രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനികളിലൊന്നാണ് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. ഇന്ത്യയില്‍ നിന്നുള്ള ബഹുരാഷ്ട്ര കമ്പനി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനി, ഏറ്റവും വലിയ സ്വകാര്യ വൈദ്യുതോത്പ്പാദന കമ്പനി; കല്‍ക്കരി, സോളാര്‍ മേഖലകളിലും ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് അദാനി ഗ്രൂപ്പ്. കല്‍ക്കരി ഖനനം, കല്‍ക്കരി വ്യാപാരം, എണ്ണ, വാതക പര്യവേഷണം, വാതക വിതരണം, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ച്വറിംഗ്, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ് – ഇങ്ങനെ വിവിധ മേഖലകളിലാണ് അദാനി ഗ്രൂപ്പ് കൈവച്ചിരിക്കുന്നത്. 28-ഓളം രാജ്യങ്ങളുമായി വ്യാപാര ബന്ധം. 2014 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അദാനി ഗ്രൂപ്പിന്റെ കമ്പോള മൂല്യം കുത്തനെ ഉയര്‍ന്നു. 2015ലെ കണക്ക് പ്രകാരം 19 ബില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 1.21 ലക്ഷം കോടി) ആസ്തിയാണ് അദാനിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് ഗൗതം അദാനി.
മൂന്ന് വര്‍ഷം മുമ്പ് പണ തട്ടിപ്പ് കേസില്‍ അദാനി ഗ്രൂപ്പിന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 2014 മേയ് 15നായിരുന്നു ഇത്. ആദ്യ രണ്ട് നോട്ടീസുകളും ഈ ദിവസമാണ് നല്‍കിയത്. അതായത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തലേ ദിവസം. അധികാരം മോദിയും ബിജെപിയും നേടിയതായ വിവരം പുറത്തുവരുന്നതിന്റെ തലേ ദിവസം. വിദേശത്ത് നിന്ന് ഊര്‍ജ്ജോപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു നോട്ടീസ്. മൂന്നാമത്തെ നോട്ടീസ് 2016ല്‍. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളിലേയ്ക്കും ട്രസ്റ്റുകളിലേയ്ക്കും ദുബായിലെ ഒരു കമ്പനിക്കും പണം കൈമാറിയതായി ഡിആര്‍ഐ ആരോപിച്ചു. 4000 കോടി രൂപ വിദേശത്തേയ്ക്ക് കടത്തിയതായി ഡിആര്‍ഐ ആരോപിക്കുന്നു.
2014 മുതല്‍ രാജ്യത്തെ ഊര്‍ജ്ജവിതരണ, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാല്‍പ്പതോളം സ്വകാര്യ കമ്പനികള്‍ 29,000 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്. കമ്പനികളില്‍ ആറെണ്ണം അദാനി ഗ്രൂപ്പിന്റേതാണ് – അദാനി എന്റര്‍പ്രസസ് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ്, വ്യോം ട്രേഡ് ലിങ്ക് എന്നിവ. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലൈന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റോസ പവര്‍ സപ്ലൈ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട കമ്പനികള്‍, മുന്‍ ഐസിസി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡ്, തുടങ്ങിയവ പട്ടികയിലുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസ് – 1
http://www.theafiles.in/uploads/PMC.pdf
2011 മുതല്‍ 2013 വരെ മഹാരാഷ്ട്ര, രാജസ്ഥാന്‍ പ്ലാന്റുകള്‍ക്കായുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ 39000 കോടി രൂപയ്ക്ക് മുകളില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദ്യ കാരണം കാണിക്കല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഉപകരണങ്ങളുടെ ഇറക്കുതിക്കായി (ബോയ്‌ലറുകള്‍, ടര്‍ബനുകള്‍, ജനറേറ്ററുകള്‍ എന്നിവയടക്കം) മഹാരാഷ്ട്ര പ്ലാന്റ് 3,469 കോടി രൂപയും രാജസ്ഥാന്‍ പ്ലാന്റ് 7,161 കോടി രൂപയും ചിലവാക്കിയതായാണ് കണക്ക്. ദുബായ് ആസ്ഥാനമായ ഇലക്ട്രോജന്‍ ഇന്‍ഫ്ര എഫ്ഇസഡ്ഇ എന്ന കമ്പനിയില്‍ നിന്നാണ് ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് ഇലക്ട്രിക് കോര്‍പ്പറേഷനും ബ്രിട്ടനിലേയും അമേരിക്കയിലേയും ചില കമ്പനികളുമാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം അദാനി ഗ്രൂപ്പിന്റെ ഓഡര്‍ പോയിരിക്കുന്നത് ഇലക്ട്രോജെന് ആണെങ്കിലും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് അയച്ചുകൊടുത്തിരിക്കുന്നത് ഷാങ്ഹായ് കോര്‍പ്പറേഷന്‍ അടക്കമുള്ള യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ തന്നെ.
ദുബായില്‍ ഇന്ത്യന്‍ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇലക്ട്രോജെന്‍ നടത്തിയ ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിക്കുകയും ബാങ്കുകളോട് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 1557 കോടി രൂപയും 3187 കോടി രൂപയുമാണ് ഇടപാടുകള്‍ക്കായി ഇലക്ട്രോജൈന്‍ ചിലവാക്കിയത്. അധിക തുക, ഇടപാടില്‍ ഇടനില വഹിച്ച ഇലക്ട്രോജെന് കിട്ടിയ ലാഭമാണെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ട്. ഈ ഉപകരണങ്ങള്‍ ഇലക്ട്രോജെന്‍ കണ്ടിട്ടുപോലുമില്ല. 2011-13 കാലത്ത് 899.8 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 5750 കോടി രൂപ) ഇലക്ട്രോജെന്‍, മൗറീഷ്യസിലെ തങ്ങളുടെ സഹോദര കമ്പനിയായ ഇലക്ട്രോജെന്‍ ഇന്‍ഫ്ര ഹോള്‍ഡിംഗ് ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ അക്കൗണ്ടില്‍ നിന്നാണ് ഇടപാട് നടത്തിയിരിക്കുന്നത്. 87 ട്രാന്‍സാക്ഷനുകളാണ് ഡിവിഡന്റ്, ലോണ്‍, അഡ്വാന്‍സ് എന്നിങ്ങനെയെല്ലാം പറഞ്ഞ് നടന്നിരിക്കുന്നത്. ഈ ട്രാന്‍സാക്ഷനുകളെക്കുറിച്ച് ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൗറീഷ്യസ് കമ്പനിയുടെ ഉടമസ്ഥര്‍ അസംഖ്യ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഉടമസ്ഥര്‍ ഈഗിള്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് – ഈ കമ്പനി അസംഖ്യ റിസോഴ്‌സസ് ഫാമിലി ട്രസ്റ്റില്‍ നോമിനി ഷെയര്‍ ഹോള്‍ഡറാണ്. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയാണ് ഈ ട്രസ്റ്റിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ട്രസ്റ്റ് ഗുണഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. 2011 മേയ് വരെ ദുബായ് കമ്പനിയുടേയും മൗറീഷ്യസ് കമ്പനിയുടേയും ഉടമ വിനോദ് അദാനി ആയിരുന്നു. ഉപകരണങ്ങള്‍ വാങ്ങാനുള്ള ഓഡര്‍ ഇതിനകം നല്‍കിയിരുന്നു. ദുബായ് ഇലക്ട്രോജന്റെ ഡയറക്ടര്‍ ജതിന്‍ ഷാ ഏട്ട് വര്‍ഷത്തോളം അദാനി ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. അദാനി പവര്‍ ജനറല്‍ മാനേജരായിരിക്കെ 2009 ഓഗസ്റ്റില്‍ കമ്പനി വിട്ട ജതിന്‍ ഷാ രണ്ട് മാസത്തിനകം ഇലക്ട്രോജെനില്‍ ചേര്‍ന്നു. 2009 ജൂലായില്‍ മറ്റൊരു പേരിലാണ് ദുബായ് കമ്പനി തുടങ്ങിയത്. മറ്റൊരു ഡയറക്ടര്‍ മൊറേശ്വര്‍ വി റബാദെയും അദാനി പവറിലെ ജീവനക്കാരനായിരുന്നു. അദാനി പവറില്‍ ജോലി ചെയ്യവേ മഹാരാഷ്ട്ര പ്ലാന്റിനായി ഇലക്ട്രോജെന്നുമായി കരാര്‍ ഒപ്പ് വയ്ക്കുന്നത് റബാദെ ആണ്. അതായത്, അദാനി ഗ്രൂപ്പിന്റെ മറ്റൊരു സൃഷ്ടിയാണ് ഇലക്ട്രോജെന്‍ എന്ന കമ്പനി. നേരിട്ട് വാങ്ങാവുന്ന ഉപകരണങ്ങള്‍ 220 ശതമാനം അധികം പണം ചിലവാക്കി ഒരു കമ്പനിയും വാങ്ങില്ല.
എസ്സാര്‍ ഗ്രൂപ്പിനുള്ള കാരണം കാണിക്കല്‍ നോട്ടീസ്:
2012-13 കാലത്ത് യൂറോപ്പില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ക്കായി ബീജിംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനി എപിഎല്‍ എക്‌സിമിന് 244 മില്യണ്‍ ഡോളര്‍ (1559 കോടി രൂപ) ഇലക്ട്രോജന്‍ നല്‍കിയതായി ഡിആര്‍ഐ പറയുന്നു. APL (Beijing) Exim എന്ന കമ്പനിയുടെ ലീഗല്‍ റെപ്രസന്റേറ്റീവ് ആയി രണ്ട് ട്രേഡ് വെബ്‌സൈറ്റുകളില്‍ കാണുന്നത് എംവി റബാദെ എന്ന പേരാണ്. ഈ എംവി റബാദെ തന്നെയാണോ അദാനി പവര്‍ വിട്ട് ഇലക്ട്രോജെനില്‍ ജോയിന്‍ ചെയ്ത മൊറേശ്വര്‍ വി റബാദെ. അദാനി ഗ്ലോബലിന്റെ ചൈനയിലെ ചീഫ് റെപ്രസന്റേറ്റീവ് ആണ് എംവി റബാദെ എന്നാണ് ബീജിംഗിലെ ഇന്ത്യന്‍ എംബസിയുടെ വെസൈറ്റില്‍ പറയുന്നത്. വിദേശ വിനിമയ നിരക്ക് പ്രകാരം ചൈനീസ് കമ്പനിക്ക് കൊടുത്തിരിക്കുന്ന പണം 1,078 കോടി രൂപയാണെന്നാണ് ഡിആര്‍ഐയുടെ കണക്ക്.
അദാനി ഗ്രൂപ്പ് 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് അദാനി നടത്തിയതായും കേന്ദ്ര സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്തതായും എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളേയും ലേഖനങ്ങളേയും തുടര്‍ന്ന് അദാനി ഗ്രൂപ്പ്, മാനനഷ്ട കേസുമായി ബന്ധപ്പെട്ട് വീക്കിലിക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് എഡിറ്റര്‍ പരന്‍ജോയ് ഗുഹ തകൂര്‍ത്ത എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22ന് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് അഡ്ജുഡിക്കേഷന്‍ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അദാനി ഗ്രൂപ്പിന്റെ ഈ വന്‍ തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഡിആര്‍ഐ വിവരം നല്‍കിയിട്ടുണ്ട്. അഡ്ജുഡിക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ കെവിഎസ് സിംഗ് അദാനി ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കാരണം കാണിക്കല്‍ നോട്ടീസുകള്‍ തള്ളിക്കളഞ്ഞു.
കസ്റ്റംസ് ആക്ട് സെക്ഷന്‍ 14ന്റെ വ്യക്തമായ ലംഘനം (ഇറക്കുമതി സംബന്ധിച്ച് തെറ്റായ കണക്കുകള്‍ നല്‍കല്‍) ഇടപാടില്‍ കാണാം. ഏതാണ്ട് 3571 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ഉപകരണങ്ങളുടെ തുകയടക്കം വൈദ്യുതി നിരക്കായി പൊതുജനങ്ങളില്‍ നിന്ന് തന്നെ ഈ പണം ഈടാക്കുന്നു. ഡിആര്‍ഐയുടെ ആരോപണം ശരിയാണെങ്കില്‍ അതിനര്‍ത്ഥം മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും ജനങ്ങളില്‍ നിന്ന് അവര്‍ പോലും അറിയാതെ അദാനി കുടുംബം 3500 കോടി രൂപ ഈടാക്കിയിട്ടുണ്ട് എന്നാണ്. ഇതിന് പുറമെയാണ് പവര്‍ ട്രാന്‍സ്മിഷന്‍ ഉപകരണങ്ങളുടെ ഇറക്കുമതിയുടെ പേരിലുള്ള 1500 കോടി രൂപയുടെ തട്ടിപ്പ്. മൊത്തം 5000 കോടി രൂപയുടെ അഴിമതി.