July 17, 2026 |
Share on

അജ്മീർ ദർഗയിൽ ബോംബെറിഞ്ഞ് മൂന്നു പേരെ കൊന്നയാൾ ജാമ്യത്തിലിറങ്ങിയപ്പോൾ ബിജെപിയുടെ വൻ സ്വീകരണം

അജ്മീർ ദർഗയിൽ ഇയാളും കൂട്ടാളിയും ചേർന്ന നടത്തിയ സ്ഫോടനത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.

2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ കുറ്റം തെളിയിക്കപ്പെട്ട് ജീവപര്യന്തം ജയിലിൽ കഴിയുന്ന രണ്ടു പേരിലൊരാൾ ജാമ്യം കിട്ടി വീട്ടിൽ തിരിച്ചെത്തിയത് വീരപരിവേഷത്തോടെ. ബിജെപിയുടെയും വിഎച്ച്പിയുടെയും നേതാക്കളുടെ സാന്നിധ്യത്തില്‍ പാർട്ടി അണികളുടെ ഒരു വലിയ സ്വീകരണമാണ് ജാമ്യത്തിലിറങ്ങിയ ഭാവേഷ് പട്ടേല്‍ എന്നയാൾക്ക് ലഭിച്ചത്. 40കാരനായ ഭാവേഷ് പട്ടേലും 42കാരനായ ദേവേന്ദ്ര ഗുപ്തയും കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.

സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഇവർ ശിക്ഷിക്കപ്പെട്ടത് എന്ന വാദം പരിഗണിച്ചാണ് ഇരുവർക്കും ജാമ്യം കിട്ടിയത്. ഭാവേഷ് കുമാറിനെ വരവേൽക്കാൻ പ്രാദേശിക പാർട്ടി പ്രവർത്തകർ ഗുജറാത്തിലെ ബറൂച്ചിലുള്ള വീടിനു മുന്നിൽ കാത്തു നിൽപ്പുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ എടുത്തു പൊക്കി ആഹ്ലാദം പ്രകടിപ്പിക്കുകയും ഹാരങ്ങളണിയിക്കുകയും ചെയ്തു.

ഇവിടെ നിന്ന് ദാദിയാ ബസാറിലുള്ള സ്വാമി നാരായൺ ക്ഷേത്രത്തിലേക്കാണ് ഭാവേഷ് പട്ടേലിനെ കൊണ്ടുപോയത്. ഇവിടെ നിന്ന് എഴുന്നള്ളിപ്പായി വീട്ടിലേക്ക് നീങ്ങി. ബിജെപി, വിഎച്ച്പി അണികൾ പൂക്കൾ എറിയുകയും പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്തു.

അജ്മീർ ദർഗയിൽ ഇയാളും കൂട്ടാളിയും ചേർന്ന നടത്തിയ സ്ഫോടനത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബറൂച്ച് മുനിസിപ്പാലിറ്റി പ്രസിഡണ്ട് സുർഭിബെൻ തംകുവാല, കൗൺസിലറായ അതോദാരിയ, വിഎച്ച്പിയുടെ വിരാൽ ദേശായ്, ആർഎസ്എസ് നേതാക്കൾ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഭാവേഷ് പട്ടേലും ദേവേന്ദ്ര ഗുപ്തയും ആർഎസ്എസ് പ്രവർത്തകരായിരിക്കവെയാണ് സ്ഫോടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×