June 26, 2026 |
Share on

‘ഇന്ത്യ നമ്മളെ മുതലെടുക്കുകയാണ്, പിന്നെന്തിന് അവരെ സഹായിക്കണം?’

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ യുഎസ് ധനസഹായം നല്‍കിയെന്ന വിവാദത്തില്‍ വീണ്ടും ആക്ഷേപങ്ങളുമായി ട്രംപ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ഫണ്ട് അനുവദിച്ചെന്നാരോപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി)ക്കെതിരെ വീണ്ടും വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ട്രംപിന്റെ പുതിയ ആക്ഷേപങ്ങള്‍. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന തീരുവയില്‍ നിന്ന് ഇന്ത്യ ഇപ്പോള്‍ തന്നെ വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. പിന്നെ എന്തിനാണ് യുഎസ് ഇന്ത്യക്ക് സഹായം നല്‍കുന്നതെന്നാണ് പ്രസിഡന്റ് ട്രംപ് ചോദിക്കുന്നത്.

‘ഇന്ത്യയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പതിനെട്ട് മില്യണ്‍ ഡോളര്‍. എന്തിനാണത്? എന്നാണ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ട്രംപ് ചോദിച്ചത്. ഇന്ത്യയെ പോലുള്ള അന്യ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം അമേരിക്ക സ്വന്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നാണ് ട്രംപ് പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തിനുപകരം, തെരഞ്ഞെടുപ്പുകളില്‍ പരമ്പരാഗത പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതിലേക്ക് യുഎസ് മടങ്ങണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിക്കുന്നത്. വോട്ടിംഗ് പ്രക്രിയ ലളിതമാക്കി കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ് ട്രംപിന്റെ ആശയം. പേപ്പര്‍ ബാലറ്റുകളില്‍ കൃത്രിമം കാണിക്കുന്നതിനോ ഹാക്ക് ചെയ്യുന്നതിനോ ഉള്ള സാധ്യത കുറവായിരിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പകരം ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സഹായിക്കാന്‍ പണം കൊടുക്കണതെന്തിനാണെന്നാണ് ചോദ്യം. ഇന്ത്യക്ക് സഹായത്തിന്റെ ആവശ്യമില്ലെന്നും അവരുടെ കൈയില്‍ പണമുണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത്.

എന്നാല്‍, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനെന്ന് ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്ന 18 മില്യണ്‍ ഡോളറിന്റെ ഫണ്ട് ഏതാണെന്ന് വ്യക്തമല്ല. നേരത്തെ ഇലോണ്‍ മസ്‌കിന്റെ ‘ഡോജെ’ പറഞ്ഞിരുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി 21 മില്യണ്‍ ഡോളറിന്റെ യുഎസ്എഐഡി വകയിരുത്തിയിരുന്നു എന്നാണ്. ഈ പൊരുത്തക്കേട് കണക്കുകളുടെ കൃത്യതയെക്കുറിച്ചും ഫണ്ടിംഗിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അവര്‍ നമ്മളെ നന്നായി മുതലെടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ്. നമ്മള്‍ എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ 200 ശതമാനം നികുതിയാണ് അതില്‍ ചുമത്തുന്നത്. എന്നിട്ടും അവരുടെ തിരഞ്ഞെടുപ്പിനെ സഹായിക്കാന്‍ നമ്മള്‍ അവര്‍ക്ക് ധാരാളം പണം നല്‍കുന്നു, ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ട്രംപ് പറയുന്നു.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ ഇവിടെ രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഫണ്ട് വന്നുവെന്ന ആരോപണമാണ് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലുള്ള പോരിന് കാരണമായിരിക്കുന്നത്. ട്രംപിന്റെ വാദങ്ങളോട് പ്രതികരിച്ച് ശനിയാഴ്ച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സംസാരിച്ചിരുന്നു. ട്രംപ് ഭരണകൂടം പങ്കുവച്ച ചില വിവരങ്ങള്‍ ആശങ്കാജനകമാണ്. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ അത് പരിശോധിക്കേണ്ടതും വസ്തുതകള്‍ പുറത്തുവരേണ്ടതും ആവശ്യമാണ്. യുഎസ്എയ്ഡ് ഇന്ത്യയില്‍ അനുവദിച്ചത് നല്ല ഉദ്ദേശത്തോടെയും, വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമാണ്. ഇപ്പോള്‍, അമേരിക്കയില്‍ നിന്ന് ഉണ്ടായിരിക്കുന്നത് മോശം വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണെന്നാണ് പരാതികള്‍ വരുന്നത്. ഇത് ആശങ്കാജനകമാണ്. ഇതില്‍ കാര്യമുണ്ടെങ്കില്‍, ആരാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് രാജ്യം അറിയണം എന്നാണ് ജയശങ്കര്‍ പറഞ്ഞത്.

യുഎസ് എയ്ഡ് പോലുള്ള വികസന ഏജന്‍സികളില്‍ നിന്നും ഇന്ത്യയില്‍ ലഭിച്ച ഫണ്ടുകളെ കുറിച്ച് ധവളപത്രം ഇറക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  India benefits from high tariffs imposed on American goods, Donald Trump alleged 

Content Summary; India benefits from high tariffs imposed on American goods, Donald Trump alleged

Leave a Reply

Your email address will not be published. Required fields are marked *

×