സഹോദരിയുടെ ഭർതൃമാതാവിനെ ലഹരി കേസിൽ കുടുക്കാൻ മാത്രം ലിവിയയെ പ്രകോപിപ്പിച്ചതെന്ത്? തനിക്ക് നേരിട്ട അപമാനത്തിന്റെ പ്രതികാരം എന്നാണ് 23കാരി പൊലീസിനോട് പറയുന്നത്. ഒറ്റബുദ്ധിയിൽ തോന്നിയ പകവീട്ടൽ ആണെന്ന് ലിവിയ പറയുമ്പോൾ, ആ പെൺകുട്ടിയെ അതിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്.
ചാലക്കുടി വ്യാജ ലഹരി കേസിൽ ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെ ഇക്കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ബെംഗളൂരിൽ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമർശങ്ങൾ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതിൽ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകൾ ബാഗിൽ വെച്ച് കള്ളക്കേസിൽ കുടുക്കിയതെന്ന് ലിവിയ മൊഴിയിൽ പറയുന്നു.
എന്നാൽ ലിവിയ നൽകിയ മൊഴി നിഷേധിക്കുകയാണ് ഷീല സണ്ണി. ലിവിയ നൽകിയ മൊഴി തെറ്റാണെന്നും ഒരിക്കലും സ്വഭാവദൂഷ്യമുള്ള ഒരു വ്യക്തിയായി ലിവിയയെ ചിത്രീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും ഷീല സണ്ണി അഴിമുഖത്തോട് പ്രതികരിച്ചു. എന്നാൽ അന്നും ഇന്നും ലിവിയയുടെ ജീവിതരീതിയെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നതായി ഷീല സണ്ണി ആവർത്തിച്ച് പറയുന്നു.
ആരാണ് ലിവിയ
ഷീല സണ്ണിയുടെ മരുമകളുടെ അനിയത്തിയാണ് ലിവിയ. ഒരു ഇടത്തരം കുടുബത്തിലെ രണ്ട് പെൺമക്കളിൽ ഇളയവൾ. അച്ഛനും അമ്മയും ദിവസവേതനത്തിലാണ് ജോലി ചെയ്തിരുന്നത്. ചേച്ചിയുടെ വിവാഹത്തിന് ഒരു വർഷം മുമ്പാണ് ലിവിയ തന്റെ പഠനാവശ്യങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിലേക്ക് തിരിക്കുന്നത്. പണം കണ്ടെത്താനായി മോഡലിംഗ് ചെയ്തിരുന്നു. പഠനാവശ്യങ്ങൾക്ക് ലിവിയയ്ക്ക് പണം നൽകി സഹായിച്ചിരുന്നത് നാരായണദാസാണ്. ലിവിയയുടെ ബാംഗ്ലൂരിലേക്കുള്ള കൂടുമാറ്റത്തിന് ശേഷമാണ് നാട്ടിലെ വീട് മോടി പിടിപ്പിച്ചതും സൗകര്യങ്ങൾ വർദ്ധിപ്പിച്ചതും. തന്നേക്കാൾ അഞ്ച് വയസിന് മൂത്ത ചേച്ചിയ്ക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകിയിരുന്നത് ലിവിയയാണ്. ബന്ധുക്കളുമായി ലിവിയയുടെ കുടംബത്തിനും അടുപ്പമില്ല. തനിക്ക് അടുപ്പമുള്ളവരോട് നന്നായി പെരുമാറുന്ന പ്രകൃതമായിരുന്നു ലിവിയയുടേത്. അതുപ്രകാരം ആദ്യം ഷീല സണ്ണിയോടും വളരെ സ്നേഹത്തിലാണ് ലിവിയ ഇടപെട്ടിരുന്നത്. എന്നാൽ തന്റെ ജീവിതരീതിയെക്കുറിച്ച് ഷീല സണ്ണി സംശയം പ്രകടിപ്പിച്ചതാണ് ലിവിയയെ പ്രകോപിതയാക്കിയത്. പഠനത്തിൽ അത്ര മികവ് പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നില്ല ലിവിയ. പത്താം തരം രണ്ട് തവണ എഴുതിയാണ് പാസാവുന്നത്. എന്നാൽ അതിന് ശേഷം തന്റെ വഴി തിരഞ്ഞെടുത്ത് ബാംഗ്ലൂരിലേക്ക് പഠനത്തിനായി പോവുകയായിരുന്നു. വീട്ടിലെ സാമ്പത്തികപരമായ ചുറ്റുപാടുകളെക്കുറിച്ച് പരിഹാസവും കുറ്റപ്പെടുത്തലും കേട്ട് വളർന്ന ഒരു ബാല്യമായിരുന്നു ലിവിയയുടേത്. അവിടെ നിന്നാണ് സ്വയം അധ്വാനിക്കാനും ജീവിതം പച്ചപ്പിടിപ്പിക്കാനും അവൾക്ക് ധൈര്യം വന്നത്.
ഷീല തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ് , ബാംഗ്ലൂരിൽ മോഡലിംഗ് ചെയ്യുന്നുവെന്ന വിവരം മാത്രമാണ് ലിവിയയുടെ കുടുംബത്തിനെന്ന പോലെ ലിവിയയെക്കുറിച്ച് എനിക്കും അറിയാവുന്ന കാര്യം. ഇപ്പോൾ 23 വയസ് മാത്രമാണ് ലിവിയയുടെ പ്രായം. ലിവിയയെക്കുറിച്ച് പൊതുവേ കുടുംബത്തിനുള്ളിലും പുറത്തും അത്ര നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. ബന്ധുക്കളോടും കൂടുതലായി ഇടപെടാത്ത പ്രകൃതം. ലിവിയ എവിടെയാണ് താമസിച്ചിരുന്നത് എന്നതടക്കമുള്ള വിവരങ്ങൾ കുടുംബത്തിലുള്ളവരോട് പോലും പങ്കുവച്ചിരുന്നില്ല. മകന്റെ വിവാഹത്തിന് ശേഷം മരുമകളുടെ ബന്ധു വീട്ടിൽ ഒരു പരിപാടിയ്ക്ക് ഞാനും പോയിരുന്നു. അന്ന് ബന്ധുക്കളിലൊരാൾ ലിവിയയുടെ ബാംഗ്ലൂർ ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കാൻ ഇവർ പദ്ധതിയിടുകയും ചെയ്തിരുന്നു. ഇടത്തരം കുടുംബമാണ് ലിവിയയുടേത് അതാണ് ലിവിയയെ പലപ്പോഴും ചുറ്റുമുള്ളവർ സംശയത്തിന്റെ മുനയിൽ നിർത്താനുണ്ടായ കാരണം. വെറും 21 വയസ് മാത്രമുള്ള പെൺകുട്ടി ചേച്ചിയുടെ വിവാഹം മുന്നിൽ നിന്ന് നടത്തിയതും സാമ്പത്തികമായി കുടുംബത്തെ സഹായിച്ചതുമെല്ലാം അവൾക്ക് മേലുള്ള ആരോപണങ്ങളും സംശയങ്ങളും ശക്തിപ്പെടുത്തി. ബാംഗ്ലൂർ പഠിച്ചിരുന്ന ലിവിയ ആഴ്ചയിൽ രണ്ട് തവണ വച്ച് വീട്ടിൽ വന്നു പോയിരുന്നു. ഫ്ലൈറ്റ് യാത്രകളാണ് നടത്തിയിരുന്നത്. വീട്ടുകാരുടെ പല ആവശ്യങ്ങളും നടത്തിയിരുന്നത് ലിവിയ ആണ്. വീട്ടിലേക്ക് വിലപിടിപ്പുള്ള ഫർണീച്ചറുകൾ വാങ്ങിയത് ഒരിക്കൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്യാൻ ചെറുതിലേ പ്രാപ്തയായ ഒരു പെൺകുട്ടിയാണ് ലിവിയ. വളരെ ബോൾഡായ ഒരു പെൺകുട്ടി. വിവാഹ സമയത്തെ കാര്യങ്ങളെല്ലാം മുന്നിൽ നിന്ന് നോക്കി നടത്തിയിരുന്നത് അവളായിരുന്നു. ബന്ധുക്കളോട് സഹകരിക്കാനോ ഇടപെടാനോ നിൽക്കാത്തതിന് ലിവിയയ്ക്ക് വ്യക്തമായ കാരണവുമുണ്ട്.
ഷീല സണ്ണി ഉയർത്തുന്ന ഇത്തരം ആരോപണങ്ങളാകാം ലിവിയയെ പ്രകോപിപ്പിച്ചതെന്നാണ് സംശയം. തന്റെ ജീവിതം വഴിവിട്ടി രീതിയിലാണെന്ന തരത്തിൽ ഉയർന്ന ആക്ഷേപങ്ങൾ ആ പെൺകുട്ടിയുടെ ഉള്ളിൽ പക വളർത്തുകയും അത് ഷീല സണ്ണിയോട് പ്രതികാരത്തിലേക്ക് എത്തുകയും ചെയ്തു. നാരായണദാസ് എന്ന ആൺസുഹൃത്തിന്റെ സഹായത്തിലാണ് ഷീലയെ കുടുക്കാനുള്ള പദ്ധതികൾ നടപ്പാക്കിയതെങ്കിലും, ഇത്തരമൊരു ചതി പ്രയോഗം ലിവിയയുടെ മനസിലാണ് ഉരുത്തിരിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. തന്റെ മനസിലെ പദ്ധതി നാരായണദാസിനോട് പങ്കുവച്ചപ്പോൾ അയാളത് നടപ്പിലാക്കി.
തന്നെ മോശക്കാരിയാക്കിതുപോലെ ഷീലയുടെ പേരും മോശമാകണമെന്നാണ് ലിവിയ ആഗ്രഹിച്ചത്. ലഹരിക്കേസിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയായി ഷീലയെ സമൂഹത്തിന് മുന്നിൽ നിർത്തുക. ആ ലക്ഷ്യം ഒരർത്ഥത്തിൽ ലിവിയ നേടി. എന്നാൽ ഷീല സണ്ണിയെന്ന സ്ത്രീ തോറ്റു കൊടുക്കാൻ തയ്യാറാകാതെ പൊരുതിയപ്പോൾ ലിവിയയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.
content summary: In the Chalakkudy fake drug case, the prime suspect Liviya was provoked by the accusations against her