മടയില്‍ ചെന്ന് തന്നെ വീഴത്തുക,അതും ആധികാരികമായി. പെര്‍ത്ത് എന്ന ഓസീസ് ബോളര്‍മാരുടെ സ്വന്തം ഗ്രൗണ്ടില്‍ ഇന്ത്യ ഒന്നാം ടെസ്റ്റ് ജയിക്കുമ്പോള്‍ അതിന് മൂല്യമേറെയുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാണിക്കുകയും, എതിരാളികളെ ഒരുതരത്തിലും തലപൊക്കാന്‍ അനുവദിക്കാതെയുമായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ബുംറയ്ക്ക് എന്നും ഓര്‍ത്തുവയ്ക്കാന്‍ ഒരു വിജയം, അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബുറയെ ഒരിക്കലും മറക്കാതിരിക്കാനുള്ള വിജയം. ഇതൊരു ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയമെന്നല്ല പറഞ്ഞത്, ടീം ഇന്ത്യയുടെ കരുത്ത് തന്നെയാണ് കണ്ടത്. യശസ്വി ജയ്‌സ്വാള്‍ എന്ന കൊടുങ്കാറ്റിനും, കോഹ് ലി എന്ന രാജാവിനും രാഹുല്‍ എന്ന നങ്കൂരത്തിനും ഹര്‍ഷിത് റാണയ്ക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും സിറാജിനും പന്തിനുമെല്ലാം അവകാശമുണ്ട്. എങ്കിലും ജസ്പ്രീത് ബുംറയെന്ന നായകന്‍ തന്നെയാണ് എന്തുകൊണ്ടും മുന്നില്‍ നില്‍ക്കേണ്ടത്.
ഒന്നാം ഇന്നിംഗ്‌സില്‍ വെറും 150 റണ്‍സിന് ഓള്‍ ഔട്ടായ ടീമാണ്. ആദ്യ ഇന്നിംഗിസിലെ പ്രകട
നം കണ്ടപ്പോള്‍, എല്ലാവരും ടെസ്റ്റിന്റെ ജാതകം എഴുതിയിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്തൊരു ക്യാപ്റ്റനും അയാള്‍ക്കൊപ്പം ടീം നിന്നതോടെ മാറ്റിയെഴുതപ്പെട്ടത് ഓസീസ് ജാതകമായിരുന്നു. ബുംറ എന്ന വിനാശകാരിയായ ബൗളര്‍ ഓസീസിനെ ചീന്തിയെറിയുകയായിരുന്നു. കൂട്ടിന് റാണയും സിറാജും. ക്യാപ്റ്റന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തില്‍ ഓസ്‌ട്രേലിയ വെറും 104 റണ്‍സിന് തകര്‍ന്നടിഞ്ഞു.
എന്തുകൊണ്ട് ബുംറ ഒന്നാമനാകുന്നു?
ഇനിയായിരുന്നു, യുവരാജാവിന്റെയും പിന്നാലെ സാക്ഷാല്‍ രാജാവിന്റെയും പോര്‍ വീര്യം ഓസ്‌ട്രേലിയ കണ്ടത്. തീതുപ്പുന്ന സ്റ്റാര്‍ക്കും മാര്‍ഷും കമ്മിന്‍സുമെല്ലാം നിരന്നു വന്നിട്ടും അടിച്ചിടാന്‍ പാകത്തില്‍ ബാറ്റുമായി നില്‍ക്കുകയായിരുന്നു യശസ്വി ജയ്‌സാള്‍. ഒരു വശത്ത് യശ്വസി അക്രമം അഴിച്ചു വിട്ടപ്പോള്‍ അപ്പുറത്ത് എല്ലാവിധ പിന്തുണയും നല്‍കി നങ്കൂരമിട്ട് നില്‍ക്കുകയായിരുന്നു രാഹുല്‍. ഇന്ത്യന്‍ ഓപ്പണ്‍മാരെ തൊടാന്‍ കിട്ടിയില്ല ഓസീസിന്. 77റണ്‍സിന് രാഹുല്‍ പുറത്താകുമ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 201 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു ഇന്ത്യ. കുറച്ചു കാലമായി തലതാഴ്ത്തി നില്‍ക്കേണ്ടി വന്നിരുന്ന വിരാട് കോഹ്‌ലിയെന്ന ഇതിഹാസ താരത്തിന്റെതായിരുന്നു അടുത്ത ഊഴം. കോഹ് ലിയും അതിലേറെ ആരാധകകും കാത്തിരുന്ന ബാറ്റിംഗിന് പെര്‍ത്ത് സാക്ഷ്യം വഹിച്ചു. അപരാജിതമായൊരു സെഞ്ച്വറി. 161 അടിച്ച യശസ്വിയുടെയും 100 എടുത്ത കോഹ്‌ലിയുടെയും മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗിസ് ഡിക്ലയര്‍ ചെയ്തത് 487 റണ്‍സിന്. 533 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസിന് മുന്നില്‍ വച്ചപ്പോഴെ കളിയുടെ ഗതി എന്താകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
ഇന്ത്യ നടത്തിയതുപോലെ തിരിച്ചടിക്ക് കെല്‍പ്പുള്ളവരായിരുന്നു ഇപ്പുറത്തും. അതറിയാവുന്നതുകൊണ്ട് തന്നെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടായിരുന്നു ഇന്ത്യയിറങ്ങിയത്. ബുംറയോളം അപകടകാരിയായ ഒരു ബൗളര്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് ആര്‍ക്ക് മനസിലായില്ലെങ്കിലും ഓസ്‌ട്രേലിയക്കാര്‍ക്ക് മനസിലായിട്ടുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ നിര്‍ത്തിയിടത്ത് നിന്ന് തന്നെയാണ് അയാള്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. ഓസീസ് ബാറ്റര്‍മാര്‍ക്ക് ആയുധം വച്ച് കീഴടങ്ങാനല്ലാതെ മറ്റൊന്നിനും ആകുമായിരുന്നില്ല. ട്രാവിസ് ഹെഡ് പൊരുതി നോക്കി. കൂട്ടിന് മാര്‍ഷും, പക്ഷേ ജയിക്കാന്‍ ഉറച്ചായിരുന്നു ഇന്ത്യ കളിച്ചത്. ഹെഡിന്റെ 89 ഉം മാര്‍ഷിന്റെ 47 ഉം കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ നോക്കിയത് അലക്‌സ് കാരിയായിരുന്നു. പക്ഷേ കാരിയെടുത്ത 36 റണ്‍സ് ഒന്നിനും തികയില്ലായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും കിട്ടാതിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്ത് പരിഹാരം ചെയ്തു. 72 റണ്‍സിന് എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദ മാച്ച്. എന്തുകൊണ്ടും അര്‍ഹമായ നേട്ടം. India beat australia perth test, lead Border-Gavaskar Trophy
Content Summary; India beat australia perth test, lead Border-Gavaskar Trophy