March 17, 2025 |
Share on

ബിജെപി മുഖ്യമന്ത്രിയെ സ്തുതിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഹരിയാനയിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കാലുമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് എംഎല്‍എമാരുടെ പുകഴ്ത്തല്‍

ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി പാര്‍ട്ടി എംഎല്‍എമാരുടെ മുഖ്യമന്ത്രി വാഴ്ത്ത്. സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും കാലുമാറ്റ സാധ്യതകള്‍ ഉയര്‍ത്തിയാണ് രണ്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രി നയബ് സിംഗ് സെയ്‌നിയെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ‘ കഠിനാദ്ധ്വാനിയായ മുഖ്യമന്ത്രി, വളരെ നല്ല മുഖ്യമന്ത്രി, ശക്തനായ ഭരണാധികാരി’ എന്നിങ്ങനെയായിരുന്നു വിശേഷണങ്ങള്‍. ഹൃദയത്തില്‍ തൊട്ട് നന്ദിയും മുഖ്യന്ത്രിയോട് പറയുകയാണ്, കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ നരൈന്‍ഗഡില്‍ നിന്നുള്ള ഷാലി ചൗധരിയും, സിര്‍സ പ്രതിനിധിയായ ഗോകുല്‍ സെതിയയും.

ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തി മൂന്നു മാസം മാത്രം പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുഖ്യമന്ത്രി സ്തുതി. കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് കാലു മാറാന്‍ നില്‍ക്കുകയാണെന്ന ഊഹാപോഹം ശക്തമായി തന്നെ നിലനില്‍ക്കുമ്പോഴാണ് രണ്ട് എംഎല്‍എമാര്‍ തന്നെ ബിജെപി മുഖ്യമന്ത്രിയുടെ ആരാധകരായി രംഗത്തെത്തിയിരിക്കുന്നത്.

നന്ദി പ്രകടനത്തിന്റെ ഭാഗമായുള്ള മണ്ഡലങ്ങളിലൂടെയുള്ള യാത്ര നരൈന്‍ഗഡിലും സിര്‍സയിലും എത്തിയപ്പോഴായിരുന്നു സെയ്‌നിയെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുകഴ്ത്തിയത്. മണ്ഡലങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സാമ്പത്തിക സഹായ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നന്ദി കൂടിയായിരുന്നു എംഎല്‍എമാരില്‍ നിന്നുണ്ടായത്.

ജനുവരി 20 നാണ്, മുഖ്യമന്ത്രി നരൈന്‍ഗഡില്‍ ഷാലി ചൗധരിയോടൊപ്പം വേദി പങ്കിട്ടത്. സെയ്‌നിയുടെ മുന്‍ മണ്ഡലമാണ് നരൈന്‍ ഗഡ്. നരൈന്‍ ഗഡിന്റെ പുത്രന്‍ എന്നായിരുന്നു സെയ്‌നിയെ, നിലവില്‍ മണ്ഡലത്തിന്റെ പ്രതിനിധിയായ ഷാലി ചൗധരി വിശേഷിപ്പിച്ചത്. ‘നമുക്ക് കഠിനാധ്വാനിയായ ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹം ഇവിടെ നിന്ന് വന്നതാണ് എന്നത് നമ്മുടെ ഭാഗ്യമാണ്. നരൈന്‍ഗഡ് മാത്രമല്ല, സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയാണ്. രാഷ്ട്രീയമായും വികസനപരമായും നമ്മുടെ മണ്ഡലം പിന്നിലായിരുന്നു. രാഷ്ട്രീയമായ പോരായ്മ പരിഹരിച്ചത് അദ്ദേഹം(സൈനി) ഇവിടെ നിന്ന് പ്രതിനിധിയായപ്പോഴാണ്. ഇപ്പോള്‍
വികസനവുമായി ബന്ധപ്പെട്ട്, ഞങ്ങളുടെ മറ്റ് ആവശ്യങ്ങള്‍കൂടി നിറവേറ്റാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ വനിത എംഎല്‍എയുടെ വാക്കുകള്‍. മറ്റ് ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ഊ പുകഴ്ത്തല്‍.

സിര്‍സയില്‍ എത്തിയ മുഖ്യമന്ത്രിയെ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഗോകുല്‍ സെതിയ വലിയ വായില്‍ പുകഴ്ത്തുകയാണ്. വിമാനത്താവളത്തിന് പുറത്ത് മൂന്ന് മിനിട്ടോളം തന്നെ കാത്തു നിന്ന മുഖ്യമന്ത്രിയുടെ മനസിനെയാണ് സെതിയ സ്തുതിക്കുന്നത്. തനിക്ക് കിട്ടിയ ബഹുമതിയായാണ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിക്കുന്നത്. ഇതുവരെ തന്നോട് ഇത്രയും ബഹുമാനം ആരും കാണിച്ചിട്ടില്ലെന്നും സെതിയ പറയുന്നുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുഖ്യമന്ത്രി വാഴ്ത്തുകള്‍ വേറെ അര്‍ത്ഥത്തില്‍ കാണേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ളവര്‍ പറയുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനോട് എംഎല്‍എമാര്‍ കാണിക്കുന്ന മാന്യത മാത്രമായി കണ്ടാല്‍ മതിയെന്നും, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കരുതേണ്ടതില്ലെന്നും നേതൃത്വം പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും പറഞ്ഞു വയ്ക്കുന്നുണ്ട്.  In Haryana two congress mla’s praising- he bjp chief minister has put the party in crisis.

Content Summary; In Haryana two congress mla’s praising- he bjp chief minister has put the party in crisis.

 

×