‘ലോകത്തിന് മുന്നില്‍ മുഖം മറച്ച് ഇരിക്കേണ്ടി വരുന്നു’ ഇങ്ങനെ പറയേണ്ടി വരിക വലിയ ഗതികേടാണ്. എന്നാല്‍ ഇത് പറയുന്നത് ഒരു മന്ത്രി ആണെങ്കിലോ? അതേ രാജ്യത്തെ വാഹനാപകടങ്ങളില്‍ ആശങ്ക പങ്കുവച്ച് സംസാരിക്കുന്നതിനിടെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകളാണിത്.India hides face in front of the world
റോഡപകടങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിങ്ങുകളില്‍ താന്‍ മുഖം മറിച്ചാണ് ഇരിക്കാറെന്ന് ഗഡ്ഗരി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറയുകയായിരുന്നു. ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോള്‍ റോഡപകടങ്ങളില്‍ 50 ശതമാനം കുറയ്ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടത്. അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്ന കാര്യം താന്‍ സമ്മതിക്കുന്നതായും ഗഡ്കരി പറഞ്ഞു. കൂടാതെ മുംബൈയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് തന്റെ വാഹനത്തിന് രണ്ട് തവണ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് അമിത വേഗമല്ല. മനുഷ്യരുടെ പെരുമാറ്റത്തിലാണ് മാറ്റം ഉണ്ടാകേണ്ടത്. നിയമം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും കുടുംബവും ഒരു വലിയ അപകടത്തില്‍ പെട്ടതായും ഏറെക്കാലം ആശുപത്രിയില്‍ കിടക്കേണ്ടി വന്ന അനുഭവവും മന്ത്രി പങ്കുവച്ചു. കൂടാതെ റോഡില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് പ്രധാനകാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ റോഡപകടങ്ങളെ കുറിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ തന്റെ ആശങ്കകള്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകമാണ് പാലക്കാട് പനയമ്പാടത്തെ അപകടം ഉണ്ടായത്. റോഡപകടങ്ങളുടെ ഭീകരാവസ്ഥയും മന്ത്രി എന്ന നിലയിലുള്ള നിസ്സഹായാവസ്ഥയും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നു.
രാജ്യത്ത് പ്രതിവര്‍ഷം 1.78 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. മരിക്കുന്നവരില്‍ 60 ശതമാനവും 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളെ രാജ്യം അതീവ ഗൗരവത്തോടെ വിലയിരുത്തേണ്ട വിഷയമാണെന്നും റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമങ്ങളൊന്നും ഫലം കാണുന്നില്ലെന്നും മന്ത്രി പറയുകയുണ്ടായി. റോഡപകട മരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. നഗരങ്ങളില്‍ ഡല്‍ഹിയും.
അതേ വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയമവും നിയന്ത്രണവും ഒരുക്കുക തന്നെ വേണം. ഇതിനായി രാജ്യത്തെ ട്രാഫിക് നിയമങ്ങളെ കുറിച്ച് യുവാക്കളില്‍ ബോധവത്ക്കരണം നടത്തേണ്ടിയിരിക്കുന്നു. നിയമം ലംഘിക്കുന്നവരെ പിടികൂടുവാനായി റോഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. റോഡുകളില്‍ ദിശാസൂചികയ്ക്കായി വ്യക്തമായ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അവിടെ വേഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളുള്‍പ്പെടെ രേഖപ്പെടുത്തണം. നിരന്തരമായുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഗതാഗത, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും തുല്യപങ്കാളികളാണ്. അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കടുത്ത നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്. അതിന് അലംഭാവം വരുമ്പോള്‍ റോഡപകടങ്ങളുടെ ഉത്തരവാദിത്തം ഗവണ്‍മെന്റിനും ഉണ്ട്.
റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യകാരണം റോഡ് നിയമങ്ങള്‍ പാലിക്കാനുള്ള വിമുഖ തന്നെയാണ്. ഇതില്‍ പൊലിയുന്നതോ നിരവധി കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമാണ്. ലോകത്ത് ഡ്രൈവിങ് ലൈസന്‍സ് വളരെ എളുപ്പത്തില്‍ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതേ ഇന്ത്യയില്‍ തന്നെയാണ് റോഡപകടങ്ങളും കൂടുതലായി നടക്കുന്നത്. ലൈസന്‍സ് എടുത്തതുകൊണ്ട് മാത്രം തീരുന്നതല്ല റോഡിലെ നിയമങ്ങള്‍. പാലിക്കപ്പെടേണ്ട ചില മര്യാദകള്‍ കൂടി വാഹനമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ലൈസന്‍സ് വിദേശരാജ്യങ്ങളില്‍ അനുവദനീയമല്ലാത്തതിന്റെ കാരണവും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്.
മറ്റുള്ളവരുടെ ജീവനെ പരിഗണിക്കുന്ന മനോഭാവവും സുരക്ഷാ ബോധവും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുണ്ടാകണം. അത്തരം സംസ്‌കാരം ഉണ്ടാക്കുന്നതിനായി ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. നിയമങ്ങള്‍ പാലിക്കേണ്ടത് സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമാണ് എന്ന അടിസ്ഥാന ബോധമാണ് റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ഉണ്ടാവേണ്ടത്.
അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇരച്ചുകയറുന്ന അപകടമരണങ്ങള്‍ക്ക് സംസ്ഥാനം തുടര്‍ച്ചയായി സാക്ഷ്യംവഹിക്കുകയാണ്. 2021ല്‍ 33,296, 2022ല്‍ 43,910, 2023ല്‍ 48,141 എന്നിങ്ങനെയാണ് സംസ്ഥാനത്തെ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ റോഡപകടങ്ങളുടെ കണക്ക്. 2023 ല്‍ ദിവസേന 131 റോഡപകടങ്ങള്‍ നടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5 ശതമാനവും കേരളത്തിലാണ്.
2022 ഒക്‌ടോബറില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ മരണത്തിന് കാരണമായ വടക്കാഞ്ചേരി വാഹനാപകടത്തെ തുടര്‍ന്ന് അമിതവേഗ നിയന്ത്രണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. വെഹിക്കിള്‍, ആര്‍ടിഒ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ആറ് മണിക്കൂറെങ്കിലും റോഡ് സുരക്ഷയ്ക്കായി നിയോഗിക്കണമെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. എന്നാല്‍ ഈ ശുപാര്‍ശയും പാലിക്കപ്പെട്ടില്ല.
തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞുകയറിയതിന് കാരണം അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമായിരുന്നു. ആലപ്പുഴ കളര്‍കോട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത് റോഡിന്റെ അശാസ്ത്രീയതയും അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ വാഹനത്തില്‍ കയറിയതുമാണ്. പാലക്കാട് പനയമ്പാടത്തെ അപകടത്തിലും റോഡിന്റെ അശാസ്ത്രീയത വലിയ പ്രതിഷേധമാകുന്നതോടൊപ്പം വാഹനത്തിന്റെ അമിതവേഗവും ദുരന്തകാരണമായി. അപകടത്തിന് കാരണമായ ഇരു ലോറികളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.
ലോറി ഡ്രൈവറായ മലപ്പുറം സ്വദേശി പ്രജീഷ് ജോണിനെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിമന്റ് ലോറി ഡ്രൈവറായ പ്രസാദിനെതിരെയും മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി അമിതവേഗത്തില്‍ എത്തി എതിരെ വന്ന സിമന്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിമന്റ് ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പനയമ്പാടത്തെ അപകടം
വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. റോഡിന്റെ ഇറക്കവും വളവുമാണ് അപകട കാരണമെന്നും, അപകടം പതിവായതോടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടത്തിന് കുറവൊന്നുമില്ലെന്നുമാണ് പ്രദേശവാസികളുടെ പ്രതികരണം. ദുരന്തത്തിന് പിന്നാലെ പനയമ്പാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് റോഡിന്റെ നിലവിലെ ഘടനയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത പനയമ്പാടത്തെ റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പാലക്കാട് ഐഐടി തയ്യാറാക്കിയ റിപ്പോര്‍ട്ടും ശരിവയ്ക്കുകയാണ്. റോഡും സൈഡിലെ മണ്ണും തമ്മില്‍ ഉയരവ്യത്യാസമുണ്ടെന്നും ഈ ഭാഗത്ത് 70 കിലോമീറ്റര്‍ വേഗത എന്നത് 30 കിലോമീറ്ററാക്കി ചുരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. പാലക്കാട് കരിമ്പ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് പനയമ്പാടത്തെ റോഡപകടത്തില്‍ മരിച്ചത്.
ക്രിസ്മസ് പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു ദുരന്തമുണ്ടായത്.
റോഡിന്റെ അപാകത മനസ്സിലാക്കാന്‍ നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമായിരുന്ന നാല് ജീവനുകള്‍ നടുറോഡില്‍ പിടയുന്നത് വരെ അധികൃതര്‍ക്ക് കാത്തിരിക്കേണ്ടി വന്നുവെന്നത് ഏറെ ഖേദകരമാണ്.India hides face in front of the world
Content Summay: India hides face in front of the world
road accident nithin gadkari kb ganesh kumar road safety latest news kerala news