അമേരിക്കയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന ബ്രിട്ടീഷ് പൗരന്‍ ഇമ്രാന്‍ അഹമ്മദ്, വന്‍കിട ടെക് കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നവരെ ലക്ഷ്യമിടുന്ന അഹങ്കാരികളും സാമൂഹ്യ വിരോധികളുമാണ് ഈ കമ്പനികളെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവയ്‌ക്കെതിരേ പോരാടുന്ന സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിജിറ്റല്‍ ഹേറ്റ് (സിസിഡിഎച്ച്) ചീഫ് എക്‌സിക്യൂട്ടീവാണ് ഇമ്രാന്‍ അഹമ്മദ്. വാക്‌സിനുകള്‍ക്കെതിരായ തെറ്റായ പ്രചാരണം, വംശീയ വിദ്വേഷം രൂക്ഷമാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ എന്നിവയ്‌ക്കെതിരേ ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട് അദ്ദേഹം.
ഇമ്രാന്‍ അഹമ്മദിന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ അഭിപ്രായങ്ങള്‍ സെന്‍സര്‍ ചെയ്യാനും അടിച്ചമര്‍ത്താനും ടെക് കമ്പനികളെ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ഇദ്ദേഹം ഉള്‍പ്പെടെയുള്ള അഞ്ച് യൂറോപ്യന്‍ പൗരന്മാര്‍ക്കെതിരെ നടപടിയെടുത്തത്.
അമേരിക്കന്‍ പൗരയായ ഭാര്യയോടും മകളോടുമൊപ്പം വാഷിംഗ്ടണ്‍ ഡി.സിയില്‍ നിയമപരമായി താമസിക്കുന്ന ഇമ്രാന്‍ അഹമ്മദ്, ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തോടെ നാടുകടത്തല്‍ ഭീഷണിയിലാണ്. എന്നാല്‍, അദ്ദേഹത്തെ നാടുകടത്താനോ തടങ്കലിലാക്കാനോ ഉള്ള നീക്കം തടഞ്ഞുകൊണ്ട് വ്യാഴാഴ്ച കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സോഷ്യല്‍ മീഡിയ, എ ഐ കമ്പനികള്‍ എന്നിവയുടെ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് താന്‍ ലക്ഷ്യം വയ്ക്കപ്പെടുന്നതെന്നാണ് ഇമ്രാന്‍ അഹമ്മദ് ‘ദി ഗാര്‍ഡിയനോട്‘ പ്രതികരിച്ചത്. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്, മുന്‍പ് ഇമ്രാന്‍ അഹമ്മദിന്റെ സംഘടനയ്‌ക്കെതിരെ നല്‍കിയ കേസ് പരാജയപ്പെട്ടിരുന്നു.
‘ഇത് രാഷ്ട്രീയപരമായ വിഷയമല്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ വാഷിംഗ്ടണിലെ പണസ്വാധീനം ഉപയോഗിച്ച് വ്യവസ്ഥിതിയെ തകര്‍ക്കുകയാണ്.’ അദ്ദേഹം പറഞ്ഞു. മറ്റേതൊരു വ്യവസായത്തേക്കാളും അഹങ്കാരവും അത്യാഗ്രഹവുമാണ് ഈ മേഖലയിലുള്ളവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ യൂറോപ്യന്‍ കമ്മീഷണര്‍ തിയറി ബ്രെട്ടനും വിസ വിലക്ക് നേരിടുന്നവരുടെ പട്ടികയിലുണ്ട്. ‘അമേരിക്കന്‍ മണ്ണില്‍ സെന്‍സര്‍ഷിപ്പിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ല’ എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ സാറാ റോജേഴ്‌സ് വ്യക്തമാക്കിയത്. വെറുപ്പും വ്യാജവാര്‍ത്തകളും തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായാണ് ഈ ഉപരോധങ്ങളെ വിദഗ്ധര്‍ കാണുന്നത്.
തിങ്കളാഴ്ച നടക്കുന്ന കോടതി ഹിയറിംഗില്‍ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന് ഇമ്രാന്‍ അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെയും ഏറ്റവും വലിയ സമ്പന്നനെയും (എലോണ്‍ മസ്‌ക്) നേരിടുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, ഈ നിയമപോരാട്ടങ്ങള്‍ക്കിടയില്‍ ക്രിസ്മസ് ദിനത്തില്‍ തന്റെ പിഞ്ചുകുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.
എക്‌സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്തണമെന്നും ഓരോ പോസ്റ്റും മസ്‌കിന്റെ കീശ വീര്‍പ്പിക്കാനാണ് സഹായിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Content Summary; Imran Ahmed British anti-disinformation campaigner said he faces possible removal from the US
This post was last modified on December 27, 2025 8:19 am
Leave a Comment