ കണ്ട സിനിമകളിലൊന്നായി ബോബി. ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവടങ്ങളില്‍ ബോബി മികച്ച പ്രദര്‍ശന വിജയം നേടി.
നായികയായ ഡിംപിള്‍ കപാഡിയ ചുവന്ന ബിക്കിനിയില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ഒരു ഐക്കണായി മാറി. ടെക്റ്റ്‌റ്റെല്‍ മാര്‍ക്കറ്റില്‍ പോലും ഇതിന്റെ ചുവട് പിടിച്ച് കമ്പനികള്‍ ബ്രാന്‍ഡിംഗ് ആരംഭിച്ചു. നായകന്‍ ഋഷി കപൂര്‍ പടത്തില്‍ ഓടിച്ച രാജ്ദൂത് ബൈക്ക് അതോടെ വന്‍ ജന ശ്രദ്ധനേടിയ ബ്രാന്‍ഡായി. ചുരുക്കത്തില്‍ ഒരു സിനിമ അനന്തമായ വ്യാപാര സാദ്ധ്യതകള്‍ തുറക്കുന്നു എന്നത് തെളിയിച്ച ആദ്യചിത്രമായി ബോബി. ഹിന്ദി സിനിമക്ക് നല്ലതും ചീത്തയുമായ ശീലങ്ങള്‍ അത് നല്‍കിയെങ്കിലും സിനിമകളിലുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുക എന്ന ഒരു ട്രെന്‍ഡിലേക്ക് ബോബിയെന്ന ചിത്രം വഴിയൊരുക്കി. ഡിംബിള്‍ കപാഡിയ എന്ന പുതുമുഖം പ്രേക്ഷരുടെ ഹരമായി, ആ സിനിമയുടെ വിജയത്തില്‍ നല്ല പങ്കു വഹിച്ചു.
ബോബിയിലെ ഗാനങ്ങള്‍ ഹിന്ദി ഗാനരംഗത്തെ തരംഗമായി മാറി. അത് വരെ രാജ് കപൂറുമായി ഉടക്കിലായിരുന്ന ഗായിക ലതാ മങ്കേഷ്‌ക്കര്‍ പിണക്കം മറന്ന് സിനിമാ ലോകത്തെ ഷോമാന്റെ വിധി നിര്‍ണായകമായ സിനിമയില്‍ ഗാനമാലപിക്കാനെത്തി. തന്റെ സ്ഥിരം സംഗീത സംവിധായകരെ- ശങ്കര്‍-ജയ് കിഷനെ മാറ്റി രാജ് പകരം ലക്ഷ്മി കാന്ത്-പ്യാരിലാലിനെ കൊണ്ടുവന്നു. അക്കാലത്തെ ഗാനാലാപനത്തിലെ കൊടുമുടികളായ മുഹമ്മദ് റഫിക്കും കിഷോര്‍ കുമാറിനും പകരം പുതിയൊരു ഗായകനെ രാജ് കപൂര്‍ തന്റെ മകന്റെ ഗാനാപനത്തിന് കണ്ടെത്തി. ശൈലേന്ദ്ര സിംഗ് എന്ന പുതു ഗായകന്‍’ രാജ്യമെങ്ങും ആലപിച്ച ഹിറ്റ് ഗാനത്തിലൂടെ
‘മേ ഷായര്‍ തോ നഹീ
മഗര്‍ യേ ഹസീ
ഇബ്‌സേ ദേഖാ മേനേ തുജ്‌ക്കോ
മുജ്‌ക്കോ ഷായരീ ആഗയി ‘ എറെ പ്രസിദ്ധനായി. ലതാമങ്കേഷ്‌ക്കറോടൊപ്പം പാടിയ ‘ഹംതും എക് കമേരമേ ബന്ധുഹോ’ എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി.
നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്നില്ലെങ്കില്‍ രാജ് കപൂര്‍ പ്രഗല്‍ഭനായ ഒരു സംഗീതജ്ഞനാവുമായിരുന്നു. തന്റെ ചലച്ചിത്രങ്ങളില്‍ സംഗീതം എങ്ങനെ വേണമെന്ന് രാജ് കപൂറിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഹാര്‍മോണിയം, പിയാനോ, അക്കോര്‍ഡിയന്‍ തബല, ബുള്‍ബുള്‍ തരംഗ് തുടങ്ങി അഞ്ചോളം ഇന്‍സ്ട്രമെന്റുകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.
ഗാനരചയിതാക്കളായ ശൈലേന്ദ്ര, ഹസ്രത്ത് ജയ്പുരി, സംഗീതജ്ഞരായ ശങ്കര്‍-ജയ്കിഷന്‍, ഗായകന്‍ മുകേഷ് തുടങ്ങി നിരവധി പ്രതിഭകളെ തന്റെ ചലചിത്രങ്ങളിലൂടെ വേണ്ടവിധത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അതുല്യമായ കഴിവുണ്ടായിരുന്നു.
ഒരിക്കല്‍ ലതാ മങ്കേഷ്‌കര്‍ പറഞ്ഞു. ‘ആര്‍. കെ. ഫിലിംസിന്റെ സിനിമകളിലെ ഗാനങ്ങളുടെ ക്രഡിറ്റ് ശങ്കര്‍ ജയകിഷനും ലക്ഷ്മികാന്ത് പ്യാരേലാലിനും രവീന്ദ്ര ജയിനിനും നല്‍കപ്പെടുന്നു. എന്നാല്‍ ‘ബര്‍സാത്ത് ‘മുതലുള്ള സിനിമകളില്‍ ആര്‍.കെ. ഫിലിംസിന്റെ പടങ്ങളില്‍ പാടിയ ഗായിക എന്ന നിലയില്‍ എനിക്കറിയാം, ആര്‍.കെ ഫിലിംസിന്റെ എല്ലാ പാട്ടുകളും രാജ് കപൂറിന്റെ സൂക്ഷ്മ വിശകലനത്തിന് ശേഷം മാത്രം പുറത്ത് വന്നവയാണ്’.
അദ്ദേഹത്തിന്റെ ദേശസ്‌നേഹം വളരെ പ്രശസ്തമായിരുന്നു. തന്റെ ചലചിത്രങ്ങളില്‍ ചില പ്രമേയങ്ങളില്‍ ദേശഭക്തി പ്രകടമാകുന്ന ഗാനങ്ങളും പ്രശസ്തമായി. ശ്രീ 420 ലെ ‘മേരാ ജൂത്താ ഹൈ ജാപ്പാനി’..(‘ എന്റെ ഷൂസ് ജാപ്പാനീസാണ്, എന്റെ പാന്റ്‌സ് ഇംഗ്ലണ്ടിലെതാണ്, എന്റെ ചുവന്ന തൊപ്പി റഷ്യയിലേതാണ്, എങ്കിലും എന്റെ ഹൃദയം ഇന്ത്യക്കാരന്റെതാണ്’) എന്ന ഗാനം ഒരു ദേശഭക്തി ഗാനമായി പ്രേക്ഷകര്‍ ഏറ്റെടുത്ത ഒന്നാണ്.
ആവാരാ ഹൂന്‍, ബര്‍സാത് മേ ഹംസെ മിലേ തും സാജന്‍, രാമയ്യ വസ്തവയ്യ, ബോല്‍ രാധാ ബോല്‍ സംഗം ഹോഗാ കേ നഹിന്‍, പ്യാര്‍ ഹുവാ ഇഖ്രാര്‍ ഹുവാ തുടങ്ങിയ നിരവധി പ്രിയപ്പെട്ട രാജ് കപൂര്‍ ഗാനങ്ങള്‍ ആസ്വാദകരുടെ പ്രിയ ഗാനങ്ങളായി.
രാജ് കപൂര്‍ എന്ന സംവിധായകന്‍ രാജ് കപൂര്‍ എന്ന നടനെ ഒരിക്കലും ബാധിച്ചില്ല. മറ്റുള്ള സംവിധായകരുടെ സിനിമകളില്‍ മികച്ച പ്രകടനം നടത്തിയിരുന്ന നടനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏത് ഭാവവും വഴങ്ങുന്ന മുഖവും സന്തോഷവും ദുഖവും ഒരേ പോലെ പ്രകടിപ്പിക്കാന്‍ കഴിയുന്ന നീല കണ്ണുകളും അദ്ദേഹത്തെ പ്രേക്ഷരുടെ പ്രിയങ്കരനാക്കി.
രാജ് കപൂറിന്റെ ‘ആവാര’യും സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയും ഒരേ സമയത്താണ് പുറത്ത് വന്നത്. രണ്ടും രണ്ട് തരം പ്രേക്ഷകര്‍ക്കുള്ള സിനിമകളായിരുന്നു. സത്യജിത്ത് റേയുടെ ആരാധകനായ രാജ് കപൂര്‍ ആര്‍.കെ. പ്രൊഡക്ഷന് വേണ്ടി റേയെകൊണ്ട് ഒരു സിനിമ ചെയ്യിക്കണമെന്ന് വളരെ ആഗ്രഹിച്ചെങ്കിലും ഹിന്ദിയില്‍ പടം ചെയ്യാന്‍ സത്യജിത്ത് റേ താല്‍പ്പര്യം കാണിച്ചില്ല.
50 കളുടെ ഹിന്ദി സിനിമ സാക്ഷ്യം വഹിച്ച, വേര്‍പ്പെടുത്താവാനവാത്ത വിധം കെട്ടുപിണഞ്ഞ റൊമാന്റിക്ക് ജോടികളായിരുന്നു രാജ് കപൂറും നര്‍ഗീസും. 17 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ച് അഭിനയിച്ചു.
പ്രശസ്ത നടി ഡിംബിള്‍ കപാഡിയ രാജ് കപൂര്‍- നര്‍ഗീസ് സംഗമത്തില്‍ ജനിച്ച പെണ്‍കുട്ടിയാണെന്നൊരു പഴയൊരു ബോളിവുഡ് കഥയുണ്ട്. ആ മകളെ അവര്‍ കപാഡിയ കുടുംബത്തിന് വളര്‍ത്താന്‍ കൊടുത്തു. അവള്‍ വളര്‍ന്നു. ഡിംബിള്‍ കപാഡിയ എന്ന സുന്ദരിയായ്, സൂര്യ പുത്രന്‍ സൂതപുത്രനായതു പോലെ വളര്‍ന്നൊരു ഒരു കഥ. ഇങ്ങനെയുള്ള ഒരു പാടു കഥകളുടേയും കഥകളെ തോല്‍പ്പിക്കാന്‍ പോന്ന സത്യങ്ങളുടേയും നടുവില്‍ വാണരുളിയ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ രാജാവായിരുന്നു രാജ് കപൂര്‍.
‘ആഗ് ‘(1948) ന്റെ ചിത്രീകരണത്തിന് ഒരു സ്റ്റുഡിയോ തേടി നടക്കുമ്പോഴാണ് രാജ് കപൂര്‍ ആദ്യമായി ഒരു നിര്‍മ്മാതാവിന്റെ ഫ്‌ലാറ്റില്‍ വെച്ച് 16 വയസുള്ള നര്‍ഗീസിനെ കാണുന്നത്. ഫ്‌ളാറ്റിന്റെ വാതില്‍ തുറന്ന് കൊടുത്തത് നര്‍ഗീസായിരുന്നു. അവര്‍ അടുക്കളയില്‍ പാചകം ചെയ്യുകയായതിനാല്‍ കൈകളില്‍ ഗോതമ്പ് മാവ് പുരണ്ടിരുന്നു. കൈകൊണ്ട് തലമുടി ഒതുക്കി വെച്ചപ്പോള്‍ ആ മാവ് തലയില്‍ പുരണ്ടിരുന്നു. വാതില്‍ തുറന്നപ്പോള്‍ തലയില്‍ മാവ് പുരണ്ട നര്‍ഗീസിനെയാണ് രാജ് കണ്ടത്. പിന്നീട് 22 വര്‍ഷത്തിന് ശേഷം ബോബിയില്‍ തന്റെ മകന്‍ ഋഷി കപൂര്‍ നായിക ഡിംപിളിനെ ആദ്യമായി കാണുന്ന രംഗത്തിന്റെ പിന്നിലെ ആശയം നര്‍ഗീസുമായുള്ള രാജ് കപൂറിന്റെ ആദ്യ സമാഗമത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
ആദ്യ നോട്ടത്തില്‍ തന്നെ ഇരുപത്തിരണ്ടുകാരനായ രാജ് കപൂര്‍ നര്‍ഗീസില്‍ ആകൃഷ്ടനായി. അദ്ദേഹം നേരെ ആഗിന്റെ തിരക്കഥാകൃത്തായ ഇന്ദര്‍ രാജ് ആനന്ദിനെ കണ്ട് ഇങ്ങനെ പറഞ്ഞു.’എന്റെ സിനിമയിലേക്ക് ആ പെണ്‍കിടാവിനെ വേണം. അവളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തിരക്കഥ തിരുത്തിയെഴുതൂ.’അങ്ങിനെ ആഗില്‍ നര്‍ഗീസ് വന്നു. ചിത്രത്തിന് നല്‍കിയ വന്‍ പബ്ലിസിറ്റി കാരണം പ്രേക്ഷകര്‍ക്ക് അവരെ കാണാന്‍ ആകാംക്ഷയായി.
രാജ് കപൂറും നര്‍ഗീസും തങ്ങള്‍ പ്രണയ ജോഡികളാകാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന പ്രതീതി പ്രേക്ഷകരില്‍ സൃഷ്ടിച്ചു. അവര്‍ തമ്മിലുള്ള കൂട്ടുകെട്ടിലെ രസതന്ത്രം ഒരുമിച്ച് അഭിനയിച്ചപ്പോഴൊക്കെ അനശ്വര പ്രണയമായി പ്രേക്ഷര്‍ക്ക് അനുഭവപ്പെട്ടു. പ്രതേകിച്ചും ‘ആവാര’ യില്‍. അതിലെ ഇരുവരും ചേര്‍ന്നുള്ള മികച്ച രീതിയില്‍ ചിത്രീകരിച്ച ഗാനരംഗങ്ങളാണ് ‘ആവാര ‘യെ രാജ്യാന്തര പ്രശസ്തി നേടിയ ചലച്ചിത്രമാക്കിയത്.
അത് പോലെ ശ്രീ 420 എന്ന ചിത്രത്തിലെ അനശ്വരമായ പ്രണയ രംഗം – ഒരു കുടക്കീഴിലെ കമിതാക്കള്‍ ‘പ്യാര്‍ ഹുവാ’ എന്ന ഗാനം രണ്ട് കമിതാക്കളുടേയും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത മനോഹരമായി പകര്‍ത്തിയ രംഗമായി മാറി. അവരുടെ ബന്ധത്തിന്റെ ഊഷ്മളത ഉറപ്പിക്കുന്ന ഒന്നായിരുന്നു ബര്‍സാത്ത് എന്ന ചിത്രത്തിലെ ഇരുവരും ചേര്‍ന്ന ഒരു രംഗം രാജ് കപൂറിന്റെ ആര്‍.കെ. ഫിലിംസിന്റെ ലോഗോ ആയി മാറി. ”ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്ത്യ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചതായിരുന്നല്ലോ. കെട്ടുകഥകളും സങ്കല്‍പ്പവും ഭാവനയയും യാഥാര്‍ത്ഥ്യവും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന കുറെ വര്‍ഷങ്ങളില്‍ പത്രക്കാരും ആസ്വാദകരും ചലചിത്ര പ്രവര്‍ത്തകരും അസ്വസ്ഥരായതല്ലാതെ എന്റെയും നര്‍ഗീസിന്റെയും ജീവിതത്തില്‍ അവയൊന്നും ഒരു ചലനവുമുണ്ടാക്കിയില്ല. കോരിത്തരിക്കുന്ന കഥകളുമായി അവയുടെ ആത്മാവ് തേടി വന്നവരോട് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്. കൃഷ്ണ എന്റെ സഹധര്‍മ്മിണി. നര്‍ഗീസ് എന്റെ നായിക. കൂടുതലൊന്നും എനിക്ക് പറയാനില്ല. പൊടുന്നനെയാണ് ഞങ്ങളുടെ അടുപ്പത്തിന് അന്ത്യമുണ്ടായത്. കാരണം ഇന്നും എനിക്കജ്ഞാതമാണ്. എന്റെ ചലചിത്രത്തിലെ നായികയാണ് നര്‍ഗീസ്. എന്റെ ജീവിതത്തിലെ നായിക കൂടിയാണ് നര്‍ഗീസ് എന്ന ജനഹൃദയങ്ങളിലുറച്ച് പോയേക്കാവുന്ന വിശ്വാസം ആ നിഷ്‌ക്കളങ്കയുടെ ജീവിതം തകര്‍ക്കുമെന്ന് ഞാന്‍ മനസ്സില്‍ കണ്ടു. ശ്രീ 420 എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ഈ ചിന്ത എന്നെ തളര്‍ത്തിയത്. ഞാനീ വിവരം ഗദ്ഗകണ്ഠനായി നര്‍ഗീസിനോട് തുറന്നു പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് മുറിവിട്ടു പോവുകയാണ് അവര്‍ ചെയ്തത്.’
ജാഗ്‌തേ രഹോ’ എന്ന അടുത്ത ചിത്രത്തില്‍ ഈ പൊട്ടിക്കരച്ചിലുണ്ടാവാതിരുന്നെങ്കില്‍ ആ ചെറിയ റോള്‍ ഞാന്‍ അവര്‍ക്ക് നല്‍കുമായിരുന്നില്ല.’നര്‍ഗീസുമായുള്ള അടുപ്പത്തെക്കുറിച്ച് രാജ് കപൂര്‍ ആത്മകഥാപരമായ കുറിപ്പില്‍ എഴുതി. ‘ഞാനും നര്‍ഗീസും പ്രേമബന്ധത്തിലായിരുന്നു. എല്ലാവര്‍ക്കും ആ സത്യമറിയാം. അന്യോന്യം അലിഞ്ഞ് ചേര്‍ന്ന നായകനും നായികയുമായിരുന്നു. ഞങ്ങളുടെ മാനസിക ബന്ധത്തിന്റെ പവിത്രതയും തീവ്രതയും വിശദീകരണങ്ങള്‍ക്കപ്പുറത്താണ്. ആ തീവ്രമായ പ്രേമബന്ധത്തിന്റെ സാന്ദ്രീകരണമായിരുന്നു. ‘ആവാര’. അത് വെള്ളിത്തിരയില്‍ നിങ്ങള്‍ നിറയെ കണ്ടതാണല്ലോ’ രാജ് കപൂര്‍ എഴുതി.
രാജ് കപൂറിന്റെ നായികയായിരുന്ന മലയാള നടിയാണ് പത്മിനി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ പ്രശസ്തരായിരുന്ന നര്‍ത്തകികളായ ലളിത-രാഗിണി-പത്മിനിമാര്‍ ആ കാലത്ത് കലാരംഗത്ത് അതീവ പ്രശസ്തരായിരുന്നു. ‘മേരാ നാം ജോക്കര്‍’ ജിസ് ദേശ് മേം, ഗംഗാ ബഹ്തി ഹൈ എന്നി രാജ് കപൂര്‍ ചിത്രങ്ങളില്‍ പത്മിനി നായികയായി അഭിനയിച്ചു.
ജിസ് ദേശ് മേം, ഗംഗാ ബഹ്തി എന്ന ചിത്രം 60 കളില്‍ തലശ്ശേരിയില്‍ വെച്ച് തിയേറ്ററില്‍ കണ്ട അനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയിട്ടുണ്ട്. തലശ്ശേരിക്കാരനായ ഡോക്ടര്‍ രാമചന്ദ്രനാണ് പത്മിനിയെ വിവാഹം കഴിച്ചത്. അവരുടെ കല്യാണം നിശ്ചയിച്ച വേളയിലാണ് ജിസ് ദേശ് മേം, ഗംഗാ ബഹ്തി തലശ്ശേരിയിലെ വീനസ് ടാക്കീസില്‍ വന്നത്. സ്ഥിരം നായിക നര്‍ഗീസിനെ ഒഴിവാക്കി രാജ് കപൂര്‍ പത്മിനിയെ നായികയാക്കി എന്നൊരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു. അന്ന് വിദ്യാര്‍ത്ഥികളായ പുനത്തില്‍ കുഞ്ഞബ്ദുള്ളയും സുഹൃത്തുക്കളും പടം കാണാന്‍ തിയേറ്ററില്‍ കയറി. അവരുടെ പിറകില്‍ പത്മിനിയുടെ പ്രതിശുത വരന്‍ ഡോ. രാമചന്ദ്രന്‍ സുഹൃത്തുക്കളുമായി ഈ പടം കാണാന്‍ വന്നിരുന്നു. പ്രണയലീലകള്‍ കൊണ്ട് രാജ് കപൂറും പത്മിനിയും കാണികളെ ത്രസിപ്പിച്ച സിനിമയായിരുന്നു അത്. രണ്ടു പേരും സുന്ദരി സുന്ദരന്മാര്‍. നൊട്ടിയാല്‍ ചോര പൊടിയുന്ന പ്രായം. പ്രണയ സാന്ദ്രമായ ഒരു രംഗത്തില്‍ രാജ് കപൂര്‍ പത്മിനിയെ അടക്കിപ്പിടിച്ച് ചുംബിക്കുവാന്‍ ആയുമ്പോള്‍ തിയേറ്ററിലുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ‘ഡോക്ടര്‍ രാമചന്ദ്രാ സൂക്ഷിച്ചോളൂ, ഇപ്പോ കൈ വിട്ട് പോകും’ എന്ന് അട്ടഹസിച്ചു. തിയേറ്ററിനകം ബഹളം കൊണ്ട് മുഖരിതമായി’.
അടുത്ത വര്‍ഷം തന്നെ പത്മിനി വിവാഹിതയായി. അമേരിക്കയിലേക്ക് പോയി. വിവാഹത്തിന് മുന്‍പ് മലയാളത്തില്‍ കുമാരസംഭവം, വിവാഹിത എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ രാജ് കപൂര്‍, അശോക് കുമാര്‍, ദേവാനന്ദ്, ഷമ്മി കപൂര്‍, എം.ജി.ആര്‍. ശിവാജി ഗണേശന്‍, സത്യന്‍, പ്രേം നസീര്‍, മധു തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം 1984 ല്‍ പുറത്തിറങ്ങിയ ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ വീണ്ടും അഭിനയിച്ചിരുന്നു.
1976 ല്‍ പത്മഭൂഷനും, 1981 ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു പുരസ്‌കാരവും രാജ് കപൂറിനെ തേടി വന്നു. 1959 ല്‍ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നടനും സംവിധായകനും രാജ് കപൂറാണ്. സ്വന്തം കമ്പനിയുടെ 19 ചിത്രങ്ങള്‍ നിര്‍മ്മിച്ചു, അഭിനയിച്ച രാജ് കപൂര്‍ മറ്റ് സംവിധായകരുടെ 53 ചിത്രങ്ങളിലും അഭിനയിച്ചു. 1988 ഇന്ത്യന്‍ ചലചിത്ര രംഗത്തെ ഏറ്റവും ഉന്നതമായ പുരസ്‌കാരം ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് വാങ്ങിയ ശേഷം വേദിയില്‍ വെച്ച് തന്നെ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ എത്തിയ രാജ്കപൂര്‍ 1988 ജൂണ്‍ 2 ന് വിട പറഞ്ഞു.
1920 കളില്‍ പൃഥ്വിരാജ് കപൂറില്‍ ആരംഭിച്ച ചലചിത്ര ജീവിതം ഏറ്റവും നാലാം തലമുറയിലെ താരമായ രണ്‍ബീര്‍ കപൂറില്‍ ഇന്ന് എത്തി നില്‍ക്കുന്നു. കപൂര്‍ കുടുംബം ഏതാണ്ട് ഒരു നൂറ്റാണ്ട് സിനിമയില്‍ വ്യാപിച്ചുകിടക്കുന്നു. ‘ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് അല്ലെങ്കില്‍ രാജാന്തര സിനിമാ ചരിത്രത്തില്‍ കപൂര്‍ കുടുംബം അതുല്യമാണ്, ”കപൂര്‍സ്: ദി ഫസ്റ്റ് ഫാമിലി ഓഫ് ഇന്ത്യന്‍ സിനിമ’ എന്ന പുസ്തകത്തില്‍, മധു ജെയിന്‍ എഴുതുന്നു; ”കപൂര്‍ വംശ വൃക്ഷത്തിലെ അഭിനേതാക്കളുടെയും സംവിധായകരുടെയും എണ്ണം കണക്കാക്കാന്‍ നിങ്ങള്‍ക്ക് രണ്ട് സെറ്റ് കൈകളും അതിലധികവും വേണ്ടി വരും. ഒരു സിനിമാ കുടുംബവും കപൂര്‍ കുടുംബത്തിനൊപ്പം പാരമ്പര്യത്തില്‍ കിടനില്‍ക്കാനില്ല. ഇക്കാര്യത്തില്‍ കപൂര്‍ കുടുംബം അമേരിക്കയിലെ കെന്നഡി കുടുംബം പോലെയാണ്, പ്രതിയോഗികളില്ല’, മധു ജെയിന്‍ എഴുതുന്നു. Immortal Indian actor, director and producer Raj Kapoor turns centenary
Content Summary; Immortal Indian actor, director and producer Raj Kapoor turns centenary